ജറുസലേം: തെക്കൻ ലെബനനിൽ കരയുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. ഓപ്പറേഷൻ നോർത്തേൺ ആരോസ് എന്നാണ് സൈനിക നടപടിക്ക് പേര് നൽകിയിട്ടുള്ളത്. ഇസ്രയേലിലെ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ തെക്കൻ ലെബനനിൽ അതിർത്തിയോട് ചേർന്നുള്ള ഹിസ്ബുള്ളയുടെ സംവിധാനങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടാണ് കരയുദ്ധത്തിന് തുടക്കംകുറിച്ചിട്ടുള്ളതെന്ന് ഇസ്രയേൽ പ്രതിരോധസേന (ഐ.ഡി.എഫ്) അറിയിച്ചു.
ഗാസയിൽ നടക്കുന്നതിന് സമാന്തരമായി ഈ നീക്കവും തുടരുമെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. അതിനിടെ ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ട് അടക്കമുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണവും ഇസ്രയേൽ തുടരുകയാണ്.
ബെയ്‌റുത്തിൽ മണിക്കൂറുകൾക്കിടെ ആറുതവണ വ്യോമാക്രമണം ഉണ്ടായെന്നും ഇതേത്തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചെന്നും ഹിസ്ബുള്ള അറിയിച്ചു. തെക്കൻ ലെബനനിലുള്ള പലസ്തീൻ ക്യാമ്പടക്കം അക്രമിക്കപ്പെട്ടുവെന്നാണ് അവർ പറയുന്നത്. ഇസ്രയേൽ ലെബനനിൽ കരയുദ്ധത്തിനു തുനിഞ്ഞാൽ തിരിച്ചടിക്കാൻ പൂർണസജ്ജരാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയീം ഖാസിം നേരത്തെതന്നെ പറഞ്ഞിരുന്നു. നസ്രള്ള വധത്തിനുശേഷം ഒരു ഹിസ്ബുള്ള നേതാവ് നടത്തുന്ന ആദ്യ പൊതുപ്രസ്താവന ആയിരുന്നു ഇത്. ഏതുസാധ്യതയെയും നേരിടുമെന്നും യുദ്ധലക്ഷ്യങ്ങൾ നേടാൻ ഇസ്രയേലിനാകില്ലെന്നും നയീം പറഞ്ഞു.
അതിനിടെ, നസ്രള്ളവധത്തോടെ എല്ലാം കഴിഞ്ഞിട്ടില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പുനൽകി. അതേസമയം, വെടിനിർത്തൽക്കരാറിലെത്താൻ ഇസ്രയേലിനോടും ഹിസ്ബുള്ളയോടും ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു.