ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ചതിന് പിന്നാലെ ടർക്കിഷ് എയർലൈൻസുമായുള്ള വിമാന പാട്ടക്കരാർ മൂന്ന് മാസത്തിനുള്ളിൽ അവസാനിപ്പിക്കാൻ ഇൻഡിഗോയോട് കേന്ദ്രം ആവശ്യപ്പെട്ടു. ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിൽ സർവീസുകൾ നടത്തിയിരുന്ന തുർക്കിയുമായി ബന്ധപ്പെട്ട സെലിബി ഏവിയേഷൻ എന്ന സ്ഥാപനത്തിന്റെ സുരക്ഷാ ക്ലിയറൻസ് സർക്കാർ റദ്ദാക്കിയതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് നടപടി.
ടർക്കിഷ് എയർലൈൻസിൽ നിന്ന് രണ്ട് ബോയിംഗ് 777 വിമാനങ്ങൾ പാട്ടത്തിനെടുത്ത് പ്രവർത്തിപ്പിച്ച ഇൻഡിഗോയ്ക്ക് മെയ് 31 വരെ അതിനുള്ള അനുമതി ഉണ്ടായിരുന്നു, കൂടാതെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് ആറ് മാസത്തേക്ക് കാലാവധി നീട്ടാനും ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കാൻ മന്ത്രാലയം വിസമ്മതിച്ചു.
എന്നാൽ "ഉടനടി വിമാന സർവീസിൽ തടസ്സം ഉണ്ടാകുന്നതുമൂലം യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ", ഓഗസ്റ്റ് 31 വരെ ഇൻഡിഗോയ്ക്ക് മൂന്ന് മാസത്തെ കാലാവധി നീട്ടി നൽകിയതായി മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഈ കാലയളവ് ഇനി നീട്ടി നൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.ടർക്കിഷ് എയർലൈൻസുമായി ഇൻഡിഗോയ്ക്ക് കോഡ്‌ഷെയർ കരാറുമുണ്ട്, കഴിഞ്ഞ ആഴ്ച എയർലൈൻ സിഇഒ പീറ്റർ എൽബേഴ്‌സ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയിലെ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും എന്നാൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുമെന്നും പറഞ്ഞിരുന്നു.
"സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സേവന കരാറുകളിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് . ആ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടായാൽ , ഞങ്ങൾ അത് പാലിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തും. ഇപ്പോൾ, ഞങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കളെ സേവിക്കുന്നത് തുടരുന്നു... സർക്കാർ അവരുടെ നിയമങ്ങളിൽ മാറ്റം വരുത്തിയാൽ , തീർച്ചയായും, ഞങ്ങൾ അത് പാലിക്കും എന്നാണ് ഇൻഡിഗോയുടെ ഫ്ലീറ്റിലുള്ള 400-ലധികം വിമാനങ്ങളിൽ രണ്ടെണ്ണം മാത്രമേ ടർക്കിഷ് എയർലൈൻസിൽ നിന്ന് പാട്ടത്തിനെടുത്തിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടി സിഇഒ പറഞ്ഞത്.