ഇറാനില്‍ ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ പദ്ധതി ചോര്‍ന്നത് കഴിഞ്ഞ ദിവസമാണ്. ലോകം നിയന്ത്രിക്കുന്ന അമേരിക്കയും ഇസ്രയേലും സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത അടിയായിരുന്നു ഈ ചോര്‍ച്ചയിലൂടെ ഇറാന്‍ അവര്‍ക്ക് നല്‍കിയത്. അന്വേഷണം പ്രഖ്യാപിച്ചതായി സ്ഥിരം ശൈലിയില്‍ അമേരിക്ക പറയുന്നുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താന്‍ ആഴ്ച ഒന്ന് പിന്നിട്ടിട്ടും സാധിച്ചിട്ടില്ല.
എന്നാല്‍ ഈ ആക്രമണ വിവരം മാത്രമല്ല, ഇസ്രയേലിന്റെ മുക്കുംമൂലയും തങ്ങളുടെ കൈയിലുണ്ടെന്നും അറ്റകൈ പ്രയോഗത്തിന് നിര്‍ബന്ധിക്കരുതെന്നും ഇറാന്‍ ഇസ്രയേലിന് അവസാന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ചോര്‍ന്നുപോയ വിവരങ്ങളില്‍ എന്തെല്ലാമുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഇസ്രയേലിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന സ്ഥലങ്ങളുടെയുമടക്കം കംപ്ലീറ്റ് ലിസ്റ്റ് തങ്ങളുടെ കൈയിലുണ്ടെന്ന ഭീഷണിയുമായി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതില്‍ ഈ മേഖലകളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌സി വ്യക്തമാക്കിക്കഴിഞ്ഞു. ഇറാനെതിരെ ആക്രമണം നടത്തിയാല്‍ ഇസ്രയേലിന് കനത്ത മറുപടി കിട്ടാതിരിക്കില്ലെന്നും നെതന്യാഹു ഭരണകൂടം തത്തുല്യമായ ആക്രമണം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഇറാന്‍ ശക്തമായി തിരിച്ചടിച്ചാല്‍ ഇസ്രയേലിന്റെ അടിത്തറ ഇളകുമെന്നും അബ്ബാസ് അരാഗ്‌സി ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ഇസ്രയേല്‍ ചുവപ്പ് വര മറികടക്കുന്നുവെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇസ്രയേലിനു തിരിച്ചടി താങ്ങാനാകില്ലെന്നും അബ്ബാസ് അരാഗ്‌സി വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനെ ആക്രമിക്കാനുള്ള ഉത്തരവില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഒപ്പുവച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഇസ്രയേല്‍ ഭൂമിയിലേ ഉണ്ടാകില്ലെന്ന മുന്നറിയിപ്പുമായി റഷ്യയും രംഗത്തുവന്നിട്ടുണ്ട്. അത്തരം ആക്രമണങ്ങളുടെ സാധ്യതയെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്ന മുന്നറിയിപ്പാണ് റഷ്യ നല്‍കുന്നത്.
നേരത്തെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും സമാനമായ മുന്നറിയിപ്പ് ഇസ്രയേലിന് നല്‍കിയിരുന്നു. ഇറാന്റെ സിവിലിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് 'ഗുരുതരമായ പ്രകോപനം' ആയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തിലെ റഷ്യന്‍ നിലപാട് അറിഞ്ഞതോടെയാണ് ഇസ്രയേല്‍ തിരിച്ചടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇറാന്റെ എണ്ണപ്പാടങ്ങളും ആണവകേന്ദ്രങ്ങളും ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി അമേരിക്ക രംഗത്ത് വന്നിരുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷത്തില്‍ റഷ്യ നേരിട്ട് ഇടപെടുന്ന സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണ് ഇത്തരമൊരു അഭ്യര്‍ത്ഥന അമേരിക്ക മുന്നോട്ട് വച്ചിരുന്നത്.
എന്നാല്‍, ഇസ്രയേലിലെ വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതിനാല്‍ തിരിച്ചടിക്കണമെന്ന വാശിയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമിക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ രേഖപ്പെടുത്തിയ ഫയലില്‍ ബെഞ്ചമിന്‍ നെതന്യാഹു ഇതിനകം ഒപ്പുവച്ചതായി എബിസി ന്യൂസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതായത് ഇസ്രയേല്‍ എന്തായാലും തിരിച്ചടിക്കുമെന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്. ഈ തിരിച്ചടി ഇറാനില്‍ ഉണ്ടാക്കുന്ന നാശനഷ്ടത്തിന്റെ തോതിന് അനുസരിച്ചായിരിക്കും ഇറാന്റെ ഭാഗത്ത് നിന്നും തിരിച്ചടി ഉണ്ടാകാന്‍ പോകുന്നത്. ഇറാനിലെ ആണവ എണ്ണ കേന്ദ്രങ്ങളിലോ ജനവാസ കേന്ദ്രങ്ങളിലോ മിസൈല്‍ വീണാല്‍ ചരിത്രത്തില്‍ ഇന്നുവരെ നേരിടാത്ത പ്രഹരം ഇസ്രയേല്‍ നേരിടേണ്ടി വരുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഹമാസിന്റെ പുതിയ മേധാവിയെയും ഇറാന്‍ വധിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതും ഇറാനെ കൂടുതല്‍ പ്രകോപിതരാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, ആക്രമിക്കാന്‍ ഇസ്രയേല്‍ അവസരം ഉണ്ടാക്കിയാല്‍ മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഇറാന്‍ പ്രയോഗിക്കാനുള്ള സാധ്യതയും ഏറെയാണ്. ആണവ ബോംബുകളേക്കാള്‍ പ്രഹരശേഷിയുള്ള രഹസ്യായുധം ഇറാന്റെ പക്കലുണ്ടെന്നാണ് ഇറാന്‍ ബ്രിഗേഡിയര്‍ ജനറല്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലിനെ അമേരിക്കയും ഗൗരവമായാണ് കാണുന്നത്.
യെമന്‍ ആസ്ഥാനമായുള്ള ഹൂതി വിമതര്‍ക്കെതിരെ അമേരിക്കന്‍ സൈന്യം ഒക്ടോബര്‍ 17 ന് നടത്തിയ വ്യോമാക്രമണം തന്നെ ഭയത്തില്‍ നിന്നുള്ള ആക്രമണമാണ്. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ ഇസ്രയേലിനെ സഹായിക്കാന്‍ മേഖലയില്‍ തമ്പടിച്ച അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തുമെന്നാണ് അമേരിക്ക കരുതുന്നത്. ഇറാന്‍ നല്‍കിയ അനവധി ഡ്രോണുകളും മിസൈലുകളും ഹൂതികളുടെ കൈവശമുണ്ട്. കടലില്‍ ഒളിച്ചിരുന്ന് ആക്രമിക്കാന്‍ ശേഷിയുള്ള ഈ വിഭാഗം അമേരിക്കന്‍ ചേരിയിലെ കപ്പലുകള്‍ ആക്രമിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് അമേരിക്ക ഇപ്പോള്‍ ഹൂതി വിമതരെ ആക്രമിച്ചിരിക്കുന്നത്.
യെമനിലെ ഹൂതികളുടെ ഭൂഗര്‍ഭ ബങ്കറുകള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം ബി-2 സ്റ്റെല്‍ത്ത് ബോംബറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അമേരിക്കന്‍ സേനയെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനാണ് ഈ ടാര്‍ഗെറ്റഡ് സ്ട്രൈക്കുകള്‍ക്ക് അംഗീകാരം നല്‍കിയതെന്നാണ്, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പ്രസ്താവനയില്‍ അവകാശപ്പെട്ടിരിക്കുന്നത്. ഈ ആക്രമണത്തിനുള്ള തിരിച്ചടി എന്തായിരിക്കുമെന്നതും ഇനി കണ്ടറിയേണ്ട കാര്യമാണ്.
45,000ത്തോളം വരുന്ന പലസ്തീനികളുടെ ചോരയ്ക്ക് പകരം ചോദിക്കാന്‍ ഇറങ്ങിയതിനാണ് ഹമാസ് ഹിസ്ബുള്ള മേധാവിമാരെ ഇസ്രയേല്‍ വധിച്ചതെന്നത് മറന്നു പോകരുതെന്നാണ് ഇസ്ലാമിക രാജ്യങ്ങളെ ഇറാന്‍ ഓര്‍മ്മപ്പെടുത്തുന്നത്. ഗാസയ്ക്ക് പിന്നാലെ ലെബനനിലും കൂട്ടക്കുരുതിക്ക് നേതൃത്വം കൊടുക്കുന്ന ഇസ്രയേല്‍ അടുത്തതായി ഇറാനെയാണ് ലക്ഷ്യമിടുന്നതെന്നും ഈ ലക്ഷ്യം അധികം താമസിയാതെ മറ്റ് അറബ് രാജ്യങ്ങളിലേക്കും പടരുമെന്നുമാണ് ഇറാന്‍ നല്‍കുന്ന മുന്നറിയിപ്പ്. യെമനില്‍ അമേരിക്ക ഇപ്പോള്‍ നടത്തിയ ആക്രമണം ഭയപ്പെടുത്താന്‍ ഉദ്ദേശിച്ചാണെങ്കില്‍ അതെന്തായാലും വിലപ്പോവില്ലെന്നും ഇറാന്‍ തുറന്നടിച്ചിട്ടുണ്ട്.