ഇറാനില്‍ ഇന്ന് അതിനിര്‍ണായക നേതൃയോഗം; ഖമേനിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ചര്‍ച്ചകള്‍

ഭരണകൂടം തകര്‍ന്നിട്ടില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് ഈ വേഗത്തിലുള്ള നീക്കം. എന്നാല്‍, പുതിയ നേതാവിനെ കണ്ടെത്തുന്ന കാര്യത്തിലും യുദ്ധതന്ത്രങ്ങളിലും ഭരണകൂടത്തിനുള്ളില്‍ രണ്ട് തട്ടിലായുള്ള അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍

author-image
Biju
New Update
meeting

ടെഹ്റാന്‍: ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ രാജ്യത്ത് പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇറാന്റെ 'അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്' അടുത്ത 24 മണിക്കൂറിനുള്ളില്‍ അടിയന്തര യോഗം ചേരും. ഭരണകൂടം തകര്‍ന്നിട്ടില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് ഈ വേഗത്തിലുള്ള നീക്കം. എന്നാല്‍, പുതിയ നേതാവിനെ കണ്ടെത്തുന്ന കാര്യത്തിലും യുദ്ധതന്ത്രങ്ങളിലും ഭരണകൂടത്തിനുള്ളില്‍ രണ്ട് തട്ടിലായുള്ള അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ ശക്തമായ പ്രതികാരം വേണമെന്ന് ആഗ്രഹിക്കുന്ന  വിഭാഗവും, നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം തേടുന്ന വാദികളും തമ്മിലുള്ള വടംവലി ശക്തമാണ്. അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിച്ച പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ പ്രസ്താവന ഇതിനോടകം വിവാദമായിട്ടുണ്ട്. കടുത്ത നിലപാടുള്ള നേതാക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് തന്റെ പ്രസ്താവന തിരുത്തേണ്ടി വന്നു. അതേസമയം, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനി യുദ്ധത്തിന് ട്രംപ് വലിയ വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് രംഗത്തെത്തി.

ഖമേനിയുടെ അഭാവത്തില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആണ് നിലവില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത്. പുതിയ നേതാവിനെ നിശ്ചയിക്കുന്നതിലും ഇവരുടെ നിലപാട് അന്തിമമായിരിക്കും. ആഭ്യന്തരമായ ഭിന്നതകള്‍ക്കിടയിലും ഗള്‍ഫ് മേഖലയില്‍ ശനിയാഴ്ച രാത്രിയും മിസൈല്‍ ആക്രമണങ്ങള്‍ തുടര്‍ന്നതായാണ് വിവരം. ഭരണകൂടത്തിലെ ഭിന്നതയും ജനകീയ പ്രതിഷേധങ്ങളും ഇറാനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയോടെയാണ് മാറ്റങ്ങളെ നോക്കിക്കാണുന്നത്.