വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അമിത തീരുവകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കാനഡ. 107 ബില്യൻ യുഎസ് ഡോളറിന്റെ (ഏകദേശം 9.34 ലക്ഷം കോടി രൂപ) യുഎസ് ഉൽപന്നങ്ങൾക്കു പകരത്തിനു പകരം തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അയൽ രാജ്യങ്ങൾക്കുള്ള അമിത തീരുവകളിൽ യുഎസ് പിൻമാറില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതോടെയാണു ശക്തമായ നീക്കവുമായി ജസ്റ്റിൻ ട്രൂഡോയും രംഗത്തെത്തിയത്
‘‘യുഎസിന്റെ പുതിയ വ്യാപാര നടപടികൾ പിൻവലിക്കുന്നതുവരെ ഞങ്ങളുടെ തീരുവകൾ നിലനിൽക്കും’’ – ട്രൂഡോ പറഞ്ഞു. ട്രംപ് ഭരണകൂടം അമിത തീരുവ പദ്ധതികളുമായി മുന്നോട്ടുപോയാൽ ചൊവ്വാഴ്ച മുതൽ 3,000 കോടി കനേഡിയൻ ഡോളർ വിലമതിക്കുന്ന യുഎസ് ഉൽപന്നങ്ങൾക്ക് 25% തീരുവ ചുമത്തുമെന്ന് ട്രൂഡോ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
12,500 കോടി കനേഡിയൻ ഡോളറിന്റെ യുഎസ് ഉൽപന്നങ്ങൾക്കു പകരത്തിനു പകരം ചുമത്തുന്ന ശേഷിക്കുന്ന താരിഫുകൾ 21 ദിവസത്തിനുള്ളിൽ ഈടാക്കുമെന്നും ട്രൂഡോ വ്യക്തമാക്കി. ‘‘യുഎസ് വ്യാപാര നടപടി പിൻവലിക്കുന്നതുവരെ ഞങ്ങളുടെ തീരുവകൾ നിലനിൽക്കും, യുഎസ് തീരുവകൾ അവസാനിപ്പിച്ചില്ലെങ്കിൽ മറ്റു തീരുവ ഇതര നടപടികളുമായി മുന്നോട്ടുപോകും. ഇതിനായി വിവിധ പ്രവിശ്യകളുമായി സജീവ ചർച്ചകൾ നടത്തിവരികയാണ്’’ – ട്രൂഡോ പറഞ്ഞു.
യുഎസ് താരിഫ് പ്രഹരത്തെ നേരിടാൻ തയാറെടുക്കുകയാണെന്നു മറ്റൊരു വടക്കേ അമേരിക്കൻ രാജ്യമായ മെക്‌സിക്കോയും അറിയിച്ചു. യുഎസ് അമിത തീരുവ പദ്ധതികളുമായി മുന്നോട്ടു പോയാൽ ‘ബാക്കപ്’ പദ്ധതികളുണ്ടെന്നു കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താതെ മെക്‌സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു. ‘‘ഞങ്ങൾക്ക് പ്ലാൻ ബി, സി, ഡി എന്നിവയുണ്ട്’’ – ഷെയിൻബോം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അനധികൃത കുടിയേറ്റവും മയക്കുമരുന്നു കടത്തും തടയാൻ കാനഡയും മെക്സിക്കോയും വേണ്ടത്ര നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച ട്രംപ് കാനഡയിൽനിന്നും മെക്സിക്കോയിൽനിന്നുമുള്ള ഇറക്കുമതിക്കു തീരുവ ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിൽ താരിഫ് ചുമത്തേണ്ടതായിരുന്നുവെങ്കിലും മാർച്ച് നാലുവരെ ഒരു മാസത്തേക്ക് അവ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും എതിരെ ചുമത്തിയ തീരുവകൾ ഒഴിവാക്കാനാകില്ലെന്നാണ് ട്രംപ് പറഞ്ഞത്. തീരുവകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാനുള്ള കരാറിന്റെ സാധ്യതയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. നേരത്തേ തീരുമാനിച്ച പോലെ തീരുവകൾ മാർച്ച് 4ന് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് വ്യക്തമാക്കി.