/kalakaumudi/media/media_files/2025/12/18/oman-india-2-2025-12-18-13-28-43.jpg)
മസ്‌കറ്റ്: സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യയും ഒമാനും ഇന്ന് ഒപ്പ് വയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖിന്റെയും സാന്നിധ്യത്തിലായിരിക്കും കരാറില്‍ ഒപ്പുവയ്ക്കുക. ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുന്ന കരാറാണ് സാധ്യമാകാന്‍ പോകുന്നത്.
വസ്ത്രം, ഭക്ഷ്യ സംസ്‌കരണം, വാഹനങ്ങള്‍, രത്നങ്ങളും ആഭരണങ്ങളും, അഗ്രോകെമിക്കല്‍സ്, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കയറ്റുമതിക്ക് ഇതിലൂടെ ഇന്ത്യയ്ക്കു വലിയ അവസരങ്ങള്‍ ലഭിക്കും. ഇന്ത്യയിലെ 98% ഉല്‍പന്നങ്ങള്‍ക്കും ഒമാനിലേക്ക് നികുതി രഹിത പ്രവേശനം ഉറപ്പാകും.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10.61 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ഒമാന്‍ ഇന്ത്യയുടെ നാലാമത്തെ വലിയ എണ്ണ ഇതര ഇറക്കുമതി ഉറവിടമാണ്. അതുപോലെ, ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതിയുടെ മൂന്നാമത്തെ വലിയ വിപണിയാണ് ഒമാന്‍. ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ലൈറ്റ് ഓയില്‍, അലുമിനിയം ഓക്സൈഡ്, അരി, ബോയിലറുകള്‍, യന്ത്രങ്ങള്‍, ഇലക്ട്രിക്കല്‍ യന്ത്രങ്ങള്‍, വിമാന ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഏകദേശം 20 വര്‍ഷത്തിനു ശേഷമാണ് ഒമാന്‍ ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കുന്നത്. ഇതിനുമുമ്പ് 2006 ജനുവരിയില്‍ അമേരിക്കയുമായാണ് ഒമാന്‍ സമാനമായ ഒരു കരാര്‍ ഒപ്പുവെച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
