/kalakaumudi/media/media_files/2025/01/17/rk5lavONN4sVNttzyUmF.jpg)
Narendramodi and Prabowo Subianto
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് പ്രേബോവോ സുബിയാന്തോ മുഖ്യാതിഥിയാകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രസിഡന്റായശേഷം ആദ്യമായാണ് അദ്ദേഹം രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്നത്. പരസ്പരതാത്പര്യമുള്ള പ്രാദേശിക, ആഗോളവിഷയങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്യും.
ഇന്ത്യ ഇന്തോനീഷ്യ നയതന്ത്രബന്ധത്തിന്റെ 75 വര്‍ഷം 2024ല്‍ കടന്നുപോയിരുന്നു.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ട്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരമായി തുടര്‍ന്നു പോരുന്നതു കൊണ്ടു തന്നെ ആഭ്യന്തര ചര്‍ച്ചകളിലൊന്നും ഇന്തോനേഷ്യയുടെ പേര് അധികം ഉയര്‍ന്നു കേള്‍ക്കാറില്ല. ഒരു മുസ്ലീം രാജ്യമായ ഇന്തോനേഷ്യ അതിന്റെ ഹൈന്ദവ പാരമ്പര്യത്തെ ഇന്നും ബഹുമാനിക്കുന്ന രാജ്യമാണ്. ഇന്ത്യയിലെ മുസ്ലീം സമൂഹത്തിന് അവരില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.
സമീപകാലത്ത് ചില വിമത മുന്നേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്തോനേഷ്യന്‍ സമൂഹത്തിന്റെ വളര്‍ച്ചക്കും രാജ്യസുരക്ഷക്കും വിഘാതമാകുന്ന നീക്കങ്ങളെ തടയാന്‍ ഇന്തോനേഷ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്തോനേഷ്യയിലെ ഹൈന്ദവ പാരമ്പര്യത്തിന് രണ്ടു സഹസ്രാബ്ദത്തിലേറെ പഴക്കമുണ്ട്. ഇന്തോനേഷ്യന്‍ ദ്വീപുകളില്‍ ജാവനീസ്, ബാലിനീസ് മതങ്ങള്‍ക്കൊപ്പം ഹിന്ദുമതവും പ്രചാരത്തിലുണ്ടായിരുന്നു. ശ്രീവിജയ, മജാപഹിത് സാമ്രാജ്യങ്ങളുടെ തകര്‍ച്ചക്കും മുസ്ലീം സമൂഹത്തിന്റെ വരവിനും പിന്നാലെ ഹിന്ദുമതം ബാലി ദ്വീപ് പോലുള്ള കുറച്ചു പ്രദേശങ്ങളിലേക്കു മാത്രമായി ചുരുങ്ങി. ഇന്തോനേഷ്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഹിന്ദു ജനസംഖ്യയുള്ളത് ബാലി ദ്വീപിലാണ്.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായാണ് ഇന്തോനേഷ്യ അറിയപ്പെടുന്നതെങ്കിലും ഇന്തോനേഷ്യന്‍ സമൂഹത്തില്‍ ഹിന്ദുമതത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഹിന്ദു ദൈവങ്ങള്‍ ഇപ്പോഴും ഇന്തോനേഷ്യയില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നുണ്ട്.
രാമായണത്തിനും മഹാഭാരതത്തിനും ഇന്തോനേഷ്യക്കാരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഇന്തോനേഷ്യക്കാര്‍ അവ വിശുദ്ധ ഗ്രന്ഥങ്ങളായാണ് കണക്കുന്നത്. സെന്‍ട്രല്‍ ജക്കാര്‍ത്തയിലുള്ള അര്‍ജുന്റെ വിജയ രഥ പ്രതിമയും ജലധാരയും കണ്ടാല്‍ ഇക്കാര്യം വ്യക്തമാകും. ശ്രീകൃഷ്ണന്‍ നയിക്കുന്ന രഥത്തില്‍ അമ്പും വില്ലും പിടിച്ചു നില്‍ക്കുന്ന അര്‍ജ്ജുനനെ ആണ് ഈ പ്രതിമയില്‍ കാണുന്നത്.
ഇനി രാമായണത്തിന്റെ കാര്യത്തിലേക്കു വരാം. ഇന്തോനേഷ്യയില്‍ ഇന്നും ഏറ്റവും പ്രചാരത്തിലുള്ള പേരുകളില്‍ ഒന്നാണ് സീത. സത്ഗുണസമ്പന്നയായ സ്ത്രീ, ദേവി എന്നൊക്കെയാണ് ഈ പേരിന്റെ അര്‍ത്ഥം. രാജ്യത്തെ ചില സമൂഹങ്ങള്‍ ശിവലിംഗം സ്ഥാപിച്ച് ശിവനെ ആരാധിച്ചിരുന്നു എന്നതിന്, ഇന്തോനേഷ്യയിലെ ചില പ്രദേശങ്ങളില്‍ നടത്തിയ പുരാവസ്തു ഗവേഷണങ്ങളില്‍ നിന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ശിവലിംഗം, പാര്‍വതീ ദേവിയുടെ വിഗ്രഹം, കാര്‍ത്തികേയ വിഗ്രഹം, ഗണേശ വിഗ്രഹം തുടങ്ങിയവയെല്ലാം ഖനനം ചെയ്തപ്പോള്‍ ലഭിച്ചിട്ടുണ്ട്. ഇന്നും, ഹിന്ദു ഭൂരിപക്ഷമായ ബാലിയില്‍ പോയാല്‍ ഇന്തോനേഷ്യയിലെ ഹൈന്ദവ ജീവിതരീതികള്‍ കാണാം. ഇവിടുത്തെ പ്രധാന ക്ഷേത്രമായ പ്രംബനന്‍ ക്ഷേത്രം സന്ദര്‍ശിക്കാനും നിരവധി പേര്‍ എത്താറുണ്ട്.
ഇന്തോനേഷ്യയിലെ ഹൈന്ദവ സ്വാധീനം ഇവിടം കൊണ്ടും തീരുന്നില്ല. ഇന്തോനേഷ്യയുടെ ദേശീയ വിമാനവാഹിനിക്കപ്പലിന് ഗരുഡ ഇന്തോനേഷ്യ എന്നാണ് പേരിട്ടത്. സംസ്‌കൃത ഭാഷയോടും ഇന്തോനേഷ്യക്കാര്‍ക്ക് വലിയ ബഹുമാനമാണ്. ഇന്തോനേഷ്യന്‍ ഭാഷയിലെ 'ബഹാസ' എന്ന വാക്ക് 'ഭാഷ' എന്ന സംസ്‌കൃത വാക്കില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്.
പല ഇന്തോനേഷ്യക്കാരും, അവരുടെ മതം പോലും നോക്കാതെ വിഷ്ണു, സൂര്യ, ഇന്ദ്രന്‍, ആര്യ, പുത്ര, ആദിത്യ, സീത തുടങ്ങിയ ഹിന്ദു പേരുകള്‍ മക്കള്‍ക്ക് നല്‍കാറുണ്ട്. ഇത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. പ്രത്യേകിച്ചും, ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യത്താണ് ഇത് സംഭവിക്കുന്നത് എന്നോര്‍ക്കുമ്പോള്‍.
മതതീവ്രവാദത്തെയോ അക്രമത്തെയോ രാജ്യം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഒരു കാലത്ത് ഹൈന്ദവികതയുടെയും സനാതന ധര്‍മങ്ങളുടെയും ഈറ്റില്ലങ്ങളായിരുന്ന പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ന് അതില്‍ നിന്നെല്ലാം ഏറെ പിന്നോട്ടു പോയെന്നോര്‍ക്കണം.