/kalakaumudi/media/media_files/2025/09/22/piyushgoyal-11-6-2024-2025-09-22-12-10-50.jpg)
വാഷിങ്ടൺ: ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾക്കായി കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയൽ അമേരിക്കയിലേക്ക്.
ഇന്ത്യ യുഎസ് വ്യാപാര കരാർ ചർച്ചകൾ ഇന്ന് ന്യൂയോർക്കിൽ പുനരാരംഭിക്കും.
വാണിജ്യ മന്ത്രി പിയുഷ് ഗോയൽ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ന്യൂയോർക്കിലെത്തും.
യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക്, യുഎസ് വ്യാപാര പ്രതിനിധി ജേമിസൺ ഗ്രിയർ, അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച് എന്നിവർ ചർച്ചകളുടെ ഭാഗമാകും.
ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാർ ഉടൻ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ സജീവമാണെന്നും വൃത്തങ്ങൾ പറയുന്നു.
അതേസമയം, ഇന്ത്യ- യുഎസ് ചർച്ചകളിൽ H1ബി വിസയുടെ ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട ആശങ്ക ഇന്ത്യ അറിയിക്കും.
യുഎസിന്‍റെ വിസ ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി.
വിദേശകാര്യമന്ത്രി ഉൾപ്പടെയുള്ളവരുമായി പ്രധാനമന്ത്രി സംസാരിച്ചു. മാർക്കോ റൂബിയോയെ ഇന്ന് എസ് ജയശങ്കർ കാണും.
യുഎസ് ഏർപ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
പുതിയ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ചുമത്തിയത്.
ഇന്ന് ഇന്ത്യൻ സമയം രാവിലെ 9:31 മുതലാണ് ഫീസ് ഈടാക്കുക. നിലവിലെ H1ബി വീസകൾക്ക് ഇത് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം, പുതിയ ട്രംപ് നയത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് രം​ഗത്തെത്തി.
ട്രംപ് ഭരണകൂടവുമായി ചർച്ചകൾ നടത്തുമെന്നും ചേംബർ അറിയിച്ചു. പുതിയ വിശദീകരണമനുസരിച്ച് പുത്തൻ വിസകൾക്ക് മാത്രമാണ് ഭീമൻ ഫീസ്.
നിലവിൽ വിസയുള്ളവർ അമേരിക്കയ്ക്ക് പുറത്ത് യാത്രയിലാണെങ്കിൽ തിരിച്ചെത്തുമ്പോൾ ഈ ഫീസ് അടയ്ക്കേണ്ടതില്ല.
നിലവിലുള്ള വിസ പുതുക്കാനും ഫീസടയക്കേണ്ട. ഒരു ലക്ഷം ഡോളർ വാർഷിക ഫീസല്ല ഒറ്റത്തവണ അടയ്ക്കേണ്ട തുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
