/kalakaumudi/media/media_files/acU4EfdtXrXl1v4KVCqc.jpg)
ആക്രമണത്തിൽ തകർന്ന ഇറാൻ എംബസി
ടെഹ്റാൻ: ഇറാൻ എംബസി ആക്രമിച്ച ഇസ്രയേലിന് മറുപടി നൽകാൻ തയ്യാറെടുത്ത് ഇറാൻ. ഇതിൽ ഇടപെടാതെ മാറിനിൽക്കാനാണ് അമേരിക്കയോട് ഇറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയും ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെ യുദ്ധ പ്രഖ്യാപനവുമായി രംഗത്തെത്തി.
വാഷിംഗ്ടണിന് രേഖാമൂലം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നാണ് ഇറാൻ പ്രസിഡൻ്റിൻ്റെ പൊളിറ്റിക്കൽ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദി സമൂഹ മാധ്യമത്തിൽ പ്രതികരിച്ചത്. നെതന്യാഹുവിൻ്റെ വലയിൽ വീഴരുതെന്ന് അമേരിക്കയോട് ഇറാൻ ആവശ്യപ്പെട്ടു. തിരിച്ചടിയിൽ ഇടപെടാതെ അമേരിക്ക മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടെന്നും ജംഷിദി പറഞ്ഞു. എന്നാൽ ഇറാൻ പറയുന്ന സന്ദേശത്തെക്കുറിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല. അതേസമയം അമേരിക്ക അതീവ ജാഗ്രതയിലാണെന്ന് സിഎൻഎൻ റിപ്പോർട്ടുകൾ.
ഇസ്രയേലും ഇറാന്‍റെ നീക്കങ്ങള്‍ വീക്ഷിക്കുന്നുണ്ട്. രാജ്യാതിർത്തിക്കുള്ളിൽ ജിപിഎസ് നാവിഗേഷൻ സേവനങ്ങൾ നിർത്തി. മിസൈലുകളെയും ഡ്രോണുകളെയും തടസ്സപ്പെടുത്തുന്നതിനായാണ് ഇസ്രായേലിൻ്റെ വിവിധ ഭാഗങ്ങളിൽ ജിപിഎസ് തടഞ്ഞത്. മുഴുവൻ സൈനികരോടും അവധി റദ്ദാക്കി തിരിച്ചെത്താനും നിർദേശം നൽകി. സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് ജനറൽമാർ ഉള്‍പ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചാൽ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ഇസ്രയേൽ നടത്തുന്നത്.