/kalakaumudi/media/media_files/i6YCSt8UEEPXkdBUULKv.jpeg)
ടെഹ്‌റാന്‍: അഞ്ചു മണിക്കൂര്‍ നീണ്ട അടച്ചിടലിനുശേഷം ഇറാന്‍ തങ്ങളുടെ വ്യോമപാത വീണ്ടും തുറന്നു. അമേരിക്കയുമായുള്ള സൈനിക സംഘര്‍ഷ സാധ്യത കണക്കിലെടുത്തായിരുന്നു വ്യാഴാഴ്ച പുലര്‍ച്ചെ വ്യോമപാത പെട്ടെന്ന് അടച്ചത്. ഇതേത്തുടര്‍ന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള പ്രമുഖ വിമാന കമ്പനികള്‍ തങ്ങളുടെ സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയോ വൈകിപ്പിക്കുകയോ ചെയ്തു.
ഇറാന്‍ വ്യോമപാത അടച്ചതോടെ അമേരിക്കയിലേക്കുള്ള കുറഞ്ഞത് മൂന്ന് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്ക്, നെവാര്‍ക്ക് എന്നിവിടങ്ങളിലേക്കും മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള മറ്റ് വിമാനങ്ങള്‍ ഇറാഖ് വഴിയുള്ള ബദല്‍ റൂട്ടിലൂടെയാണ് സര്‍വീസ് നടത്തുന്നത്. ഇത് വിമാനങ്ങള്‍ വൈകാന്‍ കാരണമായേക്കും. ഇന്‍ഡിഗോയും തങ്ങളുടെ അന്താരാഷ്ട്ര സര്‍വീസുകളെക്കുറിച്ച് യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള കൂട്ടക്കൊലകള്‍ നിലച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. 'കൊലപാതകങ്ങള്‍ നിലച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് തനിക്ക് വിവരം ലഭിച്ചു' എന്ന് ട്രംപ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധക്കാരെ വലിയ തോതില്‍ വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്രസഭയില്‍ അടിയന്തര ചര്‍ച്ച ഇറാനിലെ പ്രതിഷേധങ്ങളും മരണങ്ങളും ചര്‍ച്ച ചെയ്യാന്‍ അമേരിക്കയുടെ അഭ്യര്‍ത്ഥനപ്രകാരം യുഎന്‍ രക്ഷാസമിതി വ്യാഴാഴ്ച അടിയന്തര യോഗം ചേരും. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കാന്‍ അമേരിക്ക ശക്തമായ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഈ നീക്കം.
മോശമായ സാമ്പത്തിക സ്ഥിതിയെത്തുടര്‍ന്നാണ് ഇറാനില്‍ രാജ്യവ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. സുരക്ഷാ സേനയുടെ കടുത്ത അടിച്ചമര്‍ത്തലില്‍ വന്‍തോതില്‍ ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യയില്‍ വ്യക്തതയില്ലെങ്കിലും ചുരുങ്ങിയത് 2,615 പേര്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനയായ എച്ച്ആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി സംസാരിച്ചതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ മന്ത്രാലയം സ്വീകരിക്കുന്നുണ്ടെന്ന് ജയശങ്കര്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
