വാഷിങ്ടൺ: വാഹനാപകടത്തിൽ കോമയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി നീലം ഷിൻഡെയുടെ കുടുംബത്തിന് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് യുഎസ് വീസയ്ക്ക് അനുമതി ലഭിച്ചു. യുവതിയുടെ കുടുംബത്തിന് വീസ അനുവദിക്കണം എന്ന് വിദേശകാര്യ വകുപ്പ് അമേരിക്കയോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നടപടി.
വാഹനം ഓടിച്ചിരുന്ന ലോറൻസ് ഗാലെയെ പൊലീസ് അറസ്റ്റു ചെയ്തു.
ഫെബ്രുവരി 14ന് ആണ് നീലത്തിന് കാലിഫോർണിയയിൽ വച്ചു അപകടം ഉണ്ടാകുന്നത്. ഗുരുതര പരിക്കുകളോടെ യുസി ഡേവിസ് ആശുപത്രിയിൽ എത്തിച്ചത്. ഉടൻ തന്നെ മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തിരുന്നു.
നെഞ്ചിനും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നെഞ്ചിനു ഏറ്റ പരിക്കാണ് യുവതി കോമയിൽ ആകാൻ കാരണം എന്ന് വിവരം ലഭിച്ചു. വീസ അനുവദിച്ചതിൽ സംസ്ഥാന-കേന്ദ്ര ഗവൺമെന്റുകൾക്ക് നീലത്തിന്റെ കുടുംബം നന്ദി അറിയിച്ചു. എൻസിപി എംപി സുപ്രിയ സുലെ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്നാണ് വീസ ലഭിച്ചത്.
മഹാരാഷ്ട്രയിലെ സത്ര ജില്ലയാണ് നീലത്തിന്റെ സ്വദേശം. കാലിഫോർണിയയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബിരുദാനന്ത ബിരുദ വിദ്യാർത്ഥിയാണ് നീലംഷിൻഡെ.