സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ പതനത്തിന് കാരണമായ 42 കാരനായ അബു മുഹമ്മദ് അല്‍ ജോലാനിയുടെ പിന്നിലും അമേരിക്കയുടെ കരങ്ങളുണ്ടോ... ലോകം ഇപ്പോള്‍ തിരയുന്നത് ജോലാനിയുടെ പിന്നില്‍ ആരൊക്കെ എന്ന ചോദ്യമാണ്.വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമം ദമാസ്‌കസ് പിടിച്ചടക്കിയ ശേഷം, സിറിയയുടെ ഭാവി ഭരണം അനിശ്ചിതത്വത്തിലാക്കി അസദ് ഒളിവില്‍ പോയി. ഇതോടെ അസദ് കുടുംബത്തിന്റെ 50 വര്‍ഷത്തെ ഭരണത്തിനും ബഷര്‍ അല്‍ അസദിന്റെ 24 വര്‍ഷത്തെ പ്രസിഡന്‍സിഷിപ്പിനും അന്ത്യമായി.
പ്രസിഡന്റ് അസദിനെ താഴെയിറക്കി സിറിയയിലെ ബാത്ത് പാര്‍ട്ടിയുടെ അഞ്ച് പതിറ്റാണ്ടിന്റെ ഭരണം അവസാനിപ്പിച്ചതായി വിമതര്‍ പറയുന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയ ഇസ്ലാമിക സഖ്യത്തിന്റെ നേതാവാണ് അമേരിക്ക തീവ്രവാദി എന്ന് മുദ്രകുത്തിയ ജോലാനി.നിരവധി വംശീയവും മതപരവുമായ ഗ്രൂപ്പുകളുടെ ആസ്ഥാനമായ സിറിയ, ഒരു പതിറ്റാണ്ട് നീണ്ട ആഭ്യന്തരയുദ്ധവുമായി മല്ലിടുകയാണ്, രാജ്യം വിവിധ സായുധ വിഭാഗങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു,അതേസമയം റഷ്യ,ഇറാന്‍,യുണൈറ്റഡ് സ്റ്റേറ്റ്‌സ്, തുര്‍ക്കി, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെയുള്ള വിദേശ ശക്തികളെല്ലാം സിറിയയില്‍ ആഴത്തില്‍ ഇടപെട്ടിട്ടുണ്ട്.
ഇറാഖില്‍ ആിരുന്നു അല്‍-ജൊലാനിയുടെ തുടക്കം... അതും കൊടും തീവ്രവാദ ഗ്രൂപ്പായ അല്‍-ക്വൊയ്ദയുമായി ആത്മബന്ധത്തിലേര്‍പ്പെട്ടു കൊണ്ട്. 2003-ല്‍ ഇറാഖില്‍ യുഎസ് സൈനികരോട് പോരാടുന്നവരോടൊപ്പം ചേര്‍ന്നു പോരാടിയ ജൊലാനിയെന്ന സിറിയന്‍ സ്വദേശിയെ യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കപ്പെട്ട അദ്ദേഹം ഇറാഖില്‍ തന്നെ തുടര്‍ന്നു. അക്കാലത്തായിരുന്നു അല്‍-ഖ്വയ്ദ സമാന ചിന്താഗതിക്കാരായ ഗ്രൂപ്പുകളെ പിടിച്ചെടുക്കുകയും അബൂബക്കര്‍ അല്‍-ബാഗ്ദാദിയുടെ നേതൃത്വത്തില്‍ തീവ്രവാദ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് രൂപീകരിക്കുകയും ചെയ്തത്. തീവ്ര ഇസ്‌ളാമിക് ചിന്താഗതികളാല്‍ നയിക്കപ്പെട്ട ജൊലാനിക്ക് അബൂബക്കര്‍ അല്‍-ബാഗ്ദാദിയോടൊപ്പം ചേരുവാന്‍ കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല.
2011-ല്‍, സിറിയയിലെ അസദിനെതിരായ ജനകീയ പ്രക്ഷോഭം സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തിയതോടെ സിറിയ ആഭ്യന്തര യുദ്ധത്തിലേക്ക് വീണപ്പോള്‍ നുസ്ര ഫ്രണ്ട് എന്ന പേരില്‍ അല്‍-ഖ്വയ്ദയുടെ ഒരു ശാഖ സ്ഥാപിക്കാന്‍ അല്‍-ബാഗ്ദാദി അദ്ദേഹത്തെ സിറിയയിലേക്ക് അയച്ചതോടെ അല്‍-ജോലാനിയുടെ പ്രാധാന്യം വര്‍ദ്ധിച്ചു. പുതിയ ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി അമേരിക്ക മുദ്രകുത്തി. ആ പദവി ഇപ്പോഴും നിലവിലുണ്ട്, യുഎസ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ തലക്ക് 10 മില്യണ്‍ ഡോളര്‍ ആണ് വില നിശ്ചയിച്ചിരിക്കുന്നത്.
2013-ല്‍ സിറിയയിലെ ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ അല്‍-ജൊലാനിയുടെ പ്രസക്തി വര്‍ധിച്ചു. നുസ്ര ഫ്രണ്ട് പിരിച്ചുവിടാനും ഇറാഖിലെ അല്‍-ഖ്വയ്ദയുടെ പ്രവര്‍ത്തനവുമായി ലയിപ്പിക്കാനും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ അല്ലെങ്കില്‍ ഐസിസ് രൂപീകരിക്കാനുമുള്ള അല്‍-ബാഗ്ദാദിയുടെ നിര്‍ദ്ദേശങ്ങളെ അദ്ദേഹം ധിക്കരിച്ചു. ഇതോടെ ജൊലാനി ഐഎസില്‍ നിന്ന് വേര്‍പിരിഞ്ഞു. നുസ്ര ഫ്രണ്ട് ഐഎസുമായി യുദ്ധം ചെയ്യുകയും അതോടൊപ്പം അസദിനെതിരായ സിറിയന്‍ സായുധ എതിര്‍പ്പുകള്‍ക്കിടയിലുള്ള മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു.
2014-ലെ തന്റെ ആദ്യ അഭിമുഖത്തില്‍, ഖത്തറി നെറ്റ്വര്‍ക്കായ അല്‍-ജസീറയുടെ റിപ്പോര്‍ട്ടറോട് അല്‍-ജൊലാനി തന്റെ മുഖം മറച്ചുകൊണ്ട് സംഘര്‍ഷം അവസാനിപ്പിക്കാന്‍ വേണ്ടി ജനീവയില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ തങ്ങള്‍ നിരസിക്കുന്നതായും ഇസ്ലാമിക നിയമത്തിന് കീഴില്‍ സിറിയ ഭരിക്കുന്നത് തന്റെ ലക്ഷ്യമാണെന്നും രാജ്യത്ത് അലവികള്‍, ഷിയാ, ഡ്രൂസ്, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് അക്കാലത്ത് ജൊലാനിയുടെ തീവ്രവാദ നിലപാടുകള്‍ എത്ര ഭീകരമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഒരു രാാഷ്ട്ര തന്ത്രജ്ഞന്റെ വേഷം കെട്ടാന്‍ അന്താരാഷ്ട്ര സര്‍ക്കാരുകളോട് സുദൃഢ ബന്ധത്തിനു ശ്രമിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സുരക്ഷ ഉറപ്പുനല്‍കുകയും ചെയ്തുകൊണ്ട് തന്റെ പ്രതിച്ഛായ മയപ്പെടുത്താന്‍ വര്‍ഷങ്ങളോളം കഠിനമായി ജൊലാനി പരിശ്രമച്ചിട്ടുണ്ടെങ്കിലും, യു.എസ്., തുര്‍ക്കി, യു.എന്‍ എന്നിവ എച്ച്.ടി.എസിനെ ഇപ്പോഴും തീവ്രവാദ ഗ്രൂപ്പായാണ് കണക്കാക്കുന്നത്
അസദിനെ അട്ടിമറിക്കുന്നത് ഇറാന്റെ സഖ്യകക്ഷികള്‍ക്ക് ആയുധങ്ങള്‍ വ്യാപിപ്പിക്കാനുള്ള കഴിവിനെ പരിമിതപ്പെടുത്തുകയും റഷ്യയുടെ മെഡിറ്ററേനിയന്‍ നാവിക താവളം നഷ്ടപ്പെടുത്തുകയും ചെയ്യും. തുര്‍ക്കി, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ ഒരു പതിറ്റാണ്ടിലേറെയായി ചിതറിക്കിടക്കുന്ന ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് ഒടുവില്‍ നാട്ടിലേക്ക് മടങ്ങാന്‍ ഇത് അനുവദിക്കും.
എന്നാല്‍, 2016 ഓടെ ജൊലാനി റീബ്രാന്‍ഡിംഗ് നടത്തുവാന്‍ ശ്രമിക്കുന്നത് കാണാം. 2016ല്‍ അല്‍-ജൊലാനി ആദ്യമായി ഒരു വീഡിയോ സന്ദേശത്തിലൂടെ തന്റെ മുഖം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി, തന്റെ ഗ്രൂപ്പിനെ ജബത് ഫത്തേഹ് അല്‍-ഷാം - സിറിയ കോണ്‍ക്വസ്റ്റ് ഫ്രണ്ട് എന്ന് പുനര്‍നാമകരണം ചെയ്യുകയും അല്‍- ഖായിദയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നതായി പ്രഖ്യാപിച്ചു. ''ഈ പുതിയ സംഘടനയ്ക്ക് യാതൊരു ബാഹ്യ സ്ഥാപനവുമായും ബന്ധമില്ലെന്നാണ് സൈനിക വേഷവും തലപ്പാവും ധരിച്ച് ചിത്രീകരിച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞത്. വര്‍ഷങ്ങളോളം, അല്‍-ജൊലാനി വിവിധ ഗ്രൂപ്പുകളെ ഏകീകരിക്കാന്‍ പ്രവര്‍ത്തിച്ചു.
ഈ നീക്കം അല്‍-ജൊലാനിക്ക് മിതവാദ ഗ്രൂപ്പുകളുടെ മേല്‍ നിയന്ത്രണം ഉറപ്പിക്കാന്‍ വഴിയൊരുക്കി. ഒരു വര്‍ഷത്തിനുശേഷം, അദ്ദേഹത്തിന്റെ സഖ്യം വിവധ ഗ്രൂപ്പുകള്‍ ലയിച്ച് ഹയാത്ത് തഹ്രീര്‍ അല്‍-ഷാം എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടു. സിറിയയെ വിമോചിപ്പിക്കുന്നതിനുള്ള സംഘടന എന്നായിരുന്നു പറഞ്ഞിരുന്നത്.
മുന്‍ അല്‍-ഖ്വയ്ദ അഫിലിയേറ്റ് ആയ ഹയാത്ത് അല്‍-തഹ്രീര്‍ അല്‍-ഷാം നേതൃത്വം നല്‍കുന്ന ഒരു മിലിഷ്യ സഖ്യത്തിന്റെ മിന്നല്‍ മുന്നേറ്റം മിഡില്‍ ഈസ്റ്റിന്റെ തലമുറകളിലെ ഏറ്റവും വലിയ വഴിത്തിരിവായി അടയാളപ്പെടുത്തുന്നു. അറബ് ലോകത്ത് ഇറാനും റഷ്യയും സ്വാധീനം ചെലുത്തുന്ന ഒരു കോട്ടയാണ് അസദിന്റെ പതനത്തോടെ തുടച്ചുനീക്കപ്പെട്ടത്.
അസദിനും കുടുംബത്തിനും മോസ്‌കോ അഭയം നല്‍കിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിയന്നയിലെ അന്താരാഷ്ട്ര സംഘടനകളിലെ റഷ്യന്‍ അംബാസഡര്‍ മിഖായേല്‍ ഉലിയാനോവ് ഞായറാഴ്ച തന്റെ ടെലിഗ്രാം ചാനലില്‍ അസദുകളുടെ സ്വേച്ഛാധിപത്യ ഗവണ്‍മെന്റിന്റെ പതനം സ്വാഗതം ചെയ്തിട്ടുണ്ട്.സിറിയ അപകടസാധ്യതയുടെയും അനിശ്ചിതത്വത്തിന്റെയും കാലഘട്ടത്തിലാണെന്നും റഷ്യയോ ഇറാനോ ഹിസ്ബുള്ളയോ അവിടെ സ്വാധീനം ചെലുത്താത്തത് ഇതാദ്യമാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചിട്ടുണ്ട്.
ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ, പൊടിപിടിച്ച നഗരങ്ങള്‍ നിറഞ്ഞ, ആഗോള ഉപരോധങ്ങളാല്‍ പൊള്ളയായ സമ്പദ്വ്യവസ്ഥ എന്നിവയ്ക്ക് ശേഷം സിറിയ എന്ന രാജ്യം പുനര്‍നിര്‍മ്മിക്കുകയും നടത്തുകയും ചെയ്യുക എന്ന മഹത്തായ ദൗത്യമാണ് ഭരണം പിടിച്ചെടടുത്ത വിമതര്‍ നേരിടുന്നത്. സിറിയക്ക് കോടിക്കണക്കിന് ഡോളര്‍ സഹായം വേണ്ടിവരും.
ജൊലാനിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും അധികാര കൈമാറ്റത്തിനുള്ള രേഖകളും സഹായവും നല്‍കാന്‍ തയ്യാറാണെന്നും അസദിന്റെ പ്രധാനമന്ത്രി മുഹമ്മദ് ജലാലി പറഞ്ഞിട്ടുണ്ട്. സിറിയന്‍ സൈന്യത്തിന്റെ വിധിയെക്കുറിച്ച് തനിക്ക് ഉത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു.
13 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനും 50 വര്‍ഷത്തിലേറെ നീണ്ട അസദ് കുടുംബത്തിന്റെ ക്രൂരമായ ഭരണത്തിനും ശേഷം വിമതര്‍ തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചെടുക്കുകയും പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്യുകയും ചെയ്തതോടെ സിറിയക്കാര്‍ തിങ്കളാഴ്ച ഉണര്‍ന്നത് അനിശ്ചിതത്വത്തിലേക്കാണ്.
ആഹ്ലാദഭരിതരായ എന്നാല്‍ പലപ്പോഴും ആശയക്കുഴപ്പത്തിലായ തടവുകാര്‍ ജയിലുകളില്‍ നിന്ന് പുറത്തേക്ക് ഒഴുകി. വീണ്ടും ഒന്നിച്ച കുടുംബങ്ങള്‍ സന്തോഷത്താല്‍ കരഞ്ഞു. പുതുതായി മോചിതരായ തടവുകാര്‍ എത്ര വര്‍ഷം ജയിലില്‍ കിടന്നുവെന്ന് കാണിക്കാന്‍ കൈകള്‍ ഉയര്‍ത്തി ദമാസ്‌കസ് തെരുവുകളിലൂടെ ഓടുന്നത് രംഗങ്ങള്‍ക്കും സാക്ഷിയായി. ഇപ്പോഴും തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന മറഞ്ഞിരിക്കുന്ന ഭൂഗര്‍ഭ സെല്ലുകള്‍ക്കായി തിരച്ചില്‍ നടത്താന്‍ എമര്‍ജന്‍സി ടീമുകളെ അയച്ചതായി വൈറ്റ് ഹെല്‍മെറ്റ്‌സ് റെസ്‌ക്യൂ ഓര്‍ഗനൈസേഷന്‍ അറിയിച്ചിട്ടുണ്ട്.
വിമതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ, തിങ്കളാഴ്ച പുലര്‍ച്ചെക്ക് ശേഷം ഡമാസ്‌കസ് ശാന്തമായിരുന്നു, കടകള്‍ അടഞ്ഞുകിടക്കുകയും നഗരത്തിലെ തെരുവുകള്‍ മിക്കവാറും ശൂന്യവുമാണ്. എക്‌സിക്യൂട്ടീവ് അധികാരങ്ങളുള്ള ഒരു ട്രാന്‍സിഷണല്‍ ഗവേണിംഗ് ബോഡിക്ക് അധികാരം കൈമാറുന്നത് പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്ന് വിമത സഖ്യം പറഞ്ഞിട്ടുണ്ട്.
സംഭവങ്ങളുടെ വേഗത ലോക തലസ്ഥാനങ്ങളെ അമ്പരപ്പിക്കുകയും സിറിയന്‍ പ്രവാസികളില്‍ നിന്ന് ആഘോഷങ്ങളുടെ പ്രവാഹത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. സിഡ്നിയില്‍ ആളുകള്‍ സിറിയന്‍ പതാകകള്‍ വീശി കാറുകളില്‍ പരേഡ് ചെയ്യുകയും തെരുവുകളില്‍ നൃത്തം ചെയ്യുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.
ഗാസ യുദ്ധത്തിന് മുകളില്‍ കൂടുതല്‍ പ്രാദേശിക അസ്ഥിരത, ലെബനനിനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങള്‍, ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും ഇത് ഉയര്‍ത്തിയിട്ടുണ്ട്. സെന്‍ട്രല്‍ സിറിയയിലെ അറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പുകളെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് തങ്ങളുടെ സൈന്യം ഞായറാഴ്ച ഡസന്‍ കണക്കിന് വ്യോമാക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഞായറാഴ്ച തുര്‍ക്കി ദേശീയ പ്രതിരോധ മന്ത്രി യാസര്‍ ഗുലറുമായി സംസാരിച്ചതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും പറഞ്ഞു, സിവിലിയന്മാരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
2011-ല്‍ അസദിനെതിരായ കലാപമായി പൊട്ടിപ്പുറപ്പെട്ട സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍, അദ്ദേഹത്തിന്റെ സൈന്യവും അവരുടെ റഷ്യന്‍ സഖ്യകക്ഷികളും നഗരങ്ങളില്‍ ബോംബെറിഞ്ഞ് മിഡില്‍ ഈസ്റ്റില്‍ ഉണ്ടാക്കിയ വന്‍ അഭയാര്‍ത്ഥി പ്രതിസന്ധി ആധുനിക കാലത്തെ ഏറ്റവും വലിയ ഒന്നായിരുന്നു. വീണ്ടും 2015 ല്‍ ഒരു ദശലക്ഷം ആളുകള്‍ ആണ് ആ നാട്ടില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടത്.