/kalakaumudi/media/media_files/2026/02/01/ga2-2026-02-01-08-42-44.jpg)
ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനുള്ള നീക്കങ്ങള്‍ക്കിടെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 30 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഒക്ടോബറില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ശനിയാഴ്ച നടന്നത്.
ഗാസ സിറ്റിയിലെ ഒരു പാര്‍പ്പിട സമുച്ചയത്തിലും ഖാന്‍ യൂനിസിലെ താല്‍ക്കാലിക അഭയാര്‍ത്ഥി ക്യാമ്പിലുമാണ് ഇസ്രായേല്‍ പ്രധാനമായും ബോംബാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ രണ്ട് കുടുംബങ്ങളിലെ രണ്ട് സ്ത്രീകളും ആറ് കുട്ടികളും ഉള്‍പ്പെടുന്നു. കൂടാതെ, ഗാസ സിറ്റിയിലെ ഒരു പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരും തടവുകാരും ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടതായി ഷിഫാ ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സല്‍മിയ അറിയിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ആക്രമണമുണ്ടായി.
ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഫാ അതിര്‍ത്തി ഭാഗികമായി തുറക്കാനിരിക്കെയാണ് ഇസ്രായേല്‍ ഈ ആക്രമണങ്ങള്‍ നടത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലെ നിര്‍ണായകമായ ആദ്യ ചുവടുവെപ്പാണ് റഫാ അതിര്‍ത്തി തുറക്കുന്നത്. യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലെ ജനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ചികിത്സ തേടുന്നതിനും സഹായങ്ങള്‍ എത്തിക്കുന്നതിനുമുള്ള പ്രധാന മാര്‍ഗ്ഗമാണ് ഈ അതിര്‍ത്തി.
വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം. ഒരു തുരങ്കത്തിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് സായുധ പോരാളികളെ വെള്ളിയാഴ്ച വധിച്ചതായും അവര്‍ അറിയിച്ചു. എന്നാല്‍ ഇസ്രായേലിന്റേത് കരാറിന്റെ നഗ്നമായ ലംഘനമാണെന്നും ആക്രമണങ്ങള്‍ തടയാന്‍ അമേരിക്കയുള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ഒക്ടോബര്‍ പത്തിന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇതുവരെ 520 പലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗാസയുടെ പുനര്‍നിര്‍മ്മാണവും പുതിയ സര്‍ക്കാര്‍ രൂപീകരണവും ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ചര്‍ച്ചയിലിരിക്കെയാണ് മേഖലയില്‍ വീണ്ടും രക്തച്ചൊരിച്ചില്‍ തുടരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
