അമേരിക്കയെ വിറപ്പിച്ച് റഷ്യ- ഇറാന്‍ സൈനികാഭ്യാസം

മേഖലയില്‍ വിന്യസിച്ചിരിക്കുന്ന യുഎസ് നാവിക സേനയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സൈന്യം കഴിഞ്ഞ ദിവസം അഭ്യാസങ്ങള്‍ നടത്തിയിരുന്നു.

author-image
Biju
New Update
america3

ടെഹ്റാന്‍: ജനീവ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയെ ഭീതിയിലാക്കി പുതിയ നീക്കങ്ങള്‍. അമേരിക്കയുടെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും കുടത്ത ഭീഷണികള്‍ നിലനില്‍ക്കുന്നതിനിടെ ഒമാന്‍ കടലില്‍ ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസങ്ങള്‍ നടത്തും. ജനീവയില്‍ ഇറാനും അമേരിക്കയും തമ്മില്‍ നടന്ന രണ്ടാംഘട്ട ചര്‍ച്ചയിലും കാര്യമായ പുരോഗതി ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ഈ നീക്കം. 

മേഖലയില്‍ വിന്യസിച്ചിരിക്കുന്ന യുഎസ് നാവിക സേനയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സൈന്യം കഴിഞ്ഞ ദിവസം അഭ്യാസങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസം ഒമാന്‍ കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി നടക്കാന്‍ പോകുന്നത്.

കടല്‍ സുരക്ഷ ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളുടെയും നാവിക സേനകള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് സംയുക്ത നാവികാഭ്യാസത്തിന്റെ വക്താവ് റിയര്‍ അഡ്മിറല്‍ ഹസ്സന്‍ മഗ്സൂദ്‌ലൂ പറഞ്ഞു.

ജനീവയിലെ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി യുഎസ് ഇറാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. വിമാനവാഹിനി കപ്പലുകളടക്കം അയച്ച് പശ്ചിമേഷ്യയിലെ സൈനിക ശക്തി അമേരിക്ക വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അല ഖമീനി കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയെ വീണ്ടും എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം ശക്തമായി ആക്രമിക്കാന്‍ കഴിയുമെന്നും വിമാന വാഹിനി കപ്പലിനെ കടലിന്റെ അടിത്തട്ടിലേക്ക് അയയ്ക്കാന്‍ കഴിയുമെന്നും ഖമീനി പറഞ്ഞു. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയില്‍ ആളുകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഖമീനിയുടെ മുന്നറിയിപ്പ്.

'തീര്‍ച്ചയായും, ഒരു വിമാനവാഹിനിക്കപ്പല്‍ അപകടകരമായ യന്ത്രമാണ്, എന്നാല്‍ അതിനേക്കാള്‍ അപകടകരമായത് കടലിലേക്ക് അതിനെ അയക്കാന്‍ കഴിവുള്ള ആയുധമാണ്' ഖമീനി പറഞ്ഞു.

ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം തങ്ങളുടെ രാജ്യത്തിന് ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് പലപ്പോഴും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഏറ്റവും ശക്തമായ സൈന്യത്തിന് പോലും ഒരിക്കലും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്തത്ര കഠിനമായി തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ഖമീനി പറഞ്ഞു.

യുഎസിന്റെ പ്രകോപനങ്ങള്‍ വിജയിക്കില്ല. ഇറാന്‍ സൈന്യം സജ്ജമാണ്. ഭീഷണികളും പ്രസംഗങ്ങളും നടത്തുകയല്ലാതെ ഇസ്ലാമിക റിപ്പബ്ലിക്കിനെ നശിപ്പിക്കാന്‍ ട്രംപിന് കഴിയില്ലെന്നും ഇറാന്റെ പരമോന്നത നേതാവ് പറഞ്ഞു.

ഇറാന്‍ തീരത്തോട് ചേര്‍ന്ന് നങ്കൂരമിട്ടിരിക്കുന്ന യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനി കപ്പലിനെ ലക്ഷ്യംവെച്ചാണ് ഖമീനിയുടെ പ്രസ്താവനയെന്നാണ് സൂചന. അയ്യായിരത്തിലധികം സൈനികര്‍ ഉള്ള എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലില്‍ എഫ്35 അടക്കമുള്ള 90 ഓളം യുദ്ധ വിമാനങ്ങളുണ്ട്. ഇറാനില്‍നിന്ന് ഏകദേശം 700 കിലോമീറ്റര്‍ അകലെ ഒമാന്‍ തീരത്താണ് നിലവില്‍ ഈ കപ്പലുള്ളതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടയില്‍തന്നെയാണ് ഒമാന്‍ കടലില്‍ റഷ്യയുമായി ചേര്‍ന്ന ഇറാന്‍ നാവിക അഭ്യാസം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.