അമേരിക്കയില്‍ നിന്ന് 18,000 പൗരന്മാരെ തിരിച്ചുവിളിക്കാന്‍ ഇന്ത്യ

ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,000ത്തിലധികം അനധികൃത താമസക്കാരായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

author-image
Biju
New Update
njafd

India Us

ന്യൂഡല്‍ഹി: അമേരിക്കയില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. അനധികൃതമായി താമസിക്കുന്ന 1.45 ദശലക്ഷം ആളുകളുടെ പേരുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് തയ്യാറാക്കിയിരിക്കുന്നത്. 

ഈ പട്ടിക പ്രകാരം 18,000 ഇന്ത്യക്കാരാണ് രേഖകളില്ലാതെ യുഎസില്‍ കഴിയുന്നത്. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ-യുഎസ് സഹകരണത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റം തടയുന്നതിനുളള ശ്രമങ്ങള്‍ നടക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,000ത്തിലധികം അനധികൃത താമസക്കാരായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ട്രംപ് അധികാരമേറ്റ ഉടന്‍ തന്നെ സമവായത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനാലാണ് മതിയായ രേഖകളില്ലാതെ താമസിക്കുന്നവരെ നാടുകടത്താനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നത്. അനധികൃത കുടിയേറ്റത്തില്‍ യുഎസ് ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.

അതേസമയം, എച്ച്-1ബി വീസയില്‍ വിദേശികള്‍ എത്തുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയിലേക്ക് കഴിവുള്ള ആളുകള്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. എഞ്ചിനീയര്‍മാര്‍ മാത്രമല്ല എല്ലാ മേഖലകളിലും ഉള്ളവര്‍ രാജ്യത്തേക്ക് വരണം. 

എന്നാല്‍ യോഗ്യതകള്‍ ഇല്ലാത്തവരെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ടെസ്ല ഉടമയായ എലോണ്‍ മസ്‌കിനെപ്പോലുള്ള ട്രംപിന്റെ അടുത്ത വിശ്വസ്തര്‍, യോഗ്യതയുള്ള ടെക് പ്രൊഫഷണലുകളെ കൊണ്ടുവരുന്നതിനായി എച്ച്-1ബി വീസയെ പിന്തുണയ്ക്കുമ്പോള്‍, മറ്റ് പലരും തദ്ദേശിയരുടെ തൊഴിലവസരം ഇല്ലാതാക്കുന്നു എന്ന് ആരോപിച്ച് അതിനെ എതിര്‍ക്കുന്നുണ്ട്. 

എച്ച്-1ബി വീസയുടെ ഇരു വാദഗതികളെയും അംഗീകരിക്കുന്നു വെന്നും കഴിവുള്ള ആളുകള്‍ നമ്മുടെ രാജ്യത്തേക്ക് വരാന്‍ അനുവദിക്കണം എന്നാണ് നിലപാടെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.