അരുണാചല്‍ യുവതിയെ വിമാനത്താവളത്തില്‍ തടഞ്ഞതില്‍ പ്രതിഷേധം, ചൈനയെ എതിര്‍പ്പറിയിച്ച് ഇന്ത്യ

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും അരുണാചല്‍ സ്വദേശിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി

author-image
Biju
New Update
aruna

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് സ്വദേശിയായ യുവതിയെ ഷാങ്ഹായ് വിമാനത്താവളത്തില്‍ അധികൃതര്‍ 18 മണിക്കൂറോളം തടഞ്ഞുവച്ച സംഭവത്തില്‍ ചൈനയെ ശക്തിമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇന്ത്യക്കാരിയെ തടഞ്ഞുവയ്ക്കുകയും അപമാനിക്കുകയും ചെയ്ത നടപടി അസംബന്ധവും അസ്വീകാര്യവുമാണെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും അരുണാചല്‍ സ്വദേശിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. 

യാത്രക്കാരിയെ തടഞ്ഞുവച്ച നടപടി രാജ്യാന്തര വ്യോമയാന കണ്‍വെന്‍ഷന്‍ തീരുമാനങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. ട്രാന്‍സിറ്റ് യാത്രക്കാരുടെ അവകാശം സംബന്ധിച്ചുള്ള ചിക്കാഗോ, മോണ്‍ട്രിയല്‍ കണ്‍വെന്‍ഷനുകളിലെ ധാരണയുടെ ലംഘനമാണിത്. ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ അനാവശ്യമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. 

അരുണാചല്‍ സ്വദേശിയായ പ്രേമ തോങ്‌ഡോക്ക് എന്ന യുവതിയാണ് ലണ്ടനില്‍നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെ ചൈനയിലെ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തില്‍ ദുരനുഭവമുണ്ടായത്. പാസ്‌പോര്‍ട്ടില്‍ ജനനസ്ഥലമായി അരുണാചല്‍ പ്രദേശ് എന്ന് രേഖപ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ലെന്നുമായിരുന്നു  അധികൃതരുടെ വാദം. 18 മണിക്കൂറോളമാണ് യുവതിയെ തടഞ്ഞുവച്ചത്. 

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വിമാനത്താവള അധികൃതര്‍ അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ 'ചൈനീസ് പൗരയായതുകൊണ്ട് ചൈനീസ് പാസ്പോര്‍ട്ട് എടുക്കണം' എന്ന മറുപടിയാണ് ലഭിച്ചതെന്നും യുവതി പറഞ്ഞു. 

ജപ്പാനിലേക്ക് പോകാന്‍ സാധുവായ വിസ ഉണ്ടായിരുന്നിട്ടും യാത്ര തുടരാന്‍ അനുവദിച്ചില്ല. ഒടുവില്‍ ഷാങ്ഹായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സഹായം തേടി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ജപ്പാനിലേക്കുള്ള യാത്ര തുടരാന്‍ അനുമതി തേടിയെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. ഒടുവില്‍ തായ്ലന്‍ഡ് വഴി ഇന്ത്യയിലേക്ക് ഒരു വിമാനം ബുക്ക് ചെയ്യുകയാണുണ്ടായത്. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കിയതായി യുവതി അറിയിച്ചിരുന്നു.