വാക്‌പോരും അടിച്ചും തിരിച്ചടിച്ചും മുന്നോട്ടുപോകുന്ന ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് നേതാക്കളുടെ ഭാഗത്ത് നിന്നും ഓരോദിവസവും പുറത്തുവരുന്നത് രൂക്ഷമായ പ്രതികരണങ്ങളാണ്. ഇറാന്‍ ഒരു ആണവശക്തിയായി മാറുന്നത് തടയാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഏറ്റവും ഒടുവില്‍ പറഞ്ഞിരിക്കുന്നത്.പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് തുടര്‍ന്നാല്‍ ആണവായുധം വികസിപ്പിക്കാനുള്ള നിരോധനം അവസാനിപ്പിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഇറാന്‍ ഒരു ആണവശക്തിയായി മാറുന്നത് തടയാന്‍ സാധ്യമായത് എല്ലാം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. അതിന് എന്തൊക്കെ ചെയ്യണമോ അതെല്ലാം ചെയ്യും. ആണവായുധം മറ്റൊരിടത്ത് നിന്ന് വാങ്ങാന്‍ അവരെ ഒരിക്കലും അനുവദിക്കില്ലെന്നും'' ഇസ്രായേലി മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറയുകയുണ്ടായി. ലെബനനുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ട സാഹചര്യത്തില്‍ ഇറാനിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത് ഏത് രീതിയില്‍ ആയിരിക്കുമെന്ന് നെതന്യാഹു വിശദീകരിക്കാന്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രായേലിന് നേരെ ഇറാന്‍ രണ്ട് തവണ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഹമാസ്, ഹിസ്ബുള്ള നേതാക്കളേയും ഇറാന്‍ ജനറലിന്റേയും മരണത്തിന് പ്രതികാരമായിട്ടായിരുന്നു ആക്രമണം. തങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ആണവനയത്തില്‍ മാറ്റം വരുത്തുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ എത്താനിരിക്കെ ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു അരാഗ്ചിയുടെ പ്രസ്താവന.
1950കളില്‍ ആറ്റംസ് ഫോര്‍ പീസ് പ്രോഗ്രാമിന് കീഴില്‍ അമേരിക്കയുടെ പിന്തുണയോടെ ആരംഭിച്ച ഇറാന്റെ ആണവ പദ്ധതി സമാധാനപരമായ ശാസ്ത്രീയ പര്യവേക്ഷണത്തിന് വേണ്ടിയായിരുന്നു. 1970-ല്‍, ആണവ പ്രവര്‍ത്തനങ്ങള്‍ ഐഎഇഎ പരിശോധനയ്ക്ക് വിധേയമാക്കി ഇറാന്‍ ആണവനിര്‍വ്യാപന ഉടമ്പടി അംഗീകരിക്കുകയുണ്ടായി. എന്നാല്‍, 1979-ലെ ഇറാനിയന്‍ വിപ്ലവത്തിനുശേഷം ,സഹകരണം അവസാനിപ്പിക്കുകയും ഇറാന്‍ രഹസ്യമായി ആണവ പദ്ധതി പിന്തുടരുകയും ചെയ്തു.
2015 ലെ ആണവ കരാറില്‍ ഇറാന്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന്, അന്ന് പിന്‍വലിച്ച ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുമെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇപ്പോള്‍ മുന്നറിയിപ്പുമായി അറാഗ്ചി രംഗത്തെത്തിയിരിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളുമായുള്ള മെച്ചപ്പെട്ട ബന്ധം പിന്തുടരുന്നതിലൂടെ ഇറാന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുമെന്ന വാഗ്ദാനത്തില്‍ ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട ഇറാന്റെ പരിഷ്‌കരണവാദിയായ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അറാഗ്ചിയെ വിദേശകാര്യ മന്ത്രിയായി നിയമിച്ചിരുന്നു.
2015 ലെ കരാറിന്റെ ഭാഗമായി ഇറാന്‍ തങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. അതിനുപകരം സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് അമേരിക്കയും മറ്റു ചില രാജ്യങ്ങളും ഇതിനെ എതിര്‍ക്കുകയായിരുന്നു. അമേരിക്കയുടെ ഈ നിലപാട് എല്ലായിടത്തും തര്‍ക്കങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ കഴിഞ്ഞ ആഴ്ച നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം, യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന് എതിരെ അണിനിരന്നുവെന്ന് താന്‍ വിശ്വസിക്കുന്നതായി ഇറാന്‍ വിദേശകാര്യമന്ത്രി പറയുന്നു.
ഐഎഇഎ ഡയറക്ടര്‍ മുമ്പ് കൊണ്ടുവന്ന പ്രമേയപ്രകാരം ഇറാന്‍ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനമായി പരിമിതപ്പെടുത്താനും നാല് ന്യൂക്ലിയര്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഇറാന്റെ ആണവ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആ പ്രമേയത്തിനെതിരെയാണ് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നതെന്ന് അറാഗ്ചി വ്യക്തമാക്കുന്നു.