അഫ്‍ഗാനിൽ ഇന്‍റർനെറ്റ് നിരോധനം; വൈ-ഫൈ നെറ്റ്‌വർക്ക് അടച്ചുപൂട്ടി താലിബാൻ ഭരണകൂടം, രൂക്ഷ വിമര്‍ശനം

അഫ്‍ഗാനിൽ ഇന്‍റർനെറ്റ് നിരോധനം കൂടുതല്‍ പ്രവിശ്യകളിലേക്ക് നീങ്ങുന്നു. പലയിടങ്ങളിലും വൈഫൈ നെറ്റ്‌വർക്കിന് പൂട്ടുവീണു. ഇന്‍റര്‍നെറ്റ് നിരോധത്തിനെതിരെ രാജ്യത്തിനുള്ളിലും രാജ്യാന്തര തലത്തിലും പ്രതിഷേധം

author-image
Devina
New Update
afganis

കാബൂള്‍: അഫ്‍ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഇന്‍റർനെറ്റ് നിയന്ത്രങ്ങളില്‍ പിടിമുറുക്കുന്നു. 'അധാർമികത തടയുക' എന്ന വ്യാജേന രാജ്യത്തെ നിരവധി പ്രവിശ്യകളിൽ ഫൈബർ-ഒപ്റ്റിക് ഇന്‍റർനെറ്റ് ആക്‌സസ് പൂർണ്ണമായും അടച്ചുപൂട്ടി എന്നാണ് റിപ്പോർട്ടുകൾ.

 2021 ഓഗസ്റ്റിൽ അധികാരമേറ്റതിനുശേഷം താലിബാൻ പുറപ്പെടുവിക്കുന്ന ആദ്യ ഉത്തരവാണിത്. ഈ തീരുമാനത്തെത്തുടർന്ന്, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാധാരണ വീടുകൾ എന്നിവിടങ്ങളിൽ വൈ-ഫൈ ഇന്‍റർനെറ്റ് ഇനി ലഭ്യമാവില്ല.

 എന്നാൽ മൊബൈൽ ഇന്‍റർനെറ്റ് സേവനം പ്രവർത്തനക്ഷമമായി തുടരുന്നതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്‍റര്‍നെറ്റ് നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധം

ഫൈബർ-ഒപ്റ്റിക് ഇന്‍റർനെറ്റ് നിരോധനം വന്നതോടെ അവശ്യ സേവനങ്ങൾക്ക് ബദൽ പരിഹാരങ്ങൾ തേടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

 അസോസിയേറ്റഡ് പ്രസിന്‍റെ റിപ്പോർട്ട് പ്രകാരം വടക്കൻ ബാൽക്ക് പ്രവിശ്യയിൽ ചൊവ്വാഴ്‌ച വൈ-ഫൈ തടസം സ്ഥിരീകരിച്ചു. ബാഗ്ലാൻ, ബദക്ഷാൻ, കുണ്ടുസ്, നംഗർഹാർ, തഖാർ എന്നിവിടങ്ങളിലും ഇന്‍റർനെറ്റ് ആക്‌സസ് വിച്ഛേദിക്കപ്പെട്ടു.

 അധാർമികത തടയുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്നും ആവശ്യങ്ങൾക്കായി രാജ്യത്തിനുള്ളിൽ ഒരു ബദൽ നിർമ്മിക്കപ്പെടും എന്നും പ്രവിശ്യാ സർക്കാർ വക്താവ് ഹാജി അത്തൗല്ല സെയ്‌ദ് വാര്‍ത്താ ഏജന്‍സിയായ എപിയോട് പറഞ്ഞു.

അഫ്‌ഗാന്‍ പ്രവിശ്യകളിലെ ഇന്‍റര്‍നെറ്റ് നിരോധന ഉത്തരവ് ആഭ്യന്തരമായും രാജ്യാന്തര തലത്തിലും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

 താലിബാൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിലുള്ള ഈ നീക്കം ദശലക്ഷക്കണക്കിന് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമങ്ങളുടെ പ്രവർത്തനത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നതായി അഫ്‌ഗാനിസ്ഥാൻ മീഡിയ സപ്പോർട്ട് ഓർഗനൈസേഷൻ പ്രസ്‍താവന ഇറക്കി.

 പുതിയ ഉത്തരവിനെ വിമർശിച്ചുകൊണ്ട് അഫ്‍ഘാനിസ്ഥാനിലെ മുൻ യുഎസ് അംബാസഡർ സൽമയ് ഖലീൽസാദ് രംഗത്തെത്തി.

അശ്ലീലസാഹിത്യമാണ് ശരിക്കും ആശങ്കയെങ്കിൽ, അത് എളുപ്പത്തിൽ ഫിൽട്ടർ ചെയ്യാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.