ലോകത്തിന്റെ ഡ്രോണ്‍ ഹബ്ബാകാന്‍ ഇന്ത്യ

അടുത്തകാലത്തായി ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ക്കും മറ്റ് പ്രതിരോധ ഉപകരണങ്ങള്‍ക്കും വിദേശത്ത് വൻ ഡിമാന്റാണുള്ളത്. ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 2023-23 ല്‍ മൊത്തം 21,083 കോടി രൂപയായി വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

author-image
Rajesh T L
New Update
ii

അടുത്തകാലത്തായി ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ക്കും മറ്റ് പ്രതിരോധ ഉപകരണങ്ങള്‍ക്കും വിദേശത്ത് വൻ ഡിമാന്റാണുള്ളത്. ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 2023-23 ല്‍ മൊത്തം 21,083 കോടി രൂപയായി വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.യുഎസ്,ഫ്രാന്‍സ്,അര്‍മേനിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്ന് ആയുധം വാങ്ങുന്നതില്‍ മുന്‍പന്തിയില്‍.

ഇന്ത്യയിലെ പൊതു-സ്വകാര്യ മേഖലാ കമ്പനികള്‍ ഇപ്പോള്‍ 100 ഓളം രാജ്യങ്ങളിലേക്ക് വലിയ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും മറ്റും കയറ്റി അയക്കുന്നുണ്ട്. കൂടാതെ, ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍, ഡോര്‍ണിയര്‍-228 വിമാനങ്ങള്‍, പീരങ്കി തോക്കുകള്‍, റഡാറുകള്‍, ആകാശ് മിസൈലുകള്‍, പിനാക റോക്കറ്റുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങി ചില സമ്പൂര്‍ണ ആയുധ സംവിധാനങ്ങളും പ്ലാറ്റ്‌ഫോമുകളും ഇന്ത്യന്‍ കമ്പനികള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

മാരകമായ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ ആദ്യം ഇന്ത്യ വിമുഖത കാണിച്ചെങ്കിലും.പിന്നീട് ആയുധകയറ്റുമതിയിലേക്ക് രാജ്യം പതിയെ ചുവടു വയ്ക്കുകയായിരുന്നു.ഇന്ത്യ ഈ രംഗത്തേക്ക് എത്തിയതോടെ നിരവധി രാജ്യങ്ങളാണ് ആയുധങ്ങള്‍ അന്വേഷിച്ച് എത്തുന്നത്.

ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍,പിനാക മള്‍ട്ടി ലോഞ്ച് റോക്കറ്റ് സംവിധാനങ്ങള്‍,155 എംഎം പീരങ്കി തോക്കുകള്‍ എന്നിവയുള്‍പ്പെടെ പൂര്‍ത്തിയായ ആയുധ സംവിധാനങ്ങളുടെ ഇന്ത്യയുടെ ഏറ്റവും വലിയ ഉപഭോക്താവാണിപ്പോള്‍ അര്‍മേനിയ.ഇതുമാത്രമല്ല, മിസൈലുകള്‍,പീരങ്കി തോക്കുകള്‍, റോക്കറ്റ് സംവിധാനങ്ങള്‍,ആയുധം കണ്ടെത്തുന്ന റഡാറുകള്‍,ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍,രാത്രി കാഴ്ച ഉപകരണങ്ങള്‍ തുടങ്ങിയ ഇറക്കുമതി ചെയ്യുന്നതിനായി അര്‍മേനിയ കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയുമായി നിരവധി കരാറുകളില്‍ ഒപ്പു വച്ചിട്ടുണ്ട്.

ബോയിംഗ്,ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സോഴ്‌സിംഗ് ഫ്യൂസ്ലേജ്,വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും മറ്റ് ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഉപ-സിസ്റ്റങ്ങളും ഘടകങ്ങളും ഉള്‍പ്പെടുന്നതാണ് ഇന്ത്യയില്‍ നിന്നുള്ള യുഎസിന്റെ പ്രതിരോധ വാങ്ങലുകള്‍. ഇന്ത്യയില്‍ നിന്ന് ധാരാളം സോഫ്‌റ്റ്വെയറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഫ്രാന്‍സ് ഇറക്കുമതി ചെയ്യുന്നു.

2019-2024 കാലഘട്ടത്തിലെ മൊത്തം ആഗോള ഇറക്കുമതിയുടെ 9.8 ശതമാനത്തോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരായി തുടരുന്നുണ്ട്. രാജ്യം ആഭ്യന്തര പ്രതിരോധ വ്യാവസായിക അടിത്തറ അതിവേഗം വികസിപ്പിക്കുകയും മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ ചില ആയുധ സംവിധാനങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയും ചെയ്യുന്നുണ്ട്.

2023-24 ല്‍, ഇന്ത്യയുടെ വാര്‍ഷിക പ്രതിരോധ ഉല്‍പ്പാദനം 1.2 ലക്ഷം കോടി രൂപ എന്ന റെക്കോര്‍ഡ് നിലയിലെത്തി, അതിനുശേഷം 50,000 കോടി രൂപയുടെ ആയുധ കയറ്റുമതിക്കൊപ്പം 2028-29 ഓടെ 3 ലക്ഷം കോടി രൂപയിലെത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

ലോകത്തിന്റെ ഡ്രോണ്‍ ഹബ്ബായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരിക്കുന്നത്.അതിര്‍ത്തിയില്‍ മാത്രമല്ല, എല്ലാ മേഖലകളിലേയും സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസിലെ ഡിഫന്‍സ് ഡയലോഗ് എന്ന പരിപാടിയില്‍ അദ്ദേഹം പറയുകയുണ്ടായി.

അതിര്‍ത്തിയിലെ ഭീകരതയും സൈബര്‍ ആക്രമണവും  ഉൾപ്പടെ  ഇന്ത്യ വിവിധ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ശക്തമായി നേരിടുന്നതിന് അഡാപ്റ്റീവ് ഡിഫെന്‍സ് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് രാജ്യം.മുന്‍കൂട്ടിക്കണ്ട് ഇവ ചെറുത്ത് വെല്ലുവിളി ഇല്ലാതാക്കുന്ന രീതിയാണിത്. ഭാവിയിലെ എല്ലാ വെല്ലുവിളികളേയും പ്രതിരോധിക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണിതെന്നും, അദ്ദേഹം പറഞ്ഞു.

ഗ്രേ സോണിന്റെയും ഹൈബ്രിഡ് യുദ്ധമുഖങ്ങളുടേയും കാലഘട്ടമാണിത്.അതുകൊണ്ടുതന്നെ അതിനൂതന സാങ്കേതിക വിദ്യകള്‍ പ്രതിരോധ മേഖലയില്‍ കൊണ്ടുവരണം. ലോകത്തിന്റെ ഡ്രോണ്‍ ഹബായി മാറാനുള്ള ലക്ഷ്യത്തിലാണ് ഇന്ത്യ. ഇത് നമ്മുടെ സമ്പദ് വ്യസ്ഥയുടെ പുരോഗതിക്കും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായുള്ള മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും മുതല്‍ക്കൂട്ടാകും. ഇന്ത്യയെ ലോകത്തിന്റെ ഡ്രോണ്‍ ഹബാക്കി മാറ്റാന്‍ സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. വിവിധ പദ്ധതികളുടെ സഹായത്തോടെയുള്ള കണ്ടെത്തലുകള്‍ക്ക് പ്രതിഫലവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്രോണുകളും പുത്തന്‍ സാങ്കേതിക വിദ്യകളും,യുദ്ധ രീതികളിലും തന്ത്രങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കര, ജലം, വായു എന്നീ മൂന്ന് തലങ്ങളെ അടിസ്ഥാനമാക്കിയുള്ള പഴയ യുദ്ധരീതിതന്നെ മാറിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ഡ്രോണുകളുടെ കണ്ടുപിടിത്തവും പ്രതിരോധമേഖലയിലും പ്രതിഫലിച്ചു. ഇന്ത്യ നിലവില്‍ നൂറിലധികം രാജ്യങ്ങള്‍ക്കായി പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

2023 -2024 ല്‍ അമേരിക്ക, ഫ്രാന്‍സ്, അര്‍മേനിയ എന്നീ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ്  രാജ്യം പ്രതിരോധ ഉപകരണങ്ങള്‍ കൂടുതലും നല്‍കിയിട്ടുള്ളത്. 2029 ആകുമ്പോഴേക്കും  50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയെന്ന ലക്ഷ്യം കൈവരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ ആധുനിക ലോകത്തെ സുരക്ഷാ സംവിധാനങ്ങളില്‍ അത്യന്താപേക്ഷിതമായ ഡ്രോണ്‍ മേഖലയില്‍ നിര്‍ണായക സ്ഥാനം ഇന്ത്യ നേടുമെന്നും ഉറപ്പായിരിക്കുകയാണ്.

news Bussiness News Breaking News india drone