/kalakaumudi/media/media_files/2026/03/01/uss-2026-03-01-19-53-27.jpg)
ടെഹ്‌റാന്‍: അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസാണ് ഈ പ്രസ്താവന പുറത്തുവിട്ടത്.
'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4' എന്ന പേരില്‍ നടത്തിയ സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഐആര്‍ജിസി അറിയിച്ചു. അമേരിക്കയും ഇസ്രായേലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണിതെന്ന് പ്രസ്താവനയില്‍ പറയുന്നു. 'ഭീകരരായ ആക്രമണകാരികളുടെ ശവപ്പറമ്പായി കരയും കടലും മാറും' എന്ന് മുന്നറിയിപ്പ് നല്‍കിയ ഗാര്‍ഡ്‌സ്, യുദ്ധം ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും കരയിലും കടലിലും ആക്രമണം ശക്തമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗള്‍ഫ് മേഖലയിലുടനീളം ഇറാന്‍ ആക്രമണം നടത്തിയത്.
ഖമേനിയുടെ മരണം ഒരു 'ആദ്യ പടി' മാത്രമാണെന്ന് ഇസ്രായേല്‍ വിശേഷിപ്പിച്ചു. ഒരേസമയം രണ്ട് സ്ഥലങ്ങളിലായി നടന്ന ആക്രമണത്തില്‍ ഖമേനി ഉള്‍പ്പെടെ 40 മുതിര്‍ന്ന കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഇറാന്‍ തിരിച്ചടിച്ചാല്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
റിയാദ്, ദുബായ്, അബുദാബി, ദോഹ, മനാമ, ജറുസലേം, ടെല്‍ അവീവ് എന്നിവിടങ്ങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

