അത്യാധുനിക റഡാര്‍ സംവിധാനം റഷ്യയില്‍ നിന്നു വാങ്ങാനൊരുങ്ങി ഇന്ത്യ

ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്താണ് റഷ്യ. പുതിയ സൗഹൃദങ്ങള്‍ക്കിടയിലും ഇന്ത്യ കാത്തുസൂക്ഷിക്കുന്ന അപൂര്‍വ ബന്ധം. റഷ്യയുടെ സമീപനവും അങ്ങനെ തന്നെ. ഭരണമാറ്റങ്ങളൊന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ബാധിച്ചിട്ടേയില്ല.

author-image
Rajesh T L
New Update
russia

ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്താണ് റഷ്യ. പുതിയ സൗഹൃദങ്ങള്‍ക്കിടയിലും ഇന്ത്യ കാത്തുസൂക്ഷിക്കുന്ന അപൂര്‍വ ബന്ധം. റഷ്യയുടെ സമീപനവും അങ്ങനെ തന്നെ. ഭരണമാറ്റങ്ങളൊന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ബാധിച്ചിട്ടേയില്ല.

അത്യാധുനിക റഡാര്‍ സംവിധാനം റഷ്യയില്‍ നിന്നു വാങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഈ റഡാര്‍ സംവിധാനം. നാല് ബില്യണ്‍ ഡോളര്‍ അഥവാ 3 ലക്ഷം കോടി മുടക്കിയാണ് ഭീമന്‍ റഡാര്‍ സംവിധാനം ഇന്ത്യ സ്വന്തമാക്കുന്നത്.വൊറോണിഷ് റഡാര്‍ സംവിധാനമാണ് റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. 

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഇതു സംബന്ധിച്ച് റഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടന്നിരുന്നു.റഷ്യന്‍ കമ്പനിയായ അല്‍മാസ് അന്റെയ് കോര്‍പ്പറേഷനാണ്  റഡാര്‍ സംവിധാനമായ വെറോണിഷ് വികസിപ്പിച്ചെടുത്തത്. ഈ സംവിധാനത്തിന്റെ പ്രത്യേകതകളും പുറത്തുവിട്ടിട്ടുണ്ട്.8000 കിലോ മീറ്റര്‍ വരെ സംരക്ഷണം ഒരുക്കാന്‍ ഈ റഡാര്‍ സംവിധാനത്തിന് ശേഷിയുണ്ട്. ഈ പരിധിയില്‍ നിന്നുള്ള ഏത് തരത്തിലുള്ള ആക്രമണത്തെയും തിരിച്ചറിയാന്‍ വെറോണിഷിന് കഴിയും. 

ബലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഭൂഖണ്ഡാന്തര മിസൈലുകള്‍ തുടങ്ങിയവയെ നിരീക്ഷിക്കാനാകും. മാത്രമല്ല, മറ്റൊരു പ്രത്യേകതയും വൊറോണിഷിനുണ്ട്.നിരീക്ഷണ പരിധി 10,000 കിലോ മീറ്ററായി വര്‍ധിപ്പിക്കാനും കഴിയും.8000 കിലോ മീറ്റര്‍ അകലെ നിന്നുള്ള ഏത് ആക്രമണത്തേയും തിരിച്ചറിയാമെന്ന്  മാത്രമല്ല, ഒരേസമയം 500 ഒബ്ജക്ടുകള്‍ ട്രാക്ക് ചെയ്യാനാവും എന്ന സവിശേഷതയുമുണ്ട്. ലോകത്തുള്ള ഏത് സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകളേയും കണ്ടെത്താന്‍ ഈ റഡാര്‍ സംവിധാനത്തിന് ശേഷിയുണ്ട്.ഭൂമിക്ക് സമീപത്തുള്ള ബഹിരാകാശ വസ്തുക്കളടക്കം റഡാറിന്റെ നിരീക്ഷണ പരിധിയില്‍ ഉള്‍പ്പെടും. ഇത് ബഹിരാകാശ ഗവേഷണങ്ങളിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും എന്നാണ് വിലയിരുത്തല്‍.

വൊറോണിഷ് സംവിധാനം ഇന്ത്യയുടെ പ്രതിരോധമേഖലയില്‍ സുപ്രധാന കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് നിഗമനം.ചൈനയില്‍ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള ഭീഷണികള്‍ ഫലപ്രദമായി പ്രതിരോധിക്കാനും ഈ റഡാര്‍ സംവിധാനം സഹായിക്കും.മേഖലയില്‍ കരുത്തരായി നില്‍ക്കാനും ഇന്ത്യയെ സഹായിക്കും.നിലവിലെ ലോക സാഹചര്യത്തില്‍ സുപ്രധാനമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ഈ കരാര്‍.റഷ്യയില്‍ നിന്ന് ഇന്ത്യ റഡാര്‍ സംവിധാനം വാങ്ങുന്നത് കേവലം ഒരു സൈനിക ശക്തി നവീകരിക്കാന്‍ റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ ശ്രമങ്ങളെ ഇന്ത്യ പരസ്യമായി ധിക്കരിക്കുകയാണ് ഈ കരാറിലൂടെ  പ്രഖ്യാപിക്കുന്നതെന്നാണ്  വിലയിരുത്തല്‍. 

ചൈന,ദക്ഷിണേഷ്യ,മിഡില്‍ ഈസ്റ്റ്,ഇന്ത്യന്‍ മഹാസമുദ്ര മേഖലയടക്കം ഇന്ത്യയുടെ നിരീക്ഷണ വലയത്തിലാക്കാന്‍ കഴിയുന്നതാണ് ഈ റഡാര്‍ സംവിധാനം.ചൈനയുടെ സ്‌റ്റൈല്‍ത്ത് ഫൈറ്റര്‍ ജെ- 35 എ വാങ്ങാന്‍ പാകിസ്ഥാൻ നീക്കം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ചൈന സ്വന്തമായി വികസിപ്പിച്ച യുദ്ധവിമാനമാണ് ജെ-35എ. വിമാനവാഹിനികളില്‍ നിന്നുള്‍പ്പെടെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും ഇതിന്   ശേഷിയുണ്ട്. 

അത്യാധുനിക ഏവിയോണിക്സ് സംവിധാനങ്ങളുള്ള ജെ-35എയില്‍ റഡാര്‍ നിരീക്ഷണത്തില്‍പ്പെടാതെ പറക്കാന്‍ കഴിയുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുണ്ടെന്നാണ് ചൈന അവകാശപ്പെടുന്നത്.വൊറോണിഷ് എത്തുന്നതോടെ അയൽ രാജ്യങ്ങളില്‍ നിന്നുള്ള ഏത് ഭീഷണിയും ഫലപ്രദമായി നേരിടാന്‍ ഇന്ത്യയ്ക്ക് കഴിയും.കഴിഞ്ഞ മാസമാണ് ഇന്ത്യയും റഷ്യയും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.കേന്ദ്രസര്‍ക്കാരിന്റെ 'മേയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൊറോണിഷ് റഡാര്‍ സംവിധാനത്തിന്റെ 60% ഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള താത്പര്യവും ഇന്ത്യ പ്രകടിപ്പിച്ചിരുന്നു.ഇതിന് ഏതെങ്കിലും ഇന്ത്യന്‍ കമ്പനിയുമായി റഷ്യന്‍ കമ്പനിയായ അല്‍മാസ് അന്റെയ് സഹകരിക്കേണ്ടി വരും.റഷ്യയുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാകും റഡാര്‍ വിന്യസിക്കുക.

radar India Russia Relation russia