/kalakaumudi/media/media_files/2026/03/01/mojtba-2026-03-01-11-59-39.jpg)
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ലോകം ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുകയാണ്. ദശാബ്ദങ്ങള്‍ക്കിടെ ഇറാന്‍ മണ്ണിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചു. ഖമേനിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. ഇത് ആഗോള വിപണിയില്‍ വലിയ എണ്ണ പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആശങ്കയുണ്ട്. മിഡില്‍ ഈസ്റ്റിലുടനീളമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ഖമേനിയുടെ അടുത്ത പിന്‍ഗാമി ആരാകുമെന്ന ചര്‍ച്ചകള്‍ തുടങ്ങി. രണ്ടാമത്തെ മകന്‍ മൊജ്താബ ഖമേനി പരമോന്നത നേതാവാകുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ മൂന്നംഗ താത്കാലിക സമിതിയാകും ഇറാന്‍ ഭരണകൂടത്തെ നയിക്കുക.
ഖമേനിയുടെ മരണവാര്‍ത്ത ഇറാനിലെ ജനങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ടെഹ്‌റാന്‍, ഇസ്ഫഹാന്‍ തുടങ്ങിയ നഗരങ്ങളില്‍ ഒരു വിഭാഗം ജനങ്ങള്‍ തെരുവില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍, സാധാരണക്കാരായ ജനങ്ങള്‍ കനത്ത ഭീതിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭരണകൂടത്തെ അനുകൂലിക്കുന്നവര്‍ യുഎസിനും ഇസ്രയേലിനും എതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. 1989 മുതല്‍ ഇറാന്റെ പരമോന്നത അധികാരം കയ്യാളിയിരുന്ന ഖമേനിയുടെ അന്ത്യം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവക്കും
ഇറാനിലുടനീളമുള്ള സൈനിക കേന്ദ്രങ്ങളെയും മുതിര്‍ന്ന നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണം. ഏകദേശം 200 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനിലെ 500 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ടെഹ്‌റാനിലെ ഖമനേയിയുടെ വസതി പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടതായും, തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ശക്തമായ തിരിച്ചടിയാണ് ഇപ്പോള്‍ ഇറാന്‍ ഗള്‍ഫ് മേഖലയില്‍ ഉടനീളം നടത്തിക്കൊണ്ടിരിക്കുന്നത്. തീവ്ര പ്രതികാരമെന്നാണ് ഇറാന്‍ പ്രത്യാക്രമണത്തെ വിശേഷിപ്പിച്ചത്. ഖമേനിയുടെ മകന്‍ പിന്‍ഗാമിയാകാന്‍ സാധ്യത ഏറെയാണെങ്കിലും ഐആര്‍ജിസിയില്‍ നിന്നുള്ള പ്രമുഖന്‍ പരമോന്നത നേതാവിന്റെ പദവിയിലേക്ക് എത്തുമെന്ന് സിഐഎയുടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
അങ്ങനെയെങ്കില്‍ നിലവിലെ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫായ അഹമ്മദ് വഹീദി എത്തിയേക്കുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ആറുമാസമായി ഐആര്‍ജിസിയുടെ ഇടക്കാല മേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഇറാന്റെ മുന്‍ പ്രതിരോധ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുള്ള വഹീദിക്ക് സൈനിക-ഭരണ രംഗങ്ങളിലുള്ള ദീര്‍ഘകാല പരിചയം കണക്കിലെടുത്താണ് ഈ നിര്‍ണ്ണായക നിയമനം.
അമേരിക്കയുടെ ഓപ്പറേഷന്‍ എപിക് ഫ്യൂറി, ഇസ്രായേലിന്റെ ഓപ്പറേഷന്‍ റോര്‍ ഓഫ് ദി ലയണ്‍ എന്നീ സംയുക്ത സൈനിക നീക്കങ്ങള്‍ക്കിടയിലാണ് വഹീദിയുടെ സ്ഥാനാരോഹണം.
ഇറാന്‍ സൈന്യത്തിലെ ഏറ്റവും കരുത്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് വഹീദി. റെവല്യൂഷണറി ഗാര്‍ഡ്സിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ ആദ്യ കമാന്‍ഡറായിരുന്നു അദ്ദേഹം.2009 മുതല്‍ 2013 വരെ ഇറാന്റെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചു.ഇബ്രാഹിം റൈസിയുടെ ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐആര്‍ജിസി ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫായി പ്രവര്‍ത്തിച്ച ശേഷമാണ് ഇപ്പോള്‍ പരമോന്നത പദവിയിലെത്തുന്നത്.
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ തീവ്ര നിലപാടുള്ള സൈനിക മേധാവികള്‍ രാജ്യം പിടിച്ചടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ സംഘര്‍ഷം ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കും സൈനിക ഭരണത്തിനും വഴിവെച്ചേക്കാം.
ഇറാന്റെ പരമോന്നത നേതൃത്വത്തില്‍ ഉടന്‍ തന്നെ മാറ്റങ്ങളുണ്ടാകുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി മുന്‍കൂട്ടി വിലയിരുത്തിയിരുന്നു.
സൈനിക നേതൃത്വം അധികാരം ഏറ്റെടുത്താല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ പ്രവചനാതീതമാകുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു. നയതന്ത്ര ചര്‍ച്ചകളേക്കാള്‍ ഉപരി സൈനികമായ പ്രത്യാക്രമണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരാണ് ഈ ഹാര്‍ഡ്ലൈനര്‍മാര്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ റിപ്പോര്‍ട്ടുകള്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇറാന്റെ ഭരണകൂടത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം സൈനിക നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഖമേനിക്ക് പകരം കൂടുതല്‍ അപകടകാരികളായ സൈനികര്‍ അധികാരത്തില്‍ വരുന്നത് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാകും. ഇസ്രായേലിനെതിരെ കൂടുതല്‍ ശക്തമായ നീക്കങ്ങള്‍ ഇവര്‍ നടത്തിയേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഇതിനകം തന്നെ രാജ്യത്തിന്റെ പല സുപ്രധാന മേഖലകളും നിയന്ത്രിക്കുന്നുണ്ട്. യുദ്ധം മുറുകുന്നതോടെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാനും അധികാരം പിടിച്ചെടുക്കാനും ഇവര്‍ക്ക് എളുപ്പമാകും. അമേരിക്കന്‍ ഉപരോധങ്ങളും സൈനിക ആക്രമണങ്ങളും ഇറാന്റെ സൈനിക വിഭാഗത്തെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ ജനാധിപത്യപരമായ മാറ്റങ്ങള്‍ക്ക് തടസ്സമാകുമെന്നും നിരീക്ഷകര്‍ കരുതുന്നു.
പശ്ചിമേഷ്യയിലെ ഈ അധികാര തര്‍ക്കം ആഗോള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. റഷ്യയും ചൈനയും ഇറാന്റെ സൈനിക നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. സിഐഎയുടെ ഈ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ അമേരിക്കയുടെ ഇറാന്‍ നയത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ടെഹ്റാനില്‍ സ്‌ഫോടനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഭരണമാറ്റത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള മലയാളി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ അതീവ ആശങ്കയോടെയാണ് ഈ മാറ്റങ്ങളെ നോക്കിക്കാണുന്നത്. യുദ്ധം അവസാനിച്ചാലും ഇറാനിലെ രാഷ്ട്രീയ സ്ഥിരത പശ്ചിമേഷ്യയ്ക്ക് നിര്‍ണ്ണായകമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

