ന്യൂഡല്‍ഹി: ബ്രിക്‌സ് കൂട്ടായ്മയുടെ 2026 വര്‍ഷത്തേക്കുള്ള അധ്യക്ഷപദവി ഏറ്റെടുത്ത ഇന്ത്യയ്ക്ക് മുന്‍പില്‍ തീരുമാനത്തിനായി കാത്തുകിടക്കുന്നത് 'ബദ്ധവൈരി'യായ പാക്കിസ്ഥാന്റെ അംഗത്വ അപേക്ഷ. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ പത്തിലേറെ രാജ്യങ്ങള്‍ ബ്രിക്‌സില്‍ ചേരാന്‍ അപേക്ഷിച്ചിട്ടുണ്ട്. പാക്കിസ്ഥാന് അംഗത്വം നല്‍കുന്നതിനെ റഷ്യ പരസ്യമായി പിന്തുണച്ചുകഴിഞ്ഞു. സുഹൃദ് രാഷ്ട്രമായ ചൈനയുടെ പിന്തുണയും പാക്കിസ്ഥാന് കിട്ടും. ഇന്ത്യയെന്ത് തീരുമാനിക്കും?
ബ്രിക്‌സില്‍ ചേരാനാഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് പലവിധ മോഹങ്ങളാണുള്ളത്. ചിലര്‍ക്ക് വായ്പ വേണം. ചിലര്‍ക്ക് സ്വാധീനശക്തിയാകണം. ചിലര്‍ ആഗ്രഹിക്കുന്നത് ഏതെങ്കിലും ഒരു ചേരിയില്‍ തളച്ചിടപ്പെടാതെ, പ്രമുഖ കൂട്ടായ്മകളിലെല്ലാം അംഗത്വം. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്‌സിന്റെ സ്ഥാപക അംഗങ്ങള്‍. 2024ല്‍ സൗദി അറേബ്യ, ഇറാന്‍, യുഎഇ, ഈജിപ്ത്, എത്ത്യോപിയ എന്നിവയും 2025ല്‍ ഇന്തൊനീഷ്യയും അംഗത്വം നേടി.
ഇതോടെ ലോകത്തെ ഏറ്റവും പ്രബലമായ കൂട്ടായ്മകളിലൊന്നുമായി ബ്രിക്‌സ്. ലോക ജനസംഖ്യയുടെ ഏതാണ്ട് പാതിയിലധികമാണ് ഇപ്പോള്‍ ബ്രിക്‌സ്. ആഗോള ജിഡിപിയുടെ ഏതാണ്ട് മൂന്നിലൊന്നും. മലേഷ്യ, തായ്‌ലന്‍ഡ്, ക്യൂബ, യുഗാണ്ട, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ബൊളീവിയ, ബെലറൂസ് എന്നിവ ബ്രിക്‌സില്‍ പാര്‍ട്ണര്‍ അംഗങ്ങളാണ്. ഇവ സമ്പൂര്‍ണ അംഗത്വം ആഗ്രഹിക്കുന്നു.
പാക്കിസ്ഥാനാകട്ടെ നിലവില്‍ പാര്‍ട്ണര്‍ അംഗം പോലുമല്ല. ബ്രിക്‌സില്‍ ചേരുന്നതിലൂടെ ആഗോളതലത്തില്‍ കൂടുതല്‍ പ്രസക്തി നേടുക മാത്രമല്ല പാക്കിസ്ഥാന്റെ ലക്ഷ്യം. ബ്രിക്‌സിന്റെ ബാങ്കായ ന്യൂ ഡവലപ്‌മെന്റ് ബാങ്കില്‍ (എന്‍ഡിബി) നിന്ന് വായ്പ തരപ്പെടുത്തുകയുമാണ്. ഇപ്പോള്‍ രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) വായ്പയുടെയും അതുവഴി അവര്‍ പറയുന്ന ചട്ടങ്ങളുടെയും 'ചൊല്‍പ്പടിയിലാണ്' പാക്കിസ്ഥാന്‍. അതില്‍നിന്ന് പുറത്തു കടക്കുക കൂടിയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം.
എന്നാല്‍, ബ്രിക്‌സില്‍ അംഗത്വം തേടുന്ന രാജ്യങ്ങള്‍ക്ക് നിലവിലെ അംഗരാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. മാത്രമല്ല, ഒരു അംഗം എതിര്‍ത്താലും അംഗത്വ അപേക്ഷ നിരസിക്കപ്പെടും. അതായത്, പാക്കിസ്ഥാന്റെ അപേക്ഷ അധ്യക്ഷ പദവികൂടി വഹിക്കുന്ന ഇന്ത്യയ്ക്ക് എളുപ്പത്തില്‍ തള്ളാനാകും. എന്നാല്‍, ബ്രിക്‌സില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് വിപുലീകരിക്കണമെന്ന് വാദിച്ചവരില്‍ മുന്നിലുള്ള ഇന്ത്യ തന്നെ, പുതിയൊരു അംഗത്വ അപേക്ഷ തള്ളുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബ്രിക്‌സിനെ ചൈനയുടെ സ്വാധീനത്തില്‍പ്പെടാതെ സംരക്ഷിക്കുകയെന്ന നിര്‍ണായക ലക്ഷ്യവും ഇന്ത്യയ്ക്കുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
