/kalakaumudi/media/media_files/2025/09/18/smrithi-2025-09-18-14-43-41.jpg)
മുല്ലൻപുർ :ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യൻ വനിതകള്‍ക്ക് 102 റണ്‍സിന്‍റെ തകര്‍പ്പൻ ജയം.
ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റ് തോല്‍വി വഴങ്ങിയ ഇന്ത്യൻ വനിതകള്‍ രണ്ടാം മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-1ന് ഒപ്പമെത്തി.
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച നടക്കും. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകള്‍ 49.5 ഓവറില്‍ 292 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസ്ട്രേലിയയുടെ പോരാട്ടം 40.5 ഓവറില്‍ 190 റണ്‍സില്‍ അവസാനിച്ചു.
മൂന്ന് വിക്കറ്റെടുത്ത ക്രാന്തി ഗൗഡും രണ്ട് വിക്കറ്റ് എടുത്ത ദീപ്തി ശര്‍മയുമാണ് ഓസീസിനെ എറിഞ്ഞിട്ടത്.
45 റണ്‍സെടുത്ത അന്നാബെല്‍ സതര്‍ലാന്‍ഡാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.
ഇന്ത്യ ഉയര്‍ത്തിയ 293 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസ്ട്രേലിയന്‍ വനിതകള്‍ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു.
ഓപ്പണര്‍ ജോര്‍ജിയ വോളിനെ(0) രേണുക സിംഗ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ അലീസ ഹീലിയെ(9) ക്രാന്തി ഗൗഡ് അരുന്ധതി റെഡ്ഡിയുടെ കൈകളിലെത്തിച്ചു.
എല്‍സി പെറി(44)യും ബെത്ത് മൂണിയും(18) ചേര്‍ന്ന് ഓസീസിനെ 50 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും ബെത്ത് മൂണിയെ മടക്കിയ സ്നേഹ് റാണ കൂട്ടുകെട്ട് പൊളിച്ചു.
പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന സഥര്‍ലാന്‍ഡും എല്‍സി പെറിയും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയെങ്കിലും സ്കോര്‍ 100 കടന്നതിന് പിന്നാലെ എല്‍സി പെറിയെ മടക്കിയ രാധാ യാദവ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.
പിന്നാലെ സതര്‍ലാന്‍ഡിനെ അരുന്ധതി റെഡ്ഡിയും മടക്കിയതോടെ ഓസീസിന്‍റെ പോരാട്ടം തീര്‍ന്നു. ആഷ്‌ലി ഗാര്‍ഡ്നർ(17), താഹില മക്‌ഗ്രാത്ത്(16), ജോര്‍ജിയ വാറെഹെം(10) എന്നിവരുടെ പോരാട്ടത്തിന് ഓസീസിന്‍റെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ദാനയുടെ പന്ത്രണ്ടാം ഓകദിന സെഞ്ചുറിയുടെ കരുത്തിലാണ് മികച്ച സ്കോര്‍ ഉയര്‍ത്തിയത്.
91 പന്തില്‍ 117 റണ്‍സെടുത്ത മന്ദാനയും 40 റണ്‍സെടുത്ത ദീപ്തി ശര്‍മയും 29 റണ്‍സെടുത്ത റിച്ച ഘോഷും 25 റണ്‍സെടുത്ത പ്രതതി റാവലും വാലറ്റത്ത് തകര്‍ത്തടിച്ച് 18 പന്തില്‍ 24 റണ്‍സെടുത്ത സ്നേഹ് റാണയും ചേര്‍ന്നാാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ഓസീസിന് വേണ്ടി ഡാര്‍സി ബ്രൗണ്‍ മൂന്ന് വിക്കറ്റെടുത്തു. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലി ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ആദ്യ മത്രം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രേണുക സിംഗ്, അരുന്ധതി റെഡ്ഡി എന്നിവര്‍ ടീമിലെത്തി.