Iran President Dies In Helicopter Crash
ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹിം റൈസിയുടെ മരണത്തിനിടയാക്കിയ ഹെലിക്കോപ്റ്റര്‍ അപകടം സംശയാസ്പദം. മൂന്ന് ഹെലിക്കോപ്റ്ററുകളിലായാണ് ഇബ്‌റാഹിം റൈസിയും സംഘവും അസര്‍ബൈജാന്‍ അതിര്‍ത്തിയിലേക്ക് പോയത്. ഇതില്‍ റൈസിയുടെ ഹെലിക്കോപ്റ്റര്‍ മാത്രമാണ് തകര്‍ന്നത്. അമേരിക്കന്‍ നിര്‍മിത ബെല്‍ 212 ഹെലിക്കോപ്റ്ററാണിത്. മധ്യ പൗരസ്ത്യ മേഖലയില്‍ സംഘര്‍ഷം കനത്തു നില്‍ക്കുന്ന സാഹചര്യത്തില്‍, യാത്രക്ക് ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിടത്തു തുടങ്ങുന്നു സുരക്ഷാ വീഴ്ച. പ്രതികൂല കാലാവസ്ഥയുമായിരുന്നു.രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പര്‍വത പ്രദേശത്തു കൂടിയായിരുന്നു യാത്ര. ഇത് അപകട മേഖലയാണ്. വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ല ഹിയാന്‍ ,കിഴക്കന്‍ അസര്‍ബൈജാന്‍ ഗവര്‍ണര്‍ മാലിക് റഹ്മതി, പ്രവിശ്യയുടെ ഇമാം മുഹമ്മദ് അലി അല്‍ ഹാശിം എന്നിവര്‍ കൂടെയുണ്ടായിരുന്നു. അസര്‍ബൈജാന്‍ പ്രവിശ്യയിലെ ജോല്‍ഫക്കടുത്താണ് അപകടം. കൃത്യമായി പറഞ്ഞാല്‍ വര്‍സാഗാന്‍ പട്ടണത്തിനടുത്തുള്ള ദിസ്മറിലെ സംരക്ഷിത വനമേഖലയില്‍. രക്ഷാ പ്രവര്‍ത്തകര്‍ റോഡ് വഴിയാണ് അവിടേക്കെത്തിയത്.
ഇബ്‌റാഹിം റൈസി കൊല്ലപ്പെട്ട ഹെലിക്കോപ്റ്റര്‍ അപകടം ' പ്രതികൂല കാലാവസ്ഥ കാരണം കഠിനമായ ലാന്‍ഡിംഗ്'' എന്നാണ് ഇറാന്‍ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദിക്കു ലഭിച്ച പ്രാഥമിക വിവരമെങ്കിലും രാജ്യാന്തര ഗൂഡാലോചനയെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.