ലണ്ടൻ∙ ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ് ജെന്നി ഏർപെൻബെക്ക്. ‘കെയ്റോസ്’ എന്ന നോവൽ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേൽ ഹോഫ്മാനും സമ്മാനം ലഭിക്കും. ഇംഗ്ലിഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടനിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച കൃതികൾക്കാണ് ബുക്കർ സമ്മാനം നൽകുന്നത്.
കിഴക്കൻ ജർമനിയുടെ അവസാനകാലഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ കഥയാണ് ‘കെയ്റോസ്’. ബർലിൻ മതിൽ തകർക്കപ്പെടുന്ന സമയത്തെ ജർമനിയിലെ ജീവിത സാഹചര്യങ്ങളാണ് നോവലിൻ്റെപശ്ചാതലം. രാജ്യാന്തര ബുക്കർ സമ്മാനം ലഭിക്കുന്ന ആദ്യ പുരുഷ പരിഭാഷകനാണ് ഹോഫ്മാൻ.
ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്പോഡിനോവ് എഴുതിയ ടൈം ഷെൾട്ടർ എന്ന നോവലിനാണ് കഴിഞ്ഞ തവണ പുരസ്കാരം ലഭിച്ചത്.