ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ വീണ്ടും ഇസ്രയേലിന്റെ ആക്രമണം.

ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ വീണ്ടും ഇസ്രയേലിന്റെ ആക്രമണം.ബസ്തയിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ആക്രമണത്തില്‍ വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

author-image
Rajesh T L
New Update
hizbulla

ബെയ്‌റൂട്ട് : ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ വീണ്ടും ഇസ്രയേലിന്റെ ആക്രമണം. ബസ്തയിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ആക്രമണത്തില്‍ വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ഉഗ്രശബ്ദത്തില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്.സ്ഫോടനങ്ങള്‍ തലസ്ഥാനത്തെ നടുക്കിയതായി ദൃക്സാക്ഷികള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണ നിരക്ക് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്.ആക്രമണത്തില്‍ പല കെട്ടിടങ്ങളും പൂര്‍ണമായും ഭാഗീകമായും തകര്‍ന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തകര്‍ന്ന കെട്ടിടങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ശനിയാഴ്ച പുലര്‍ച്ചെ ഒരു പാര്‍പ്പിട സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന എട്ടു നില കെട്ടിടം തകര്‍ന്നതായും ആക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്‌തെന്നും ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ലെബനനിലെ അല്‍ ജദീദ് സ്റ്റേഷന്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഒരു കെട്ടിടം  പൂര്‍ണമായും തകര്‍ന്നതായും സമീപത്തെ നിരവധി  കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായതായും കാണാം.

ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ പ്രാന്തപ്രദേശങ്ങളെ ലക്ഷ്യമാക്കിയായിരുന്നു  ഇസ്രയേലിന്റെ ഭൂരിഭാഗം സ്ട്രൈക്കുകളും. സെന്‍ട്രല്‍ ബെയ്റൂട്ടിനെ ലക്ഷ്യമാക്കി ഈ ആഴ്ച നടത്തുന്ന നാലാമത്തെ ഇസ്രായേലി വ്യോമാക്രമണമായാണിത്. ഇസ്രയേല്‍ റാസ് അല്‍നാബ്ബ ജില്ലയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന മാധ്യമ വക്താവ് കൊല്ലപ്പെട്ടിരുന്നു. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഹിസ്ബുള്ളയുടെ നിരവധി നേതാക്കളെയാണ് ഇസ്രായേല്‍ വധിച്ചത്.

ഗസയില്‍ ഇസ്രയേലിന്റെ അതിക്രമണത്തിന് തിരിച്ചടിയായാണ് ഹിസ്ബുള്ള ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങിയത്.ഇസ്രയേലും തിരിച്ചടിച്ചു. സെപ്തംബറില്‍ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ കനത്ത ആക്രമണങ്ങളാണ് നടത്തിയത്. ലെബനനിലും കര വ്യോമആക്രമണം നടത്തുകയാണ് ഇസ്രയേല്‍.

അതിനിടയില്‍, ലെബനനില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകും എന്ന റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നീട് ലെബനനില്‍ വെടിനിര്‍ത്തലില്‍ നിന്ന് പിന്മാറിയതായും അറിയിച്ചു.അതിനിടെ,തെക്കന്‍ ലബനന്‍ അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ ഹിസ്ബുല്ലയുമായി ഇസ്രയേല്‍ സൈന്യം രൂക്ഷയുദ്ധം തുടരുകയാണ്.

ബെയ്‌റൂട്ടിന്റെ വിവിധ മേഖലകളില്‍ വെള്ളിയാഴ്ചയും ബോംബാക്രമണമുണ്ടായി. അതിര്‍ത്തിയില്‍ നിന്ന് 6 കിലോമീറ്റര്‍ ഉള്ളിലുള്ള ഖിയം പട്ടണത്തിലാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.ഇവിടെ ഇസ്രയേല്‍ ആക്രമണത്തില്‍ ലബനന്‍ വൈദ്യസഹായസംഘത്തിലെ 5 പേര്‍ കൊല്ലപ്പെട്ടു. 

യുഎന്‍ സമാധാനസേനയുടെ ആസ്ഥാനമായ നഖൂറയിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചു.4 ഇറ്റാലിയന്‍ സൈനികര്‍ക്കു പരുക്കേറ്റതായി യുഎന്‍ അറിയിച്ചു.ബെയ്‌റൂട്ടിന്റെ കൂടുതല്‍ മേഖലകളില്‍ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം സമൂഹമാധ്യമം വഴി ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ലബനനിലും ഇസ്രയേലിലും കഴിഞ്ഞയാഴ്ച ചര്‍ച്ചയ്‌ക്കെത്തിയ യുഎസ് പ്രതിനിധി എമസ് ഹോക്‌സ്‌റ്റൈന്‍ എത്തിയിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ വിജയിച്ചില്ല. പിന്നാലെ ലബനനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി.

Lebanon-Israel border israel hizbulla conflict lebanon