അമേരിക്കയുടെ മുഖത്തേറ്റ ശക്തമായ അടി: ഖമേനി

ഇറാനിലെ ഒന്‍പതു കോടി ജനങ്ങളും ഒറ്റക്കെട്ടായി നിന്നു. ഇറാനിയന്‍ ജനത തങ്ങളുടെ സവിശേഷമായ സ്വഭാവം പ്രകടിപ്പിച്ചു. ആവശ്യമുള്ളപ്പോള്‍ ഇറാന്‍ ജനതയില്‍ നിന്ന് ഒരൊറ്റ ശബ്ദം മാത്രമാണ് ഉയരുകയെന്ന് അവര്‍ കാണിച്ചുതന്നതായും അദ്ദേഹം പറഞ്ഞു

author-image
Biju
New Update
irans khamenei speaks with a rifle beside him and warns Israel

ടെഹ്‌റാന്‍: ഇസ്രയേലിനെതിരായ യുദ്ധത്തില്‍ വിജയം നേടിയതായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. വിജയം അമേരിക്കയുടെ മുഖത്തേറ്റ ശക്തമായ അടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ഇസ്രയേല്‍ വെടിനിര്‍ത്തലിനുശേഷമുള്ള ഖമനയിയുടെ ആദ്യപ്രതികരണമാണിത്. ജൂണ്‍ 18നാണ് ടെലിവിഷനിലൂടെ ഖമനയിയുടെ അവസാന പ്രതികരണം പുറത്തുവന്നത്. ഖമനയി എവിടെയാണെന്ന ചോദ്യമുയര്‍ത്തി ഇസ്രയേലിലെ ചില മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. 

ഇസ്രയേലിനെതിരെയുള്ള വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി ഖമേനയി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. സയണിസ്റ്റ് ഭരണകൂടം പൂര്‍ണമായും നശിക്കുമെന്ന് തോന്നിയതുകൊണ്ടാണ് യുഎസ് 'നേരിട്ടുള്ള യുദ്ധത്തില്‍ പ്രവേശിച്ചത്' എന്ന് ഖമനയി പറഞ്ഞു. ഈ യുദ്ധത്തില്‍ നിന്ന് യുഎസിന് യാതൊരു നേട്ടവും ഉണ്ടായില്ല. 

ഇറാനിലെ ഒന്‍പതു കോടി ജനങ്ങളും ഒറ്റക്കെട്ടായി നിന്നു. ഇറാനിയന്‍ ജനത തങ്ങളുടെ സവിശേഷമായ സ്വഭാവം പ്രകടിപ്പിച്ചു. ആവശ്യമുള്ളപ്പോള്‍ ഇറാന്‍ ജനതയില്‍ നിന്ന് ഒരൊറ്റ ശബ്ദം മാത്രമാണ് ഉയരുകയെന്ന് അവര്‍ കാണിച്ചുതന്നതായും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞദിവസമാണ് ഇസ്രയേല്‍ഇറാന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായത്. 12 ദിവസത്തെ സംഘര്‍ഷം അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിനു ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് പ്രഖ്യാപിച്ചത്. എന്നാല്‍, വെടിനിര്‍ത്തല്‍ സമയത്തിനു ശേഷവും ഇറാന്‍ മിസൈല്‍ ആക്രമണം തുടര്‍ന്നെന്നാരോപിച്ച് അര്‍ധരാത്രിക്കു ശേഷം ഇസ്രയേല്‍ ടെഹ്‌റാനില്‍ കനത്ത ബോംബുവര്‍ഷം നടത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ട്രംപ്  സംസാരിച്ചതോടെയാണ് ഇത് അവസാനിപ്പിച്ചത്. 

തിങ്കളാഴ്ച രാത്രി ഖത്തറിലെ യുഎസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകമാണു സമൂഹമാധ്യമത്തിലൂടെ നാടകീയമായി ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ട്രംപ് നേരിട്ടു നടത്തിയ നയതന്ത്ര ശ്രമങ്ങളിലൂടെയാണ് സംഘര്‍ഷം താല്‍ക്കാലികമായെങ്കിലും അവസാനിക്കുന്നത്. ആക്രമണം നിര്‍ത്താന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചുവെങ്കിലും കരാറൊന്നും ഉണ്ടാക്കിയിട്ടില്ല.

 

khamenei Ayatollah Ali Khamenei