/kalakaumudi/media/media_files/2026/02/02/kha1-2026-02-02-09-00-08.jpg)
ടെഹ്‌റാന്‍: ഇസ്ലാമിക് റിപ്പബ്ലിക്കിന് നേരെയുള്ള യുഎസിന്റെ ഏതൊരു ആക്രമണവും മേഖലയിലാകെ യുദ്ധത്തിന് കാരണമാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ, ഇറാനുമായി ഒരു കരാറിലെത്താന്‍ സാധിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖമനയിയുടെ മുന്നറിയിപ്പിനെപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം തീര്‍ച്ചയായും അങ്ങനെയേ പറയൂ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഒരു കരാറിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി കരാര്‍ നടന്നില്ലെങ്കില്‍, അദ്ദേഹം പറഞ്ഞത് ശരിയായിരുന്നോ ഇല്ലയോ എന്ന് നമുക്ക് അപ്പോള്‍ അറിയാമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
1979ലെ ഇസ്ലാമിക് വിപ്ലവത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ടെഹ്റാനിലെ തന്റെ വസതിയില്‍ ഒത്തുചേര്‍ന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു ഖമനയിയുടെ മുന്നറിയിപ്പ്. ഇറാനിലെ എണ്ണ, പ്രകൃതിവാതകം, മറ്റ് ധാതുസമ്പത്തുകള്‍ എന്നിവയിലാണ് അമേരിക്കയ്ക്ക് താല്‍പര്യമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍പു നിയന്ത്രിച്ചിരുന്നതുപോലെ ഈ രാജ്യത്തെ വീണ്ടും പിടിച്ചെടുക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
''ഇത്തവണ അവര്‍ ഒരു യുദ്ധത്തിന് മുതിര്‍ന്നാല്‍ അത് പ്രാദേശികമായ ഒരു വലിയ യുദ്ധമായി മാറുമെന്ന് അമേരിക്കക്കാര്‍ അറിഞ്ഞിരിക്കണം. ഞങ്ങള്‍ യുദ്ധം തുടങ്ങുന്നവരല്ല. ആരോടും അനീതി കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഒരു രാജ്യത്തെയും ആക്രമിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല. എന്നാല്‍ ആരെങ്കിലും അതിമോഹം കാട്ടുകയോ, ആക്രമിക്കാനോ ഉപദ്രവിക്കാനോ തുനിയുകയോ ചെയ്താല്‍, ഇറാനിയന്‍ ജനത അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും'' ആയത്തുല്ല അലി ഖമനയി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
