/kalakaumudi/media/media_files/2025/08/03/us-2025-08-03-15-44-09.jpg)
ന്യൂയോര്‍ക്ക്: യുഎസില്‍ കാണാതായ ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബത്തെ കാറപകടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആശാ ദിവാന്‍ (85), കിഷോര്‍ ദിവാന്‍ (89), ശൈലേഷ് ദിവാന്‍ (86), ഗീതാ ദിവാന്‍ (84) എന്നിവരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മാര്‍ഷല്‍ കൗണ്ടി ഷെരീഫ് മൈക്ക് ഡൗഹെര്‍ട്ടി സ്ഥിരീകരിച്ചു. വെസ്റ്റ് വിര്‍ജീനിയയിലെ ആത്മീയ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ജൂലൈ 29-ന് പെന്‍സില്‍വാനിയയിലെ ബര്‍ഗര്‍ ഷോപ്പിലാണ് ഇവരെ അവസാനമായി കണ്ടത്.
ഇകെഡബ്ല്യു2611 ടൊയോട്ട കാറിലാണ് ഇവര്‍ വെസ്റ്റ് വിര്‍ജീനിയയിലെ മാര്‍ഷല്‍ കൗണ്ടിയിലുള്ള പ്രഭുപാദ പാലസ് ഓഫ് ഗോള്‍ഡിലേക്ക് യാത്ര തിരിച്ചത്. ബര്‍ഗര്‍ കടയിലെ നിരീക്ഷണ ക്യാമറകളില്‍, നാലംഗ സംഘത്തിലെ രണ്ടു പേര്‍ റെസ്റ്റോറന്റിലേക്ക് കയറുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇവരുടെ അവസാനത്തെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടും ഇതേ സ്ഥലത്താണ് നടന്നത്. കുടുംബം പിറ്റ്‌സ്ബര്‍ഗിലേക്കും അവിടെ നിന്ന് വെസ്റ്റ് വിര്‍ജീനിയയിലെ മൗണ്ട്‌സ്വില്ലേയിലേക്കും പോവുകയായിരുന്നുവെന്ന് മാര്‍ഷല്‍ കൗണ്ടി ഷെരീഫ് മൈക്ക് ഡൗഗെര്‍ട്ടി പറഞ്ഞു.