ട്രംപുമായി ഇനി ചര്‍ച്ചയില്ല; നിലപാട് കടുപ്പിച്ച് ഇറാന്‍, അരാംകോയിലും ആക്രമണം

ഇസ്രായേലിന്റെ അധികാര മോഹങ്ങള്‍ക്കായി അമേരിക്കന്‍ സൈനികരെ അദ്ദേഹം കുരുതികൊടുക്കുകയാണെന്നും ലാരിജാനി ആഞ്ഞടിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വലംകൈയും പ്രധാന ഉപദേഷ്ടാവായ ലാറിജാനി

author-image
Biju
New Update
lari

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ ആക്രമണം കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചന നല്‍കി അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും തയാറല്ലെന്ന് ഇറാനിലെ നിലവില്‍ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായ അലി ലാറിജാനി. മധ്യസ്ഥര്‍ മുഖേന ഇറാന്‍ ചര്‍ച്ചയ്ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചു എന്ന തരത്തില്‍ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായ ലാറിജാനി എക്‌സിലൂടെയാണ് രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വികലമായ നയങ്ങള്‍ പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്ന് ലാറിജാനി കുറ്റപ്പെടുത്തി. 'അമേരിക്ക ഫസ്റ്റ്' എന്ന സ്വന്തം മുദ്രാവാക്യത്തെ ട്രംപ് ഇപ്പോള്‍ 'ഇസ്രായേല്‍ ഫസ്റ്റ്' എന്നാക്കി മാറ്റിയിരിക്കുകയാണ്. അതിനിടെ ഗള്‍ഫിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയിലും ആക്രമണം നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

ഇസ്രായേലിന്റെ അധികാര മോഹങ്ങള്‍ക്കായി അമേരിക്കന്‍ സൈനികരെ അദ്ദേഹം കുരുതികൊടുക്കുകയാണെന്നും ലാരിജാനി ആഞ്ഞടിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വലംകൈയും പ്രധാന ഉപദേഷ്ടാവായ ലാറിജാനി, ഇറാന്‍ ഒരിക്കലും യുദ്ധത്തിന് തുടക്കമിട്ടിട്ടില്ലെന്നും എന്നാല്‍ അധിനിവേശത്തെ ശക്തമായി നേരിടുമെന്നും വ്യക്തമാക്കി. അമേരിക്കന്‍ സൈനികരുടെ ജീവഹാനിയില്‍ ഇപ്പോള്‍ ഭയക്കുന്ന ട്രംപ് തന്നെയാണ് മേഖലയില്‍ അശാന്തി വിതയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണ് ലാറിജാനിയുടെ ഈ കടുത്ത പരാമര്‍ശങ്ങള്‍ നല്‍കുന്നത്.

ഇറാനുമായുള്ള സൈനിക സംഘര്‍ഷം എത്രകാലം നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ ആദ്യമായി വ്യക്തത വരുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികള്‍ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഡെയ്ലി മെയിലിന് നല്‍കിയ ഹ്രസ്വമായ ടെലിഫോണ്‍ അഭിമുഖത്തിലാണ് വൈറ്റ് ഹൗസിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ട്രംപ് മനസ് തുറന്നത്. ഇറാന്‍ ശക്തമായ ഒരു രാജ്യമാണെങ്കിലും ഈ പ്രക്രിയ നാല് ആഴ്ചയോ അതില്‍ കുറവോ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് ട്രംപ് വ്യക്തമാക്കി.