/kalakaumudi/media/media_files/2025/07/06/shuibadf-2025-07-06-14-53-13.jpg)
തിരുവനന്തപുരം: ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കമുള്ള സഞ്ചാരികളെ വഹിച്ചുകൊണ്ട് ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) കേരളത്തില്‍ നിന്ന് നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ സുവര്‍ണാവസരം.
ജൂലൈ ആറാം തീയതി രാത്രി 7.56 മുതല്‍ 7.59 വരെ തെക്കുപടിഞ്ഞാറന്‍ മാനത്ത് കൂടി സഞ്ചരിക്കുന്ന ഐഎസ്എസ് നഗ്നനേത്രങ്ങള്‍ കൊണ്ട് കേരളക്കരയില്‍ കാണാം. തെളിച്ചമുള്ള ആകാശമാണെങ്കില്‍ നിലയം വ്യക്തമായി കാണാന്‍ കഴിയും. ഇതിന് ശേഷം ജൂലൈ ഒമ്പതിനും അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ സഞ്ചരിക്കും. 9-ാം തീയതി പുലര്‍ച്ചെ 5.50 മുതല്‍ 5.57 വരെയാണ് വടക്ക് പടിഞ്ഞാറ് ദിശയില്‍ ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക.
ഒരു ദിവസം പല തവണ ഭൂമിയെ ചുറ്റുമെങ്കിലും ഈ നിലയം ഒരു നിശ്ചിതസ്ഥലത്തുനിന്ന് കാണാനുള്ള അവസരം അപൂര്‍വമായേ ഒത്തുവരാറുള്ളൂ. മാത്രമല്ല, ഇന്ത്യക്കാരന്‍കൂടി ഉള്‍പ്പെടുന്ന പേടകത്തെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുക എന്നത് അപൂര്‍വ കാഴ്ചയുമായിരിക്കും. ഇന്നു രാത്രി 7.56 ആകുമ്പോള്‍ തെക്കുപടിഞ്ഞാറന്‍ മാനത്ത് നിലയം പ്രത്യക്ഷപ്പെടും.
7.59 ആകുമ്പോള്‍ ആകാശത്തൂടെ സഞ്ചരിച്ച് 8.03 ആകുമ്പോഴേക്കും വടക്കുകിഴക്കന്‍ മാനത്ത് അപ്രത്യക്ഷമാകും. മഴക്കാറില്ലാത്ത ആകാശമാണെങ്കില്‍ ഏതാണ്ട് ആറര മിനിറ്റ് സമയം അതീവശോഭയുള്ള നക്ഷത്രം പോലെ ഈ നിലയം സഞ്ചരിക്കുന്നതായി കാണാം. നാളെ രാത്രി 7.10 ആകുമ്പോഴും തെക്കുകിഴക്കന്‍ മാനത്ത് ഐഎസ്എസിനെ കാണാമെങ്കിലും അത്ര മെച്ചപ്പെട്ട കാഴ്ച ആകണമെന്നില്ല. എന്നാല്‍ 9ന് പുലര്‍ച്ചെ 5.50ന് വടക്കുപടിഞ്ഞാറന്‍ മാനത്ത് പ്രത്യക്ഷപ്പെടുന്ന നിലയം 5.53 ആകുമ്പോള്‍ ആകാശത്തിലൂടെ സഞ്ചരിച്ച് 5.57ന് തെക്കുകിഴക്കന്‍ മാനത്ത് അപ്രത്യക്ഷമാകും. അത് നല്ല തിളക്കത്തിലുള്ള കാഴ്ചയായിരിക്കും.
കാല്‍ നൂറ്റാണ്ടിലധികമായി ബഹിരാകാശത്ത് ഭൂമിയെ ചുറ്റുന്ന ഐഎസ്എസിന് ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുണ്ട്. യുഎസ്, റഷ്യ, ജപ്പാന്‍ തുടങ്ങി 15 രാജ്യങ്ങളുടെ സംയുക്ത സംരംഭമാണിത്. മണിക്കൂറില്‍ 27,500 കി.മീ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ നിലയം ഭൂമിയില്‍ നിന്ന് ഏതാണ്ട് 400 കി.മീ ഉയരത്തിലാണ്. സാധാരണയായി സന്ധ്യക്കും പുലര്‍കാലത്തുമാണ് പേടകത്തെ കാണാന്‍ കഴിയുക. 90 മിനിറ്റാണ് ഒരു തവണ ഭൂമിയെ ഭ്രമണം ചെയ്യാന്‍ നിലയത്തിനു വേണ്ടത്. സൂര്യരശ്മി തട്ടി പ്രതിഫലിച്ചാണ് കാഴ്ച സാധ്യമാകുന്നതെന്ന് അമച്വര്‍ വാനനിരീക്ഷകന്‍ സുരേന്ദ്രന്‍ പുന്നശേരി പറഞ്ഞു.
ആക്സിയം 4 ദൗത്യത്തില്‍ എത്തിയ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയടക്കം 11 സഞ്ചാരികളാണ് നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്. ആക്സിയം ദൗത്യത്തില്‍ ശുഭാംശുവിനൊപ്പം ഐഎസ്എസില്‍ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരും എത്തിച്ചേര്‍ന്നിരുന്നു. 113 ദിവസമായി ഐഎസ്എസില്‍ കഴിയുന്ന സ്പേസ് എക്സ് ക്രൂ 10 ദൗത്യത്തില്‍പ്പെട്ട ആനി മക്ലൈന്‍, നിക്കേള്‍ അയേഴ്സ്, കിരിള്‍ പെസ്‌കോവ്, തകുയാ ഒനീഷി എന്നിവരാണ് നിലയത്തിലുള്ള മറ്റൊരു സംഘം. ഐഎസ്എസിലെ റഷ്യന്‍ മൊഡ്യൂളില്‍ മൂന്ന് കോസ്മോനട്ടുകളും കഴിയുന്നു.
താഴ്ന്ന ഭൂ-ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ ഐഎസ്എസ്. ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഐഎസ്എസ് മണിക്കൂറില്‍ 27000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. നിലയം ഒരു ദിവസം 15.54 തവണ ഭൂമിയെ വലംവയ്ക്കുന്നു.