ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ സത്യപ്രതിജ്ഞ  ഇന്ന്; ഇന്ത്യൻ അതിർത്തികളിൽ ജാ​​ഗ്രത

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനമൊഴിഞ്ഞ്, രാജ്യത്ത് നിന്ന് പലായനം ചെയ്തതിന് പിന്നാലെയാണ് മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിനെ നയിക്കാനായി തിരഞ്ഞെടുത്തത്.

author-image
Greeshma Rakesh
New Update
muhammad yunas

muhammad yunus

Listen to this article
0.75x1x1.5x
00:00/ 00:00

ധാക്ക: ബം​ഗ്ലാദേശിൽ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.നിലവിൽ പാരിസിലുള്ള മുഹമ്മദ് യൂനുസ് ഇന്ന് ബംഗ്ലാദേശിലെത്തും.രാത്രി എട്ട് മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുന്നത്. 15 അംഗങ്ങൾ സർക്കാരിന്റെ ഉപദേശക സമിതിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇടക്കാല സർക്കാരിനെ നയിക്കാൻ മുഹമ്മദ് യൂനുസ് തിരിച്ചെത്തുന്നത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനമൊഴിഞ്ഞ്, രാജ്യത്ത് നിന്ന് പലായനം ചെയ്തതിന് പിന്നാലെയാണ് മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിനെ നയിക്കാനായി തിരഞ്ഞെടുത്തത്.

അതേസമയം വിജയം സാധ്യമാക്കുന്നതിന് പ്രവർത്തിച്ച എല്ലാ ധീരരായ വിദ്യാർത്ഥികൾക്കും നന്ദി അറിയിക്കുന്നതായും, അക്രമം ഒഴിവാക്കണമെന്നും യൂനുസ് സെന്റർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ” ഈ ലക്ഷ്യം നേടുന്നതിന് സഹായിച്ച എല്ലാ വിദ്യാർത്ഥികൾക്കും പൂർണ പിന്തുണ നൽകിയ ജനങ്ങൾക്കും നന്ദി അറിയിക്കുന്നു. ഈ വിജയം പ്രയോജനപ്പെടുത്തണം. ഒരിക്കലും ഇപ്പോഴുള്ള വിജയം കൈവിട്ടു പോകരുത്. അതിനാൽ തന്നെ പരമാവധി സംയമനം പാലിച്ച് തന്നെ മുന്നോട്ട് പോകണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്.

രാജ്യത്തിനായി നല്ലൊരു ഭാവി പടുത്തുയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അക്രമം നമ്മുടെ ശത്രുവാണ്. നമ്മുടെ യുവാക്കൾ പുതിയൊരു രാഷ്‌ട്രത്തെ കെട്ടിപ്പടുക്കും. വിവേകമില്ലാത്ത നടപടികൾ ഉണ്ടാകരുത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരം നഷ്ടപ്പെടുത്തരുത്. അങ്ങനെ സംഭവിക്കുന്നത് കൂടുതൽ ശത്രുക്കളെ സമ്പാദിക്കുന്നതിന് മാത്രമാണ് വഴി തെളിക്കുകയുള്ളുവെന്നും” പ്രസ്താവനയിൽ പറയുന്നു.

 അതെസമയം അതിർത്തികളിൽ ഇന്ത്യ കാവൽ ശക്തമാക്കി.അതിർത്തികളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.ബം​ഗ്ലാദേശിൽ നിന്ന്  ആളുകൾ ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് അതിർത്തികളിൽ ഇന്ത്യ പ്രതിരോധം ശക്തമാക്കിയത്.


india bangladesh pm muhammad yunas New Interim pm