/kalakaumudi/media/media_files/i3RkCW1wrd1L5fX3xOQY.jpg)
ബെയ്റൂട്ട്: സെപ്തംബറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷൻ ഗാർഡ്‌സ് (ഐ.ആർ.ജി.സി.) സീനിയർ കമാൻഡർ അബ്ബാസ് അബ്ബാസ് നീൽഫൊറൂഷന്റെ മൃതദേഹം കണ്ടെത്തി. ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയ്‌ക്കൊപ്പം ഇറാൻ കമാൻഡറും കൊലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
തിരച്ചിൽ സംഘങ്ങളുടെ നിരന്തര ശ്രമങ്ങളെ തുടർന്നാണ് അബ്ബാസ് നീൽഫൊറൂഷന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഐ.ആർ.ജി.സിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സെപാ ന്യൂസ് വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി ഇറാനിലേക്ക് മാറ്റുമെന്നും ഐ.ആർ.ജി.സി. അറിയിച്ചു.
സെപ്റ്റംബർ 27 ശനിയാഴ്ച പുലർച്ചെയാണ് ഇസ്രയേൽ സൈന്യം ബയ്റുത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തിയത്. ഭൂമിക്കടിയിലായി പ്രത്യേകം തയ്യാറാക്കിയ ബങ്കറിനുള്ളിൽ നസ്രള്ള ഉണ്ടെന്ന ചാരവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വ്യോമാക്രമണം. തകർന്ന ബങ്കറിൽനിന്നും നസ്രള്ളയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ നീൽഫൊറൂഷന്റെ മൃതദേഹം കണ്ടെത്തിയിരുന്നില്ല.