ഇസ്രയേൽ വ്യോമാക്രമണം; ലെബനനിൽ ഞായറാഴ്ച മാത്രം കൊല്ലപ്പെട്ടത് 105 പേർ

സംഘർഷം തുടങ്ങിയതിനുശേഷം ജനവാസ മേഖലയിൽ ഇസ്രയേൽ നടത്തുന്ന ആദ്യ ആക്രമണമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

author-image
anumol ps
New Update
israel

ആക്രമണം നടന്ന കെട്ടിടം

 


ബെയ്‌റൂട്ട്: ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഞായറാഴ്ച മാത്രം 105 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം. ബെയ്‌റൂട്ടിലുള്ള ബഹുനിലക്കെട്ടിടം ലക്ഷ്യമാക്കിയും വ്യോമാക്രമണം നടന്നു. സംഘർഷം തുടങ്ങിയതിനുശേഷം ജനവാസ മേഖലയിൽ ഇസ്രയേൽ നടത്തുന്ന ആദ്യ ആക്രമണമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. പലസ്തീനിയൻ സായുധ ഗ്രൂപ്പായ പി.എഫ്.എൽ.പിയുടെ മൂന്ന് നേതാക്കൾ കൊല്ലപ്പെട്ടതായി ഗ്രൂപ്പ് അറിയിച്ചു. ഞായറാഴ്ച വൈകീട്ടു മുതൽ ഇസ്രയേലിന്റെ ഡ്രോണുകൾ ബയ്‌റുത്തിലും സമീപ പ്രദേശങ്ങളിലും ആക്രമണം നടത്തുകയാണ്.

അതിനിടെ, യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലെ വൈദ്യുതി നിലയങ്ങളും തുറമുഖങ്ങളും അടക്കമുള്ളവ ലക്ഷ്യമാക്കിയും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇറാനിയൻ ആയുധങ്ങളും എണ്ണയും അടക്കമുള്ളവയുടെ നീക്കം നടത്തുന്ന തുറമുഖങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേൽ പ്രതിരോധസേന (ഐ.ഡി.എഫ്) പറയുന്നത്.

ഇസ്രയേലിലെ പല നഗരങ്ങളിലും ഞായറാഴ്ച വൈകീട്ടോടെ മിസൈൽ ആക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറൺ മുഴങ്ങി. ലെബനനിൽനിന്ന് മിസൈൽ തൊടുത്തുവിട്ടതിനെത്തുടർന്നാണ് സൈറൺ മുഴങ്ങിയതെന്നും വ്യോമപ്രതിരോധ സംവിധാനം മിസൈൽ തകർത്തുവെന്നും ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു.

ബയ്റുത്തിലെ ദഹിയ ജില്ലയിൽ ശനിയാഴ്ച നടത്തിയ ആക്രമണത്തിലൂടെ ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണവിഭാഗം കമാൻഡറായ ഖലീൽ യാസിനെയും മുതിർന്ന കമാൻഡറും എക്‌സിക്യുട്ടീവ് കൗൺസിൽ അംഗവുമായ നബീൽ ഖൗഖിനെയും ഇസ്രയേൽ വധിച്ചിരുന്നു. 1980-കളിൽ നസ്രള്ളയ്‌ക്കൊപ്പംതന്നെ ഹിസ്ബുള്ളയിൽ പ്രവർത്തിച്ചുതുടങ്ങിയതാണ് ഖൗഖ്. ഇസ്രയേലിനെതിരേ ആക്രമണം നടത്തുന്നതിനുള്ള രഹസ്യ വിവരങ്ങൾ ശേഖരിച്ചിരുന്നത് യാസിന്റെ കീഴിലുള്ള ഹിസ്ബുള്ള യൂണിറ്റാണ്. അതുവഴിയാണ് ഇസ്രയേലിലെ ജനവാസമേഖലകളും സൈനിക കേന്ദ്രങ്ങളും ഹിസ്ബുള്ള തിരിച്ചറിഞ്ഞിരുന്നത്.

 

israel Attack