ഹമാസിന്റെ സര്‍വ്വനാശം ലക്ഷ്യമെന്ന് ഇസ്രയേല്‍

വെടിനിര്‍ത്തല്‍ കരാറിനുള്ള നിര്‍ദ്ദേശം ഹമാസ് അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ, ഇസ്രയേലിന്റെ യുദ്ധ കാബിനറ്റ് റഫയില്‍ സൈനിക നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. വിശദാംശങ്ങളൊന്നും നല്‍കാതെ ഹമാസിനെതിരെ റഫയില്‍ ആക്രമണം നടത്തുകയാണെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞിരുന്നു.

author-image
Rajesh T L
New Update
gaza

israel attack

Listen to this article
0.75x 1x 1.5x
00:00 / 00:00

ടെല്‍ അവീവ്: ഇസ്രയേല്‍ ഹമാസ് യുദ്ധത്തിലെ ചോരക്കളി എന്ന് അവസാനിക്കുമെന്ന് ചോദിക്കാത്ത ദിവസങ്ങള്‍ അടുത്തകാലത്തായി ഉണ്ടായിട്ടില്ല. ലോകരാഷ്ട്രങ്ങള്‍ പലരും ഇതിനുവേണ്ടി ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഇപ്പോഴിതാ ഈജിപ്ത്തും ഖത്തറും മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചുവെന്നുള്ള ശുഭവാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

റഫയുടെ ചിലഭാഗങ്ങളില്‍നിന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ച് മണിക്കൂറുകള്‍ക്കകമാണ് ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചത്. കരാര്‍ അംഗീകരിക്കുന്നതായി ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചതുമാണ്.

വെടിനിര്‍ത്തല്‍ കരാറിനുള്ള നിര്‍ദ്ദേശം ഹമാസ് അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ, ഇസ്രയേലിന്റെ യുദ്ധ കാബിനറ്റ് റഫയില്‍ സൈനിക നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. വിശദാംശങ്ങളൊന്നും നല്‍കാതെ ഹമാസിനെതിരെ റഫയില്‍ ആക്രമണം നടത്തുകയാണെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞിരുന്നു.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നഗരത്തിന്റെ ഒരു ഭാഗത്ത് നിന്ന് ഒരുലക്ഷം പലസ്തീനികളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതിന് ശേഷം കിഴക്കന്‍ റഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പലായനം ചെയ്യുന്നത്.

1.4 മില്യണ്‍ പലസ്തീന്‍ സിവിലിയന്മാര്‍ അഭയം പ്രാപിക്കുന്ന റഫയില്‍ ഹമാസിനെതിരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടത്തുകയാണെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നുണ്ട്. റഫയില്‍ ഇസ്രയേലി ആക്രമണത്തില്‍ കുറഞ്ഞത് അഞ്ച് പേരെങ്കിലും മരിച്ചതായാണ് ഒരു പ്രാദേശിക മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്ത് ഗ്രൗണ്ട് ഓപ്പറേഷന്‍ ആരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രതിജ്ഞയെടുത്തിരുന്നു.

റഫയുടെ കിഴക്കന്‍ പ്രാന്തപ്രദേശത്ത് ഇസ്രയേലി ടാങ്കുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്, അയല്‍രാജ്യമായ ഈജിപ്തുമായുള്ള റഫയുടെ ക്രോസിംഗില്‍ നിന്ന് 200 മീറ്റര്‍ അടുത്ത് എത്തിയതായി പലസ്തീന്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥനും പറയുന്നു.

ഈജിപ്തിനും ഗസയ്ക്കും ഇടയിലുള്ള മാനുഷിക സാധനങ്ങള്‍ക്കും ആളുകള്‍ക്കുമുള്ള ഏക കവാടമായ റഫ ക്രോസിംഗിന്റെ പലസ്തീന്‍ ഭാഗം ഇസ്രയേല്‍ സൈന്യം ഏറ്റെടുക്കാന്‍ പദ്ധതിയിട്ടതായി ആക്സിയോസ് വാര്‍ത്താ വെബ്സൈറ്റില്‍  പറയുന്നുണ്ട്. റഫയില്‍ ആക്രമണം നടത്തരുതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിക്കുകയും ചെയ്തതാണ്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി ഹമാസ് പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു നേതാക്കളുടെ ആഹ്വാനം. ഹമാസുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടുന്നത് ഗസയില്‍ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ജീവന്‍ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതായി ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞിരുന്നു.

റഫയില്‍ നിന്ന് അതിര്‍ത്തിക്കപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥനും പലസ്തീനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥനും മാധ്യമങ്ങളോട് സംസാരിക്കാന്‍ അധികാരമില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താതെയാണ് സംസാരിച്ചത്. കഴിഞ്ഞ ദിവസം റഫ ക്രോസിംഗിന് സമീപം ഹമാസ് പ്രവര്‍ത്തകര്‍ തെക്കന്‍ ഇസ്രയേലിലേക്ക് ബോംബാക്രമണം നടത്തിയിരുന്നു. ഇതില്‍ നാല് ഇസ്രയേല്‍ സൈനികരാണ് കൊല്ലപ്പെട്ടത്.

ഇതിന്റെ ബാക്കിയെന്നോണമാണ് റഫയില്‍ നടപടി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി പറയുന്നത്. റാഫയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം പലസ്തീനികളെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ഉത്തരവിട്ടിട്ടുണ്ട്. ഗസയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 1 ദശലക്ഷത്തിലധികം സാധാരണക്കാര്‍ യുദ്ധത്തില്‍ നിന്ന് അഭയം പ്രാപിച്ചിരിക്കുന്ന പ്രദേശമാണിത്. ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധത്തിന്റെ മറ്റ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി ഹമാസിനുമേല്‍ സൈനിക സമ്മര്‍ദം ചെലുത്തുന്നതിനായി ഇസ്രയേല്‍ റഫയില്‍ തങ്ങളുടെ പ്രവര്‍ത്തനം തുടരുമെന്നും നെതന്യാഹു പ്രസ്താവനയില്‍ പറയുന്നുണ്ട്.

 

hamas rafah border benjamin nethanyahu israel hamaswar gaza war israelwarnews israelpalestinewar