അമേരിക്കൻ മലയാളികളെ ആവേശത്തിലാഴ്ത്തി ടൈംസ് സ്‌ക്വയറിൽ ഓണാശംസകളുമായി കഥകളി വേഷത്തിൽ ഇന്ദ്രൻസിന്റെ 'ആശാൻ'

ടൈംസ് സ്ക്വയറിൽ ഓണാശംസകളുമായി കഥകളി വേഷത്തിൽ 'ആശാൻ' എത്തി. ഗപ്പി സിനിമാസിന്‍റെ പുതിയ ചിത്രത്തിലെ ഇന്ദ്രൻസിന്‍റെ കഥകളി വേഷത്തിലുള്ള വീഡിയോയാണ് ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിച്ചത്

author-image
Devina
New Update
square


ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഓണാശംസകളുമായി കഥകളി വേഷത്തിലെത്തി 'ആശാൻ'. ഗപ്പി സിനിമാസിൻറെ ഏറ്റവും പുതിയ ചിത്രമായ 'ആശാൻ' ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ഇന്ദ്രൻസിൻറെ കഥകളി വേഷത്തിലുള്ള വീഡിയോയാണ് ടൈംസ് സ്ക്വയറിൽ അമേരിക്കൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സിനിമയുടെ അണിയറപ്രവർ‍ത്തകർ അവതരിപ്പിച്ചത്. അമേരിക്കൻ മലയാളികൾ ആവേശപൂർവ്വമാണ് ഈ വീഡിയോ ഏറ്റെടുത്തത്.സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമായ 'ആശാൻ', 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം ജോൺപോൾ ജോർജ്ജ് എഴുതി സംവിധാനം ചെയ്യുന്നതാണ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂ‍ർണ്ണമായും നർമ്മത്തിൽ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഡ്രാമഡി എന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. നൂറ്റമ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ഉത്രാട ദിനത്തിൽ ഇന്ദ്രൻസ് കഥകളി വേഷത്തിൽ എത്തിയ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. ഗപ്പി സിനിമാസിൻറെ പുതിയ ചിത്രത്തിലെ ഇന്ദ്രൻസിൻറെ ലുക്കാണ് ഇതെന്ന തരത്തിൽ ചർച്ചകൾ സിനിമാഗ്രൂപ്പുകളിലടക്കം നടന്നിരുന്നു. അതിന് പിന്നാലെ 'ആശാൻ' ടൈറ്റിൽ ലുക്ക് പുറത്തുവന്നതോടെ പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിച്ചു. സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ ആരൊക്കെയായിരിക്കും എന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല.