/kalakaumudi/media/media_files/2026/02/24/img_2787-2026-02-24-22-30-14.png)
ബെയ്ജിങ്: ഭാര്യയുടെ 23 മണിക്കൂർ നീണ്ട പ്രസവ വീഡിയോ പങ്കുവെച്ച ചൈനീസ് ഇൻഫ്‌ളുവൻസർക്ക് കിട്ടിയത് എട്ടിന്‍റെ പണി. 12 മില്ല്യൺ ഫോളോവേഴ്‌സ് ഉള്ള പോൾ ഇൻ യുഎസ്എ എന്നറിയപ്പെടുന്ന ഇൻഫ്‌ളുവൻസറാണ് ഭാര്യയുടെ പ്രസവ വീഡിയോ പങ്കുവെച്ച് വെട്ടിലായത്. ചൈനീസ് സമൂഹമാധ്യമമായ ഡ്യൂയിനിലാണ് ഇയാൾ വീഡിയോ പങ്കുവെച്ചത്.പ്രസവത്തിന്റെതായ ഓരോ സങ്കീർണതകളും പകർത്തിയ വീഡിയോയിൽ ഭാര്യയുടെ നഗ്നമായ ശരീരഭാഗങ്ങളും വേദനകൊണ്ട് കരയുന്നതും രക്തസ്രാവം ഉണ്ടാകുന്നതുമടക്കം ചിത്രീകരിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാര്യക്ക് അടിയന്തര ശസ്ത്രക്രിയ നടക്കുമ്പോഴും പോൾ ചിത്രീകരണം തുടർന്നുവെന്നും ഈ വീഡിയോയിൽ ഡയപ്പറിന്റെ പരസ്യം ചേർത്തെന്നും പ്രമോഷണൽ സ്‌ക്രിപ്റ്റ് വായിച്ചെന്നും വിമർശനമുണ്ട്. ഇതോടെ സമൂഹമാധ്യമ ചട്ടം ലംഘിച്ചെന്നാരോപിച്ച് പോളിന്റെ അക്കൗണ്ട് ഡ്യുയിൻ പൂട്ടി.
എന്നാൽ വിവാദമുണ്ടാക്കാനല്ല വീഡിയോ പകർത്തിയതെന്നും പ്രസവത്തിന്റെ സങ്കീർണത മനസിലാക്കാനും അത് സമൂഹത്തെ അറിയിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും പോളിന്റെ ഭാര്യ പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്. ചൈനീസ് പൗരനായ പോൾ നിലവിൽ യുഎസിലെ വാഷിംങ്ടണിലെ സിയാറ്റിലിലാണ് താമസം. യുഎസിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദധാരിയായ പോൾ, മൈക്രോസോഫ്റ്റിലെ മുൻ ജീവനക്കാരനാണ്. മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ചാണ് കണ്ടന്റ് ക്രിയേഷനിലേക്കും ഇൻഫ്‌ളുവൻസർ പ്രൊഫഷനിലേക്കും പോൾ ഇറങ്ങിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
