ടെല്‍ അവീവ്: ഹമാസ്, ഹിസ്ബുള്ള മേധാവികളുടെ വധത്തിനു പകരം വീട്ടുമെന്നു പ്രഖ്യാപിച്ച് ഇസ്രയേലില്‍ മിസൈല്‍ ആക്രമണവുമായി ഇറാന്‍. അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. ഇസ്രയേല്‍ നഗരമായ ടെല്‍ അവീവില്‍ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. നൂറുകണക്കിനു മിസൈലുകള്‍ അയച്ചെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് അവകാശപ്പെട്ടു.
ജോര്‍ദാനിലെ നഗരങ്ങള്‍ക്കു മുകളിലൂടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ടെല്‍ അവീവില്‍ അക്രമികള്‍ ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യം ഉയരും. ഇത് ഭീകരാക്രമണം ആണെന്ന് കരുതുന്നതായി ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തിനു പിന്നാലെ യുഎസ് സ്ഥിതിഗതികള്‍ വിലയിരുത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദേശീയ സുരക്ഷാ കൗണ്‍സിലുമായി വൈറ്റ് ഹൗസില്‍ അടിയന്തര യോഗം ചേര്‍ന്നു. ഇസ്രയേലിനെ സഹായിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു.
ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഷെല്‍റ്ററുകളിലേക്ക് മാറാന്‍ തയറായിരിക്കണമെന്നും ഇസ്രയേല്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. സുരക്ഷിതമായ ബങ്കറുകളിലേക്ക് മാറാന്‍ തയാറായിരിക്കണമെന്ന് ഇസ്രയേലിലെ യുഎസ് എംബസി ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി.
ഇസ്രയേലിലെ വിമാനത്താവളങ്ങള്‍ അടച്ചു. ജോര്‍ദാനില്‍ വ്യോമഗതാഗതം നിര്‍ത്തി. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ കൊലപാതകം ഇസ്രയേലിന്റെ തകര്‍ച്ചയ്ക്കു കാരണമാകുമെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണു നസ്‌റല്ല കൊല്ലപ്പെട്ടത്. അതേസമയം, തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചു. ലബനന്‍ ആസ്ഥാനമായ ബെയ്‌റൂട്ടില്‍ വീണ്ടും ആക്രമണം നടത്തുകയും ഹിസ്ബുല്ല കേന്ദ്രങ്ങള്‍ കരസേന കമാന്‍ഡോകള്‍ ആക്രമിച്ചെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
അതേസമയം നേതാക്കളെയും കമാന്‍ഡര്‍മാരെയും കൊന്നതുകൊണ്ട് തകര്‍ക്കാന്‍ പറ്റുന്നതല്ല ഹിസബുള്ളയടക്കമുള്ള പ്രതിരോധ ഗ്രൂപ്പുകളെയെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇതോടെ ഇറാന്‍ ആക്രമണം തുടങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കെയാണ് ചൊവ്വാഴ്ച രാത്രി ആക്രണണം ഉണ്ടായിരിക്കുന്നത്.
യുദ്ധത്തില്‍ അന്തിമ വിജയം പ്രതിരോധ സേനകള്‍ക്കായിരിക്കുമെന്നും മുഹമ്മദ് ബഖര്‍ ഖാലിബാഫ് പറഞ്ഞു. കൊലപാതകങ്ങള്‍ കൊണ്ടൊന്നും ഹിസ്ബുള്ളയുടെ ഘടന ആര്‍ക്കും പൊളിക്കാനാകില്ലെന്നും മുഹമ്മദ് ബഖര്‍ ഖാലിബാഫ് പറഞ്ഞു.
'പ്രതിരോധ മുന്നണികളായിരിക്കും യുദ്ധത്തില്‍ വിജയികളായി ഉയര്‍ന്നുവരുക. പ്രതിരോധത്തിന്റെ വിവിധ രൂപങ്ങളാണ് അവര്‍ക്കുള്ളത്. ഏകീകൃതവും ശക്തവുമായ രീതിയില്‍ അവര്‍ ഇസ്രായേലിനെ അഭിമുഖീകരിക്കും. യുദ്ധഭൂമിയില്‍ ഇനിയും അവര്‍ കരുത്തോടെ ഉണ്ടാകുമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. തെഹ്റാന്റെ സഹായത്തോടെ പ്രതിരോധ ഗ്രൂപ്പുകള്‍ ഇസ്രായേലിനെ നേരിടും. ചെറുത്തുനില്‍പ്പിനെ സഹായിക്കാന്‍ ഏത് തലത്തിലേക്ക് പോകാനും ഞങ്ങള്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലക്കൊപ്പം ഇറാന്‍ കമാന്‍ഡറും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. അതേസമയം, ഹസന്‍ നസ്റുല്ലയെ വധിച്ചതിനു പിന്നാലെ ലബനാനു നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍. ലബനാനിലെ ബെക്കാ താഴ്വരയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഐന്‍ പട്ടണത്തിലെ ഒരു വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റ് അഞ്ച് പേരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബെയ്‌റൂത്ത് വിമാനത്താവളത്തിനു സമീപം ഇസ്രായേല്‍ നടത്തിയ ആക്രമണം ഭീതി പടര്‍ത്തി. ഇറാനില്‍ നിന്നുള്ള യാത്രാ, ചരക്കുവിമാനങ്ങള്‍ക്ക് ബെയ്‌റൂത്തില്‍ അനുമതി നല്‍കരുതെന്ന് ഇസ്രായേല്‍ ലബനാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച മാത്രം 33 പേര്‍ കൊല്ലപ്പെടുകയും 195 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലബനാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 1700ന് മുകളിലായി.
ബെയ്‌റൂത്തിലും മറ്റും ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ ലബനാനില്‍ നിന്ന് നൂറിലേറെ മിസൈലുകളാണ് ഇസ്രായേല്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ടെത്തിയത്. ഇതില്‍ ഭൂരിഭാഗവും പ്രതിരോധിച്ചതായി ഇസ്രായേല്‍ സൈന്യം പറയുന്നു. എന്നാല്‍ വെസ്‌റ്റേണ്‍ ഗലീലിയയിലെ നഹാാരിയ നഗരത്തിലും മറ്റും മിസൈല്‍ പതിച്ച് തീപിടിത്തം ഉണ്ടായി. വെസ്റ്റ് ബാങ്കിലേക്കും ജറൂസലമിലക്കും റോക്കറ്റുകളെത്തി.
ഹസന്‍ നസ്‌റുല്ലയെ വധിച്ച ഇസ്രായേല്‍ നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും അഭിനന്ദിച്ചു. അതേസമയം, യുദ്ധവ്യാപനത്തില്‍ താല്‍പര്യമില്ലെന്ന് ഇരുവരും പ്രതികരിച്ചു. നൂറുകണക്കിന് ഇസ്രായേലികളെ വധിച്ച ഹസന്‍ നസ്‌റുല്ലയെ വകവരുത്താന്‍ കഴിഞ്ഞത് മികച്ച നേട്ടമാണെന്നും ശത്രുക്കള്‍ക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്നും നെതന്യാഹു പറയുന്നു. ലബനാനുമായി കരയുദ്ധത്തിന് സജ്ജമാണെന്നും ഇസ്രായേല്‍ അവകാശപ്പെടുന്നു.
ഇക്കാര്യത്തില്‍ തീരുമാനം കൈകക്കൊളളാന്‍ ഇന്ന് നെതന്യാഹു സുരക്ഷാ സമിതി യോഗം വിളിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇസ്രായേല്‍ ആവശ്യപ്പെട്ടു. ഈലാത്ത് നഗരത്തിനു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാഖിലെ ഇറാന്‍ അനുകൂല മിലീഷ്യ അറിയിച്ചു. സിറിയയില്‍ യു.എസ് സൈന്യം തങ്ങുന്ന കൊണോകോ ബേസില്‍ രാത്രി വന്‍സ്‌ഫോടനം ഉണ്ടായി. ഹസന്‍ നസ്‌റുല്ലയുടെ കൊലയ്ക്ക് ഇറാന്റെയും ഹിസ്ബുല്ലയുടെയും ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ വന്‍സുരക്ഷയിലാണ് ഇസ്രയേല്‍. അതേസമയം, ഗസ്സയിലും വ്യാപക ആക്രമണം തുടരുകയാണ്.