ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ ഒപെക് വിഹിതം ഉയര്‍ന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ആദ്യമായാണ് വാര്‍ഷികാടിസ്ഥാനത്തില്‍ വിഹിതം ഉയരുന്നത്. ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ സൗദി അറേബ്യയും യുഎഇയും ഇറാഖും ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് വീണ്ടും മേല്‍ക്കൈ ലഭിക്കുന്നു എന്നതിന്റെ സൂചനയാണ് പുറത്ത് വരുന്നത്. 2024ല്‍ ഇന്ത്യ പ്രതിദിനം 4.84 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.3% അധികമാണിത്. ഏറെ കാലമായി എണ്ണ ഇറക്കുമതിയില്‍ തുടരുന്ന റഷ്യയുടെ മേധാവിത്വം കുറഞ്ഞതിന് പിന്നാലെയാണ് പുതിയ കണക്കുകള്‍ വന്നിരിക്കുന്നത്. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ നവംബറില്‍ 13 ശതമാനം റഷ്യന്‍ എണ്ണ ഇന്ത്യ കുറച്ചിട്ടുണ്ട്. ഒക്ടോബറില്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ 10.8 ശതമാനം ഉയര്‍ത്തിയിരുന്നു. നവംബറില്‍ വീണ്ടും ഉയര്‍ത്തി. റഷ്യന്‍ ഉല്‍പ്പാദകരെയും ടാങ്കറുകളെയും ലക്ഷ്യമിട്ട് വ്യാപകമായ ഉപരോധങ്ങള്‍ യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള എണ്ണ വിതരണം തടസ്സപ്പെട്ടു. ഈ സമയത്താണ് പശ്ചിമേഷ്യയില്‍ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ അളവ് കൂട്ടുകയും അതേസമയം, റഷ്യയുടെയും അയല്‍രാജ്യങ്ങളുടെയും എണ്ണ കുറയ്ക്കുകയം ഇന്ത്യ ചെയ്തത്. റഷ്യ, കസാഖിസ്താന്‍, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന എണ്ണയാണ് ഇന്ത്യ കുറച്ചിട്ടുള്ളത്. ഒക്ടോബറില്‍ 40 ശതമാനമായിട്ടാണ് ഇറക്കുമതി കുറച്ചതെങ്കില്‍ നവംബറില്‍ 35 ശതമാനമായിരുന്നു കുറവ്. ട്രംപ് അധികാരത്തിലെത്തുന്നതോടെ ഇത്തരം വെല്ലുവിളികള്‍ സ്ഥിരമായി മാറാം. അങ്ങനെയെങ്കില്‍ ഒപെക് രാജ്യങ്ങളെ ഇന്ത്യ കൂടുതലായി ആശ്രയിക്കേണ്ടി വരും.