ജറൂസലേം: ലെബനൻ അതിർത്തിയിൽ ഇസ്രയേൽ- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നു. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ബുധനാഴ്ച നൂറിലധികം മിസൈലുകൾ വർഷിച്ചതായാണ് വിവരം. ഇതിനിടെ ലെബനനിൽ ഇസ്രയേലിന്റെ സൈനിക നടപടികൾ 36 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്. ലെബനനിൽ ഏകദേശം 400 മീറ്ററോളം ഇസ്രയേൽ സൈന്യം മുന്നേറ്റം നടത്തിയതായാണ് റിപ്പോർട്ട്.
ബുധനാഴ്ച ലെബനനിൽ നടന്ന പോരാട്ടത്തിൽ തങ്ങളുടെ 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ഇസ്രയേൽ സൈന്യം അതിർത്തി കടന്നതിന് ശേഷം നിലവിൽ പുറത്തുവിട്ട വിവരമാണിത്. നേരത്തെ ഇരുപത്തിരണ്ടുകാരനായ ക്യാപ്റ്റൻ ഐതൻ ഒസ്‌തെർ പോരാട്ടത്തിൽ കൊല്ലപ്പെട്ടതായി സൈന്യം വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.
അതേസമയം, തെക്കൻ അതിർത്തി ഗ്രാമത്തിൽ നുഴഞ്ഞുകയറിയ ഇസ്രയേലി സൈനികരുമായി തങ്ങളുടെ പോരാളികൾ ഏറ്റുമുട്ടുകയാണെന്ന് ഹിസ്ബുള്ള പറഞ്ഞു. വടക്കുകിഴക്കൻ അതിർത്തി ഗ്രാമമായ അഡെയ്സെയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഇസ്രയേൽ സൈനികരെ പിൻവാങ്ങാൻ തങ്ങൾ നിർബന്ധിതരാക്കിയതായി ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്രയേൽ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന സൈനികനീക്കത്തിന്റെ ഭാഗമായുള്ള മിസൈലാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് ലെബനനിൽ സൈനികപോരാട്ടം നടക്കുന്നതായി സ്ഥിരീകരിക്കുന്നത്. ഏറ്റുമുട്ടൽ ആരംഭിച്ചിട്ടേയുള്ളൂവെന്നും ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് മാധ്യമങ്ങളോട് പറഞ്ഞു.