ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യ ഉപയോഗിച്ച പ്രധാന പോര്‍വിമാനങ്ങളില്‍ ഒന്നാണ് റഫാല്‍. റഫാല്‍ തകര്‍ന്നോയെന്ന ചോദ്യത്തിന് പോര്‍മുഖത്ത് നഷ്ടം സ്വാഭാവികമെന്നും ലക്ഷ്യമാണ് പ്രധാനമെന്നുമാണ് സൈന്യത്തിന്‍റെ മറുപടി. വീണ്ടും ചര്‍ച്ചകളില്‍ നിറയുന്ന റഫാലിനെക്കുറിച്ച് കൂടുതലറിയാം.
അത്യാധുനിക പോര്‍വിമാനം. മണിക്കൂറിൽ രണ്ടായിരം കിലോമീറ്ററിലേറെ വേഗത, 50,000 അടിവരെ ഉയരത്തില്‍ പറക്കാം. ഒറ്റപ്പറക്കലില്‍ 3,700 കിലോമീറ്റർ വരെ പരിധി. വായുവിൽ നിന്ന് വായുവിലേക്കും കരയിലേക്കും ഏതുപ്രതലത്തിലേക്കും ആക്രമണം നടത്താനുള്ള ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷി.
റഫാല്‍ വിമാനങ്ങള്‍ക്ക് പ്രത്യേകയേറെയാണ്. ഫ്രാൻസിലെ ഡസോ കമ്പനിയാണ് റഫാൽ വികസിപ്പിക്കുന്നത്. പാക്കിസ്ഥാനും ചൈനയുമുയര്‍ത്തുന്ന ഭീഷണി നേരിടാന്‍ ആധുനിക യുദ്ധവിമാനങ്ങള്‍ വേണമെന്ന വ്യോമസേനയുടെ ആവശ്യപ്രകാരമാണ് ഇന്ത്യ റഫാല്‍ വിമാനങ്ങള്‍ വാങ്ങിയത്. 36 പൂർണ യുദ്ധസജ്ജമായ റഫാലുകള്‍ വാങ്ങാന്‍ 59,000 കോടി രൂപ ചെലവായി.
ഇടപാടില്‍ കോണ്‍ഗ്രസ് അഴിമതി ആരോപിച്ചിരുന്നു, എന്നാല്‍ അഴിമതി ആരോപിച്ചുള്ള ഹര്‍ജികളെല്ലാം സുപ്രീം കോടതി തള്ളി. 22 റഫാല്‍ മറീന്‍ യുദ്ധവിമാനങ്ങള്‍കൂടി വാങ്ങാന്‍ 64,000 കോടി രൂപയുടെ കരാറിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സിനുപുറമേ ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും റഫാലുകള്‍ ഉപയോഗിക്കുന്നു.