ഇരുനൂറിലേറെ സ്ത്രീകളെ ബലാത്സംഗംചെയ്ത യുവാവിനെ തൂക്കിലേറ്റി ഇറാന്‍

മുഹമ്മദ് അലി സലാമത്തി(43)നെയാണ് തൂക്കിലേറ്റിയത്. പടിഞ്ഞാറന്‍ നഗരമായ ഹമേദാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിംനേഷ്യവും നടത്തിയിരുന്ന വ്യക്തിയായിരുന്നു ഇയാള്‍

author-image
Prana
New Update
hanged

രണ്ട് പതിറ്റാണ്ടായി ഇരുനൂറിലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് യുവാവിനെ പരസ്യമായി തൂക്കിക്കൊന്ന് ഇറാന്‍. മുഹമ്മദ് അലി സലാമത്തി(43)നെയാണ് തൂക്കിലേറ്റിയത്. പടിഞ്ഞാറന്‍ നഗരമായ ഹമേദാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിംനേഷ്യവും നടത്തിയിരുന്ന വ്യക്തിയായിരുന്നു ഇയാള്‍. ഇരുന്നൂറോളം സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. കഴിഞ്ഞ 20 വര്‍ഷമായി ഇയാള്‍ നിരവധി സ്ത്രീകളെ പീഡിപ്പിക്കുകയായിരുന്നു. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം ബലാത്സംഗം ചെയ്ത ഒട്ടേറെ കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. പലരെയും വിവാഹഭ്യര്‍ഥന നടത്തിയാണ് ഉപദ്രവിച്ചത്. ചിലര്‍ക്ക് ഇയാള്‍ ഗര്‍ഭ നിരോധന ഗുളികകള്‍ നല്‍കി. ഗര്‍ഭ നിരോധന ഗുളികകള്‍ക്ക് ഇറാനില്‍ കടുത്ത നിരോധനമുണ്ട്.
ഈ വര്‍ഷം ജനുവരിയിലാണ് ഇയാളെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ നഗരത്തിലെ നീതിന്യായ വകുപ്പില്‍ തടിച്ചു കൂടി സലാമത്തിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടു. ഇറാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ക്കെതിരേ ഇത്രയേറെ ബലാത്സംഗ പരാതികള്‍ ലഭിക്കുന്നത്.
ബലാത്സംഗവും വ്യഭിചാരവും ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇറാനില്‍ വര്‍ധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 2005ല്‍ 20 കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഇരുപത്തിനാലുകാരനെ പരസ്യമായി തൂക്കിലേറ്റിയിരുന്നു. 1997ല്‍ ടെഹ്‌റാനില്‍ പെണ്‍കുട്ടികളേയും സ്ത്രീകളേയും തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ഇരുപത്തെട്ടുകാരനേയും തൂക്കിലേറ്റിയിരുന്നു.

 

Rape Case death sentence iran