/kalakaumudi/media/media_files/2025/04/20/qSiERHRhyMyJsadrCNeL.jpg)
ടെഹ്‌റാന്‍: അമേരിക്ക എന്ന അധിപന്റെ പതനമാണ് ഇപ്പോള്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ഗാസയില്‍ യുദ്ധം തുടരുന്ന ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കി ആളാവാനെത്തിയ ട്രംപിന്റെ നടപടികള്‍ അമേരിക്ക എന്ന രാജ്യത്തിന്റെ പവര്‍ എത്രയാണെന്ന് കാണിക്കാനുള്ളത് കൂടെയായിരുന്നു. പക്ഷെ അതേ പവറോടെ ട്രംപ് ഇറാനിലേക്കും തിരിഞ്ഞതോടെയാണ് കളിയാകെ മാറിയത്. അവിടെ അമേരിക്കയ്ക്ക് പാളി എന്ന് തന്നെ പറയാം. റഷ്യയുമായി ഒരു തരത്തില്‍ അടുപ്പം സൃഷ്ടിച്ച് വന്ന ട്രംപ് ഇറാനിലേക്ക് തിരിഞ്ഞപ്പോള്‍ അവിടെയും പാളി. ഇറാനെ തൊട്ടാല്‍ വിവരമറിയുമെന്ന് റഷ്യ പറയാതെ തന്നെ പറഞ്ഞ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ട്രംപിന്റെ അതുവരെയുണ്ടായിരുന്ന പദ്ധതികളൊക്കെ വെള്ളത്തിലായി. പിന്നാലെ ചൈനയും, ഉത്തര കൊറിയയുമൊക്കെ രംഗത്തിറങ്ങിയതും അമേരിക്കയ്ക്ക് വെല്ലുവിളിയായി.
കനത്ത വെല്ലുവിളികളായിരുന്നു റോമില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ട്രംപ് ഇറാന് നേരെ വീശിയടിച്ചത്. പക്ഷെ അതൊക്കെ വെല്ലുവിളിയില്‍ മാത്രമേ ഒതുങ്ങു എന്നതാണ് മറ്റൊരു സത്യം. അതിന്റെ കാരണം ഇറാന്റെ കൈവശമുള്ള പുറത്തെടുത്തതും എടുക്കാത്തതുമായ ആയുധശേഖരങ്ങളാണ്. തങ്ങളുടെ ആയുധപ്പുരയില്‍ കൃത്രിമബുദ്ധിയുടെ സഹായത്തോടെ ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത അതീവ രഹസ്യ ആയുധങ്ങള്‍ ഉണ്ടെന്ന ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ ഇറാനിയന്‍ ആര്‍മിയുടെ ഗ്രൗണ്ട് ഫോഴ്‌സിന്റെ കമാന്‍ഡറായ ബ്രിഗേഡിയര്‍ ജനറല്‍ കിയൂമര്‍സ് ഹൈദാരി. ഇത് ഏത് ഭീഷണിയെയും നിര്‍ണ്ണായകമായി നേരിടാന്‍ ഇസ്ലാമിക് റിപ്പബ്ലിക് പൂര്‍ണ്ണമായും സജ്ജമാണെന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കൈവശം വളരെ നൂതനമായ ആയുധങ്ങളുണ്ട്, അവയില്‍ ചിലത് രഹസ്യമോ അതീവ രഹസ്യമോ ആണ്. കൃത്രിമബുദ്ധി ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണിവയെന്നും, അദ്ദേഹം പറഞ്ഞു.
പരമ്പരാഗത ആയുധങ്ങളായി പലതും തരംതിരിച്ചിട്ടുണ്ടെങ്കിലും, അവയുടെ കഴിവുകള്‍ എല്ലാം അസാധാരണമാണെന്നും ബ്രിഗേഡിയര്‍ ജനറല്‍ പറഞ്ഞു. ഇറാനിലെ അല്‍-അലം വാര്‍ത്താ ശൃംഖലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ച കമാന്‍ഡര്‍, തന്ത്രപരമായ ആശങ്കകള്‍ കാരണം ഈ സംവിധാനങ്ങള്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും എടുത്ത് പറഞ്ഞു. 1980-88 കാലഘട്ടത്തില്‍ ഇറാഖ് ഇറാനെതിരെ യുദ്ധം നടത്തിയതിന് ശേഷം, പരമ്പരാഗത ഘടനയില്‍ നിന്ന് ഇറാന്‍ ആധുനികവും ചലനാത്മകവും ആയ പുരോഗതി കൈവരിച്ച ഒരു സേനയിലേക്ക് മാറി. അതിന് ശേഷം കരസേനയ്ക്കുള്ളില്‍ പ്രധാന പരിവര്‍ത്തനത്തനങ്ങള്‍ നടന്നെന്നും ഹൈദാരി എടുത്തു പറഞ്ഞു. ഇന്ന്, നമ്മുടെ ഗ്രൗണ്ട് യൂണിറ്റുകള്‍ക്ക് വേഗത്തിലുള്ള ചലനം, പൂര്‍ണ്ണ ആക്രമണ ശേഷി, വേഗത്തിലുള്ള ഇടപെടല്‍ എന്നിവയ്ക്കുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ ഏറ്റവും നൂതനമായ ആയുധങ്ങളും സംവിധാനങ്ങളും നമ്മുടെ കരസേന ഉപയോഗിച്ചിട്ടുണ്ടെന്നും രാജ്യത്തിന്റെ അതിര്‍ത്തികളിലുടനീളം സമഗ്രമായ സാഹചര്യ അവബോധവും സുരക്ഷാ കവറേജും കരസേന സാധ്യമാക്കുന്നുണ്ടെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
കൂടാതെ, സുരക്ഷാ കവറേജ് ഉറപ്പാക്കുന്നതിനായി വിവിധ അതിര്‍ത്തി പ്രദേശങ്ങളിലായി 10 ഡിവിഷനുകളെ തന്ത്രപരമായി സ്ഥാനപ്പെടുത്തിയിട്ടുണ്ടെന്നും കമാന്‍ഡര്‍ വിശദീകരിച്ചു. എന്നിരുന്നാലും, സൈനിക വിന്യാസം എല്ലാ ഭീഷണികളും ഇല്ലാതാക്കി എന്നല്ല അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മറിച്ച്, അതിര്‍ത്തികളില്‍ ശാശ്വത സുരക്ഷയും പ്രതിരോധ സാന്നിധ്യവും സ്ഥാപിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ആരംഭിക്കുന്ന സൈനികാഭ്യാസങ്ങള്‍ കരസേന, രാജ്യത്തിന്റെ കിഴക്കന്‍, പടിഞ്ഞാറന്‍, തീരദേശ മേഖലകളിലായ നടത്തിയിരുന്നുവെന്നും ഹൈദാരി പറഞ്ഞു. നിലവിലുള്ള ഭീഷണികളുടെയും ഭാവിയിലെ അപകടങ്ങളെക്കുറിച്ചുള്ള സേനയുടെ വിലയിരുത്തലിന്റെയും വെളിച്ചത്തില്‍, അതിന്റെ സാങ്കേതികവും പ്രവര്‍ത്തനപരവുമായ സന്നദ്ധത നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഞങ്ങളുടെ കണ്ണുകള്‍ തുറന്നിരിക്കുന്നു, ഞങ്ങളുടെ കൈകള്‍ ട്രിഗറിലാണ്.
എന്തെങ്കിലും ഭീഷണി ഉണ്ടായാല്‍ ശത്രുവിന് അതിജീവിക്കാന്‍ ഞങ്ങള്‍ അവസരം നല്‍കില്ലെന്നും ഏറ്റവും വലിയ പ്രതികാര നടപടികളാണ് നടപ്പിലാകുകയെന്നും അദ്ദേഹം മുന്നറിയിപ്പും നല്‍കി. നിലിവലെ യുദ്ധ ഭീഷണികളെ അഭിസംബോധന ചെയ്തുകൊണ്ട്, സൈബര്‍ ഭീഷണികളെ നേരിടാന്‍ ഗ്രൗണ്ട് ഫോഴ്‌സ് പ്രത്യേക ഡിവിഷനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അതിന്റെ സൈബര്‍ പ്രതിരോധ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഹൈദാരി പ്രസ്താവിച്ചു. ഞങ്ങളുടെ സൈബര്‍ യൂണിറ്റുകള്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യത്തോടെയും കഴിവുകളോടെയും പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര, കടല്‍, വ്യോമ മേഖലകളിലുള്‍പ്പെടെ എല്ലാ മേഖലകളിലും സൈന്യത്തിനും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സിനും ഇടയില്‍ ശക്തമായ ഐക്യവും പരസ്പര ശക്തിപ്പെടുത്തലും ഉണ്ടെന്നും കമാന്‍ഡര്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
ഇറാന്റെ സായുധ സേനയുടെ ശക്തിയെയും തയ്യാറെടുപ്പിനെയും പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ അടുത്തിടെ പ്രശംസിച്ചിരുന്നു. സൈന്യം മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും സൈന്യെ അതിന്റെ ഘടനയില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായിരുന്നു. ഇറാന്‍ പശ്ചിമേഷ്യന്‍ മേഖലയില്‍ തന്നെ തര്‍ക്കമില്ലാത്ത ഒരു ശക്തിയായി മാറിയിരിക്കുന്നുന്നത് രാജ്യത്തിന്റെ സൈനികരും സുരക്ഷാ സേനയും കാരണമാണെന്നും പ്രസിഡന്റ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇറാനില്‍ നിന്നും ഇടയ്ക്കിടയ്ക്ക് പുറത്ത് വരുന്ന ഇത്തരം വെളിപ്പെടുത്തലെല്ലാം ശത്രുക്കള്‍ക്കുള്ള പ്രത്യേകിച്ച് അമേരിക്കയ്ക്ക് ഒരു മുന്നറിയപ്പാണ്. അതുകൊണ്ട് തന്നെ ഒരു കാരാര്‍ എന്നത് തന്നെയാണ് നിലവിലെ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് ഏറ്റവും നല്ലത്.