യുഎഇയില്‍ കാണാതായ ഇസ്രയേല്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസും രംഗത്തുവന്നിരുന്നു. യുഎഇയിലെ ജൂത സഞ്ചാരികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഛബാദ് എന്ന സംഘടനയുടെ പുരോഹിതനും പ്രവര്‍ത്തകനുമായ സ്വീവ് കോഗാനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ദുബായില്‍ നിന്നും കാണാതായത്. യുഎഇയിലെ അലൈനിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഭീകരപ്രവൃത്തിക്ക് ഉത്തരവാദികളായവരെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കുമെന്നും ഇസ്രായേല്‍ ഭരണകൂടം അറിയിച്ചു.
ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ നേരത്തെ തന്നെ ഇസ്രായേലി പൗരന്മാര്‍ക്ക് യുഎഇയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേലികളുമായോ ജൂതന്മാരുമായോ ബന്ധപ്പെട്ട ബിസിനസ്സുകളും വേദികളും ഒഴിവാക്കണമെന്നും ജൂത ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കരുതെന്നും സാമൂഹിക മാധ്യമങ്ങളില്‍ യാത്രാ വിവരങ്ങള്‍ പങ്കിടരുതെന്നും പൊതു ഇടങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും എന്‍എസ് സി ഇസ്രായേലികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ചബാദ് സംഘടനയുടെ പ്രവര്‍ത്തകനായിരുന്നു സ്വീവ് കോഗന്‍. 28 കാരനായ കോഗന്‍ പുരോഹിത പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, ഒരു ജൂതഭക്ഷണവും മറ്റു സാമഗ്രികളും വില്‍ക്കുന്ന സ്ഥാപനവും നടത്തിയിരുന്നു. അമേരിക്കന്‍ പൗരയായ ഭാര്യയും കോഗനൊപ്പം യുഎഇയില്‍ ഉണ്ടായിരുന്നു.
ഈ നീചമായ യഹൂദവിരുദ്ധ ആക്രമണം ജൂത ജനതയുടെ ശത്രുക്കളുടെ മനുഷ്യത്വമില്ലായ്മയുടെ ഓര്‍മ്മപ്പെടുത്തലാണെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ട്വീറ്റ് ചെയ്തു.
ഇറാനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഉസ്ബെക്ക് പൗരന്മാരാണ് കൊലയാളികളെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി എമിറാത്തി ഇന്റീരിയര്‍ മിനിസ്ട്രി അറിയിച്ചു.എന്നാല്‍, അറസ്റ്റിലായവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസില്‍ അന്വേഷണം തുടരുമെന്നും ഇന്റീരിയര്‍ മിനിസ്ട്രി അറിയിച്ചു.അന്വേഷണത്തില്‍ ഇസ്രയേല്‍ ഏജന്‍സികളും പങ്കാളികളാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഒമാനുമായി അതിര്‍ത്തി പങ്കിടുന്ന എമിറാത്തി നഗരമായ അല്‍ ഐനിലാണ് കോഗന്റെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ വച്ചാണോ കൊലപ്പെടുത്തിയത് അതോ മറ്റെവിടെ വച്ചെങ്കിലും കൊലപ്പെടുത്തിയ ശേഷം ശരീരം ഇവിടെ ഉപേക്ഷിച്ചതാണോ എന്നു വ്യക്തമല്ലെന്നും ഇസ്രയേലിലെ മുന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ അയൂബ് കാര റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഇസ്രയേലും അറബ് രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്ന, ഇസ്രയേലിലെ വലതുപക്ഷ പാര്‍ട്ടിയായ ലികുഡ് പാര്‍ട്ടി അംഗമാണ് കാര. കൊലപാതകത്തില്‍ ഇറാന്റെ പങ്കുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നതായി കാര പറഞ്ഞു. എന്നാല്‍, ഇക്കാര്യം യുഎഇ സ്ഥിരീകരിച്ചിട്ടില്ല.
ഹമാസിന്റെ ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലകള്‍ക്ക് ശേഷം ലോകമെമ്പാടുമുള്ള ജൂതന്മാര്‍ക്കെതിരെ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റിലേക്ക് ഉള്‍പ്പടെ ഇസ്രായേല്‍, യാത്രാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.