/kalakaumudi/media/media_files/2024/10/26/CjqfLluYXpnITigPYcTd.jpg)
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക് ആറു മാസം തടവിനുകൂടി ശിക്ഷിച്ച് ഇറേനിയന്‍ അധികൃതര്‍. നര്‍ഗീസിന്റെ മോചനത്തിനായി പ്രചാരണം നടത്തുന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. അധികൃതരുടെ ഉത്തരവുകള്‍ അനുസരിച്ചില്ലെന്ന കാരണത്താലാണ് ആറു മാസം തടവിനു ശിക്ഷിച്ചത്. രാഷ്ട്രീയ തടവുകാരിയുടെ വധശിക്ഷയ്‌ക്കെതിരേ പ്രതിഷേധിച്ചതാണ് നര്‍ഗീസിനെതിരേ ആരോപിക്കപ്പെടുന്ന കുറ്റം. അമ്പത്തിരണ്ടുകാരിയായ നര്‍ഗീസ് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ്. ഇറാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലാണ് നര്‍ഗീസ് മുഹമ്മദിയെ പാര്‍പ്പിച്ചിരിക്കുന്നത്. 2023ലാണ് നര്‍ഗീസിന് സമാധാന നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
സ്ത്രീ അവകാശങ്ങള്‍ക്കും ജനാധിപത്യത്തിനുംവേണ്ടി പൊരുതുന്ന ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നര്‍ഗീസ് മുഹമ്മദി. നേരത്തെ, നര്‍ഗീസിനെ ഹൃദയ, ശ്വാസകോശ പരിചരണത്തിനായി സ്പെഷലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. റാന്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായ നര്‍ഗീസ് അരനൂറ്റാണ്ടുകാലത്തെ ജീവിതത്തിനിടെ നിരവധി അറസ്റ്റുകള്‍ നേരിട്ടു. 13 തവണ ജയിലില്‍ അടക്കപ്പെടുകയും അഞ്ചു തവണ കോടതി ശിക്ഷിക്കുകയും ചെയ്തു.
നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ വേളയിലും നര്‍ഗീസ് ജയിലിലാണ്. ജനാധിപത്യത്തിനുവേണ്ടിയും ഇറാനിലെ വധശിക്ഷയ്ക്കെതിരേയും നര്‍ഗീസ് നിരന്തരം പ്രവര്‍ത്തിച്ചുവരുകയാണ്. സമാധാന നൊബേല്‍ ലഭിക്കുന്ന 19-ാമത്തെ വനിതയും രണ്ടാമത്തെ ഇറേനിയന്‍ വനിതയുമാണ് എന്‍ജിനിയറായ നര്‍ഗീസ് മൊഹമ്മദി. മനുഷ്യാവകാശ പ്രവര്‍ത്തക ഷിറിന്‍ ഇബാദിയാണ് സമാധാന നൊബേല്‍ (2003) നേടിയ ആദ്യ ഇറേനിയന്‍ വനിത.