/kalakaumudi/media/media_files/2026/03/07/attack-2026-03-07-08-50-45.jpg)
ടെഹ്‌റാന്‍: എട്ടാം നാളും അയവില്ലാതെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ യുദ്ധം. ഇറാനിലെ പടിഞ്ഞാറന്‍ മേഖലകളില്‍ വ്യാപക വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകര്‍ത്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ടെഹ്‌റാന്‍ അടക്കമുള്ള മേഖലകളില്‍ വന്‍ സ്‌ഫോടനമാണ് ഉണ്ടായത്. ഇറാനില്‍ ഇതുവരെ 1332 പേര്‍ കൊല്ലപ്പെട്ടു. ലെബനോനിലും മരണം 217 കടന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, തെക്കന്‍ ഇസ്രയേലില്‍ ഇറാനും മിസൈല്‍ ആക്രമണം നടത്തി. തലസ്ഥാന നഗരമായ ടെല്‍ അവീവില്‍ അടക്കം നടത്തിയ ആക്രമണം പ്രതിരോധിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. പലയിടത്തും മിസൈല്‍ അവശിഷ്ടം പതിച്ച് തീപിടിത്തം ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, യുദ്ധത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് അമേരിക്കയും വ്യക്തമാക്കുകയാണ്. ഇറാന്‍ നിരുപാധികം കീഴടങ്ങാതെ ഒത്തുതീര്‍പ്പിനില്ലെന്ന് പറഞ്ഞ പ്രസിഡന്റ് ട്രംപ് യുഎസ് ആയുധ ശേഖരം വിശാലമാക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനമാണ് നടത്തിയത്. അത്യാധുനിക ആയുധങ്ങളുടെ നിര്‍മ്മാണം നാലിരട്ടിയായി വര്‍ധിപ്പിക്കാന്‍ പ്രതിരോധ നിര്‍മ്മാണ കമ്പനികളുമായി ധാരണയായെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. പ്രമുഖ പ്രതിരോധ നിര്‍മാണ കമ്പനികളുടെ തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങളില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി അമേരിക്കയുടെ ആന്റി-ഡ്രോണ്‍ സംവിധാനം 'മെറോപ്‌സ്' ഉടന്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ വിന്യസിക്കുമെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്റെ വ്യോമമേഖല പൂര്‍ണ നിയന്ത്രണത്തിലാക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൊലൈന്‍ ലെവിറ്റ് വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
