ഇറാന് ആണവായുധം സ്വന്തമാക്കുന്നതിനെതിരെ ശക്തമായ നീക്കങ്ങള്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതിനിടെ, അമേരിക്കയെ ഉള്‍പ്പെടെ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ ഫ്രാന്‍സില്‍ നിന്നും വരുന്നത്. ഇറാന്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആണവായുധം സ്വന്തമാക്കുമെന്ന് ഫ്രാന്‍സിന്റെ രഹസ്യാന്വേഷണ മേധാവി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഫ്രഞ്ച് ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസ് മേധാവി നിക്കോളാസ് ലെര്‍നറാണ് ഇത്തരമൊരു പ്രതികരണം പരസ്യമായി നടത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍ റിച്ചാര്‍ഡ് മൂറിനൊപ്പം പാരീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ലെര്‍ണര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫ്രാന്‍സിനേയും ബ്രിട്ടനെയും സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് ഇറാന്റെ ആണവ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ ഭീഷണിയെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഫ്രാന്‍സിന്റെ ഇന്റലിജന്‍സ് മേധാവി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ഗൂഢ ശ്രമമായാണ് പാശ്ചാത്യ രാജ്യങ്ങളുടെ വിലയിരുത്തല്‍. 2018-ല്‍ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനെത്തുടര്‍ന്ന് വ്യാപകമായി ആശങ്കകള്‍ ഉയര്‍ന്നിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഒപ്പുവച്ച കരാറിന്റെ ഭാഗമായി ഭാഗികമായ ഉപരോധത്തില്‍ ഇളവ് നല്‍കുന്നതിന് പകരമായി ഇറാന്‍ അതിന്റെ ആണവ പദ്ധതി നിയന്ത്രിക്കാന്‍ സമ്മതിച്ചെങ്കിലും അത് നടപ്പിലാക്കിയില്ല.
തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും ആയുധം വികസിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നുമാണ് ഇറാന്റെ വാദം. എന്നാല്‍ കരാറിന്റെ തകര്‍ച്ചയ്ക്ക് ശേഷം ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം 60% ആയി വര്‍ധിപ്പിച്ചതായാണ് യുഎന്‍ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി പറയുന്നത്. ഒരു അണുബോംബില്‍ ഉപയോഗിക്കുന്നതിന് അത് 90%-ല്‍ കൂടുതല്‍ സമ്പുഷ്ടമാകേണ്ടതുണ്ട്.
ആയിരക്കണക്കിന് നൂതന സെന്‍ട്രിഫ്യൂജുകള്‍ ഉപയോഗിച്ച് ഇറാന്‍ യുറേനിയം സമ്പുഷ്ടമാക്കാന്‍ തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. ഇതും അമേരിക്കന്‍ ചേരിയെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. ഈ മാസം ആദ്യം ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുതിര്‍ന്ന സഹായിയായ കമാല്‍ ഖരാസി ഇറാന് ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാങ്കേതിക കഴിവുകള്‍ ഉണ്ടെന്ന് പരസ്യമായി സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിന് അങ്ങനെ ചെയ്യാന്‍ പദ്ധതികളൊന്നുമില്ലെങ്കിലും ഇറാന്‍ അതിജീവനത്തിന് ഗുരുതരമായ ഭീഷണി നേരിടുകയാണെങ്കില്‍ പുനര്‍വിചിന്തനം ചെയ്യാനുള്ള അവകാശം ഞങ്ങളില്‍ നിക്ഷിപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്ക ശക്തമായ ആശങ്കകളാണ് നിലവില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഒരു ന്യൂക്ലിയര്‍ ബോംബിന് ആവശ്യമായ ആയുധ ഗ്രേഡ് മെറ്റീരിയല്‍ നിര്‍മ്മിക്കാന്‍ ഇറാന് ഒരുപക്ഷേ ഒന്നോ രണ്ടോ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞ ജൂലൈയില്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഫ്രാന്‍സിന്റെ രഹസ്യാന്വേഷണ മേധാവിയുടെ മുന്നറിയിപ്പ് കൂടി വന്നതോടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇസ്രയേല്‍.
ഗാസയിലെ സംഘര്‍ഷത്തെച്ചൊല്ലി ഇറാനും ഇസ്രയേലും തമ്മില്‍ ഇപ്പോഴും ശക്തമായ തര്‍ക്കം നിലനില്‍ക്കുകയാണ്. ലെബനനില്‍ അമേരിക്ക മുന്‍കൈ എടുത്ത് വെടിനിര്‍ത്തല്‍ കൊണ്ടു വന്നെങ്കിലും അത് എത്ര നാള്‍ എന്ന ചോദ്യവും പ്രസക്തമാണ്. ഇറാന്‍ നിയന്ത്രിക്കുന്ന ഹിസ്ബുള്ളയും യെമനിലെ ഹൂതികളും, ഇറാന്‍ ഭരണകൂടം പറയുന്നത് എന്താണോ അതാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ടു തന്നെ ഇറാന്‍ ആണവ കരുത്താര്‍ജിക്കുന്നതിനായാണ് ഈ സായുധ സംഘങ്ങള്‍ കാത്ത് നില്‍ക്കുന്നതെന്ന സംശയവും ശക്തമാണ്.