/kalakaumudi/media/media_files/uzNpVTu7MSUtZMwRnR6R.jpg)
iran army
ടെഹ്‌റാന്‍: ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ പലഭാഗത്തുനിന്നും സമവായ നീക്കം ഉണ്ടായിട്ടും ഇസ്രയേല്‍ വഴങ്ങാന്‍ തയാറായിട്ടില്ല. ആയുധം നമല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ മുന്നറിയിപ്പും തള്ളിയ ഇസ്രയേല്‍ സൈന്യം ഗസയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇറാന്‍ സൈന്യവും ഹൂതികളും ഉള്‍പ്പെടെ ഗസയിലേക്ക് നീങ്ങുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.
ഇരുചേരികളും തമ്മില്‍ നേരിട്ടൊരു ഏറ്റുമുട്ടലുണ്ടായാല്‍ പശ്ചിമേഷ്യയില്‍ മൂന്നാം ലോകമഹായുദ്ധത്തിന് സമാനമായ കൂട്ടക്കുതി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക ആയുധ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കില്‍ക്കൂടിയും അറബ് രാഷ്ട്രങ്ങള്‍ സംയുക്തമായി ഇസ്രയേലിനെതിരെ നീങ്ങിയാല്‍ അത് അമേരിക്കയ്ക്കും അംഗീകരിക്കാനാവില്ല. ഇസ്രയേലിനൊപ്പം ചേര്‍ന്ന് നേരിട്ടൊരു യുദ്ധത്തിന് അമേരിക്കകൂടി ഇറങ്ങിയാല്‍ അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന ഭയത്തിലാണ് ലോകരാഷ്ട്രങ്ങള്‍.
മാസങ്ങള്‍ക്ക് മുന്‍പ് തികച്ചും അപ്രതീക്ഷിതമായി ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണം തടയുന്നതില്‍ ഇസ്രയേലിന് കഴിഞ്ഞില്ലെങ്കിലും ഇറാനും സഖ്യകക്ഷികളും ചേര്‍ന്നു നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണം ഇസ്രയേല്‍ വളരെ മികച്ച രീതിയില്‍ തടഞ്ഞെന്നു പറയാം.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തമായ സൈനിക ശക്തികള്‍ എന്ന് ഇരു രാജ്യങ്ങളെയും എളുപ്പത്തില്‍ വിശേഷിപ്പിക്കാം. ഇരുരാജ്യങ്ങളും രഹസ്യമായി ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കാമെന്ന് സ്ഥിരീകരിക്കാത്ത പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍, ഒരു പൂര്‍ണ്ണമായ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ വിനാശകരമായിരിക്കും. ലോക സൈനികശക്തിയില്‍ ഇറാന് പതിനാലാം റാങ്കും ഇസ്രയേലിനു പതിനേഴാം റാങ്കുമാണുള്ളത്.
യുദ്ധത്തിന് വഴിതുറന്ന് ഏപ്രില്‍ ഒന്നിന് നടന്ന ആക്രമണത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്നാണ് ഇറാന്‍ സൈന്യം പറയുന്നത്. അങ്ങനെ ദീര്‍ഘകാലം ഇരുപക്ഷവും സഖ്യകക്ഷികളോടുകൂടി നടത്തിയിരുന്ന രഹസ്യയുദ്ധം അല്ലെങ്കില്‍ ശീതസമരം നേര്‍ക്കുനേര്‍ ആയിക്കഴിഞ്ഞിരിക്കുന്നു.
ഇരുവരും നേര്‍ക്കുനേര്‍ വരുന്നത് വലിയൊരു ആണവയുദ്ധത്തിലേക്ക് വഴിവച്ചേക്കാം. മുന്‍കാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നതും അതാണ്.
ഇറാനും ഇസ്രയേലും തമ്മില്‍ അതിര്‍ത്തികളില്ല, പ്രകൃതിവിഭവമേഖലകളൊന്നും തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ പങ്കുവയ്ക്കുന്നില്ല. ഇറാന്‍ ഇസ്രയേല്‍ പ്രോക്സി കോണ്‍ഫ്ളിക്ട് എന്നാണ് ലോകവേദിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പക അറിയപ്പെടുന്നത് തന്നെ.
1979ന് ശേഷം ആരംഭിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ശീതസമരം കൂടുതല്‍ ചൂടുപിടിക്കുന്നതാണ് ലോകം കണ്ടത്. രാജ്യാന്തരതലത്തില്‍ ഇസ്രയേലിന്റെ നയപരവും തന്ത്രപരവുമായ എതിരാളിയാണ് ഇറാന്‍. ഇരു രാജ്യങ്ങളും തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും കാലുഷ്യം വര്‍ധിപ്പിച്ച പല സംഭവങ്ങളുമുണ്ട്.ഇതില്‍ പ്രധാനപ്പെട്ടതാണ് നടാന്‍സ് ആണവനിലയത്തിലെ ആക്രമണം അല്ലെങ്കില്‍ ലോകത്തിലെ ആദ്യത്തെ സൈബര്‍ യുദ്ധം.
ഇറാനിലെ നടാന്‍സ് ആണവനിലയത്തിന് 2010ല്‍ ഇന്റര്‍നെറ്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. നിലയത്തിലെ കംപ്യൂട്ടറുകളെല്ലാം ഒരു സ്വകാര്യ നെറ്റ്വര്‍ക്ക് വഴി കണക്ടഡായിരുന്നെങ്കിലും അട്ടിമറികള്‍ ഭയന്ന് ഇവയെ ഒന്നും സൈബര്‍ ലോകവുമായി ബന്ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ തന്ത്രപരമായ പദ്ധതിയില്‍ ഒരു ചാരന്‍ നിലയത്തിനുള്ളില്‍ കടന്ന് തന്റെ കൈയിലുള്ള പെന്‍ഡ്രൈവില്‍ നിന്ന് നിലയത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തിലേക്ക് വൈറസിനെ കടത്തുകയായിരുന്നെന്നാണ് ആരോപണം.
അകത്തു കയറിയ വൈറസ് ദീര്‍ഘനാള്‍ ഉറങ്ങിക്കിടന്നു, തന്റെ നിയോഗം വന്നെത്തുന്നതും കാത്ത്. ഒടുവില്‍ അതു സംഭവിച്ചു. ഒരു ദിവസം വൈറസുകള്‍ ഉണര്‍ന്നെണീറ്റു. നിലയത്തിന്റെ സംവിധാനങ്ങളെല്ലാം സുഗമമായ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇറാനിയന്‍ അധികൃതരെ വൈറസ് തെറ്റിദ്ധരിപ്പിച്ചു. അതിനൊപ്പം തന്നെ തങ്ങളുടെ ഉടമസ്ഥര്‍ക്ക് നിലയത്തിന്റെ നിയന്ത്രണം നേടിക്കൊടുക്കുകയും ചെയ്തു. സ്റ്റക്സ്നെറ്റ് എന്ന വൈറസായിരുന്നു ഇതിനു പിന്നില്‍.
ഇറാനിയന്‍ ആണവ പദ്ധതിയുടെ ഒരു പ്രധാന ഭാഗം പ്രവര്‍ത്തനരഹിതമാക്കാന്‍ യുഎസും ഇസ്രായേലി ഇന്റലിജന്‍സും ചേര്‍ന്ന് രൂപകല്‍പന ചെയ്തെന്ന് കരുതുന്ന ശക്തമായ കമ്പ്യൂട്ടര്‍ വേം ആണ് സ്റ്റക്സ്നെറ്റ്. ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും നന്നായി രൂപകല്‍പന ചെയ്തതുമായ കമ്പ്യൂട്ടര്‍ വേമുകളില്‍ ഒന്നായാണ് സ്റ്റക്സ്നെറ്റിനെ പലരും കണക്കാക്കുന്നത്. ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ഇറാനിയന്‍ പദ്ധതി അട്ടിമറിക്കാനോ അല്ലെങ്കില്‍ കുറഞ്ഞത് വൈകിക്കാനോ കഴിയുന്ന ഒരു അയുധമായാണ് എതിരാളികള്‍ സ്റ്റക്‌സ്‌നെറ്റിനെ രൂപപ്പെടുത്തിയത്.
ഇറാന്റെ ആണവപദ്ധതികളെ യുഎസ് നയിക്കുന്ന പാശ്ചാത്യ ചേരി എന്നും ഭയത്തോടെയും സംശയത്തോടെയുമാണ് നോക്കികാണുന്നത്. യുറേനിയം സമ്പൂഷ്ടീകരണവുമായി ബന്ധപ്പെട്ടുള്ള സംവിധാനങ്ങളെ നിയന്ത്രിക്കുന്ന കംപ്യൂട്ടറുകളെ മാത്രമാണ് സ്റ്റക്‌സ്‌നെറ്റ് ലക്ഷ്യം വച്ചത്. ഇതുകൊണ്ട് തന്നെയാണ് യുഎസും ഇസ്രയേലും സംശയനിഴലില്‍ വന്നെത്തിയതും. ഏതായാലും ലോകത്തിലെ ആദ്യ സൈബര്‍ യുദ്ധ ആയുധമായാണ് സ്റ്റക്സ്നെറ്റ് വിശേഷിപ്പിക്കപ്പെടുന്നത്.
ആണവ പദ്ധതിയുടെ ഏറ്റവും നിര്‍ണായക ഘട്ടമാണ് യുറേനിയം സമ്പുഷ്ടീകരണം. ഇറാന്റെ ന്യൂക്ലിയര്‍ ഫെസിലിറ്റിയിലെ സംഷ്ടീകരണ പ്ലാന്റിനെയാണ് ഈ വേം ലക്ഷ്യമിട്ടത്. അവിശ്വസനീയമാംവിധം വേഗതയില്‍ കറക്കി യുറേനിയം സമ്പുഷ്ടമാക്കുന്ന യന്ത്രങ്ങളാണ് സെന്‍ട്രിഫ്യൂജുകള്‍. ഈ പ്രക്രിയ സാങ്കേതികമായി വളരെയധികം വെല്ലുവിളി നിറഞ്ഞതാണ്. ഇറാന്റെ സെന്‍ട്രിഫ്യൂജുകളെ നിയന്ത്രിക്കുന്ന സംവിധാനത്തിനെ ബാധിച്ച വൈറസുകള്‍ നിയന്ത്രണാതീത കറക്കലിനും നിര്‍ത്താനുമുള്ള സന്ദേശങ്ങള്‍ നിരന്തരം അയയ്ക്കുകയും സെന്‍ട്രിഫ്യൂജുകളെ കേടാക്കുകയും ചെയ്തു. ഏകദേശം അയ്യായിരത്തോളം വരുന്ന സെന്‍ട്രിഫ്യൂജുകളിലെ ആയിരം എണ്ണമാണ് പെടുന്നനെ നശിപ്പിക്കപ്പെട്ടത്. ഇറാന്റെ ആണവ പദ്ധതികളെ ഏകദേശം 2 വര്‍ഷം പിന്നോട്ടടിക്കാന്‍ എന്തായാലും ഈ വൈറസ് അറ്റാക്കിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്.
ലോകം ഞെട്ടിയ സംഗതികളാണ് നടാന്‍സ് നിലയത്തില്‍ നടന്നത്. ഇതു കൂടാതെ ഇറാനില്‍ ആണവവിദ്യയും നവീന ആയുധങ്ങളുമായി ബന്ധപ്പെട്ടുള്ള പല ഉന്നത സൈനികരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതിനു പിന്നില്‍ ഇസ്രയേലിലെ മൊസാദിന്റെ ഇടപെടലുകളുണ്ടെന്ന് ഇറാന്‍ വിശ്വസിക്കുന്നുണ്ട്. അന്നുമുതല്‍ ഇസ്രയേലുമായി കടുത്ത ശത്രുതയിലായിരുന്ന ഇറാന്‍ ഇസ്രയേലിനെ ഇല്ലാതാക്കാന്‍ ഒരവസരം കാത്തിരിക്കുകയായിരുന്നു. അതിന് വഴിമരുന്നിട്ട ഇസ്രയേലാകട്ടെ ഇറാന്റെയും ഹൂതികളുടെയുമൊക്കെ പുതിയ നീക്കം എങ്ങനെ പ്രതിരോധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.