ജെറുസലേം: ഗസ വിഷയത്തില്‍ ട്രംപും നെതന്യാഹുവും ഒറ്റപ്പെടുന്നോ? രണ്ടാമൂഴത്തില്‍ ട്രംപിന്റെ നീക്കങ്ങളെല്ലാം സംശയത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത ട്രംപിന്റെ നടപടികള്‍ ലോകം അത്ഭുതത്തോടെയാണ് നിരീക്ഷിച്ചത്. ട്രംപിന് മാറ്റമുണ്ടായോ? രണ്ടാമൂഴത്തില്‍ വേറിട്ടൊരു ഭരണാധികാരിയാവാനുള്ള ഒരുക്കത്തിലാണ് യുഎസ് പ്രസിഡന്റ്? എല്ലാ ഊഹങ്ങളെയും തെറ്റിച്ചുകൊണ്ട് ട്രംപ് തനിനിറം പ്രകടിപ്പിച്ചുതുടങ്ങി.
ഗസയിലെ പലസ്തീനികള്‍ ഒഴിഞ്ഞുപോകണം എന്ന ട്രംപിന്റെ പ്രഖ്യാപനം ലോകം അമ്പരപ്പോടെയാണ് കേട്ടത്. നെതന്യാഹുവിനെ രണ്ടാമൂഴത്തില്‍ ട്രംപ് മുള്‍മുനയില്‍ നിര്‍ത്തും എന്നൊക്കെയായിരുന്നു മാധ്യമങ്ങളും നിരീക്ഷകരുമെല്ലാം വിലയിരുത്തിയത്. ട്രംപിന്റെ പ്രസ്താവനകളും നീക്കങ്ങളും ഈ വിലയിരുത്തലിന് ആക്കം കൂട്ടി. എന്നാല്‍, നെതന്യാഹുവിനെ ബഹുദൂരം പിന്നിലാക്കിയാണ് ട്രംപ് ഗസ ഒഴിപ്പിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഗസയെ വിനോദ സഞ്ചാര കേന്ദ്രമാക്കും എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച, ഏറെ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയ പ്രഖ്യാപനത്തിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ ഗസയ്ക്ക് പിന്തുണയുമായി എത്തുന്നു. ഒടുവില്‍ അയര്‍ലന്‍ഡ് ആണ് ഗസയ്ക്ക് സഹായം നല്‍കിയിരിക്കുന്നത്.
പലസ്തീന്‍ ജനതയ്ക്കായി 181 കോടി രൂപ സഹായമാണ് അയര്‍ലാന്‍ഡ് പ്രഖ്യാപിച്ചത്. പലസ്തീന്‍ ജനതയ്ക്കായി പ്രവര്‍ത്തിക്കുന്ന യുഎന്‍ സന്നദ്ധ സംഘടനയായ യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിക്കാണ് അയര്‍ലന്‍ഡ് 181 കോടി നല്‍കിയത്. ഉപപ്രധാന മന്ത്രിയും വിദേശകാര്യ വാണിജ്യ പ്രതിരോധ മന്ത്രിയുമായ സൈമണ്‍ ഹാരിസാണ് പ്രഖ്യാപനം നടത്തിയത്.
1949 മുതല്‍ പലസ്തീന്‍ ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയെ ഇസ്രയേല്‍ നിരോധിച്ചിരുന്നു. ഏജന്‍സിക്ക് നല്‍കി വന്നിരുന്ന ധനസഹായം യുഎസ് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. യുദ്ധത്തിനു ശേഷമുള്ള പലസ്തീന്‍ ജനതയുടെ അവസ്ഥ ഏറെ ദുരിതത്തിലാണ്. അതിനാല്‍ അവരെ സഹായിക്കാനുള്ള പ്രായോഗിക മാര്‍ഗമാണ് ധനസഹായമെന്ന് സൈമണ്‍ ഹാരിസ് പറഞ്ഞു.
ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തലിനെ തുടര്‍ന്ന് പലസ്തീന് ലഭിച്ച ധനസഹായങ്ങളില്‍ 60% വും യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയിയുടേതാണ്. 2023 മുതല്‍ വിവിധ ഘട്ടങ്ങളില്‍ ഗസയ്ക്ക് 67 ദശലഷം യൂറോ ധനസഹായം അയര്‍ലന്‍ഡ് നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍ അധിനിവേശം നടക്കുന്ന ഗസ, കിഴക്കന്‍ ജറുസേലം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ സേവനം നടത്തുന്ന ഈ ഏജന്‍സിയെ കഴിഞ്ഞ ഒക്ടോബറിലാണ് ഇസ്രയേല്‍ നിരോധിച്ചത്.
ഏജന്‍സിയുമായി ബന്ധപ്പെടുന്നതില്‍ നെതന്യാഹു ഗവണ്മെന്റ് പൂര്‍ണമായി ഇസ്രായേല്‍ ഉദ്യോഗസ്ഥരെ വിലക്കിയിരുന്നു. ഇതോടെ യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഉദ്യോഗസ്ഥരുടെ വിസ ഇസ്രയേലില്‍ നിര്‍ത്തലാക്കിയിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം ജോര്‍ദാനിലേക്ക് മാറ്റുകയും ചെയ്തു.
യുനെസ്‌കോ, യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്ന് പിന്‍മാറുന്നതായും യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിക്ക് നല്‍കി വരുന്ന ധനസഹായം നിര്‍ത്തലാക്കുന്നതായും യുഎസ് ഗവണ്മെന്റ് ഫെബ്രുവരി 5-നു അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ട്രംപ് ഒപ്പ് വച്ചു. യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയുടെ പ്രവര്‍ത്തന ചിലവില്‍ 22% വഹിച്ചിരുന്നത് യുഎസ് ആയിരുന്നു.